മുംബൈ ഇന്ത്യൻസ് അവരുടെ ഇന്ത്യൻ പ്രീമിയർ ലീഗ് 15-ാം പതിപ്പിന്റെ പ്രചാരണത്തിന് ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത തുടക്കമാണ് കുറിച്ചിരിക്കുന്നത്. തുടർച്ചയായ 4 തോൽവികളോടെ അക്കൗണ്ട് തുറക്കാനാവാതെ മുംബൈ പോയിന്റ് പട്ടികയിൽ 9-ാം സ്ഥാനത്താണ്.
പരിചയസമ്പന്നരായ ബൗളർമാരുടെ അഭാവത്തിൽ ബൗളിംഗ് യൂണിറ്റ് ബുദ്ധിമുട്ടുമ്പോൾ അവരുടെ ബാറ്റ്സ്മാൻമാർക്ക് സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാനും കഴിയുന്നില്ല.രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ടീം ഈ സീസണിലെ തുടർച്ചയായ നാലാം തോൽവി ഏറ്റുവാങ്ങിയതിന് ശേഷം, ടീം ഉടമ നിത അംബാനി കളിക്കാർക്ക് പ്രചോദനം പകരുന്ന വാക്കുകളുമായി രംഗത്തെത്തി. നിത അംബാനി കളിക്കാരെ അഭിസംബോധന ചെയ്യുന്ന വീഡിയോ മുംബൈ ഇന്ത്യൻസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

“എനിക്ക് എല്ലാവരിലും പൂർണ്ണ വിശ്വാസമുണ്ട്. നമ്മൾ ഈ പ്രതിസന്ധി ഘട്ടം കടന്നുപോകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇനി നമ്മൾ മുന്നോട്ടും മുകളിലോട്ടും മാത്രമേ പോകുന്നുള്ളൂ. നമ്മൾ ഇത് കീഴടക്കുമെന്ന് സ്വയം വിശ്വസിക്കണം. നമ്മൾ ഇതിനുമുമ്പ് പലതവണ ഇതുവഴി കടന്നുപോയി, പിന്നീട് കപ്പ് നേടി, അതിനാൽ, നിങ്ങൾ പരസ്പരം ഒരുമിച്ചു നിൽക്കുകയാണെങ്കിൽ, നമ്മൾ ഇത് കീഴടക്കുമെന്ന് എനിക്ക് പൂർണ്ണ വിശ്വാസവുമുണ്ട്,” നിത അംബാനി പറയുന്നു.
“ഞാൻ നിങ്ങളെ ഉടൻ കാണും. അതുവരെ, നിങ്ങൾ ആഗ്രഹിക്കുന്നതെന്തും ഞങ്ങൾ നൽകും, എന്റെ പൂർണ്ണ പിന്തുണ ഉണ്ടാവും. ദയവായി പരസ്പരം വിശ്വസിക്കുക, നിങ്ങളിലുള്ള വിശ്വാസം നിലനിർത്തുക, ആത്മവിശ്വാസം കൈവിടാതിരിക്കുക, നിങ്ങളെ പിന്തുണയ്ക്കാൻ മുംബൈ ഇന്ത്യൻസ് എപ്പോഴും നിങ്ങളുടെ ഒപ്പം ഉണ്ട്,” നിത അംബാനി പറഞ്ഞു. ഡൽഹി ക്യാപിറ്റൽസ്, രാജസ്ഥാൻ റോയൽസ്, കോൽക്കത്ത നൈറ്റ് റൈഡേഴ്സ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ എന്നീ ടീമുകൾക്കെതിരെ പരാജയപ്പെട്ട മുംബൈ ഇന്ത്യൻസ്, ഏപ്രിൽ 13-ന് പഞ്ചാബ് കിംഗ്സിനെ നേരിടും.