അമ്പോ അമ്പമ്പോ വെടിക്കെട്ട് എന്ന് പറഞ്ഞാൽ ഇതാണ് ; തുടർച്ചയായ മത്സരങ്ങളിൽ അർദ്ധസെഞ്ച്വറി നേടി സുനിൽ നരയ്ൻ

ഐപിഎൽ 15-ാം സീസണ് തയ്യാറെടുക്കുന്ന കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന് (കെകെആർ) ശുഭപ്രതീക്ഷ നൽകി വിൻഡീസ് ഓൾറൗണ്ടർ സുനിൽ നരയ്ൻ. 2022 ഐപിഎൽ സീസണുള്ള താരലേലത്തിന് മുന്നേ, ഫ്രാഞ്ചൈസി നിലനിർത്തിയ താരങ്ങളിൽ ഒരാളാണ് നരയ്ൻ. ടി20 ക്രിക്കറ്റിലെ മികച്ച സ്പിന്നർമാരിൽ ഒരാളായ നരയ്ൻ, ഓപ്പണിങ് ബാറ്ററായി ഇറങ്ങി വെടിക്കെട്ട് പ്രകടനവും നടത്താറുണ്ട് എന്നതാണ് താരത്തെ മറ്റു ബൗളർമാരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.

നിലവിൽ ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ കൊമില്ല വിക്ടോറിയൻസിന്റെ താരമായ നരയ്ൻ, തുടർച്ചയായ മത്സരങ്ങളിൽ അർദ്ധസെഞ്ച്വറി നേടിയാണ് തന്റെ ബാറ്റിംഗ് മികവിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ല എന്ന് വ്യക്തമാക്കിയത്. ഇപ്പോൾ, നടന്നുകൊണ്ടിരിക്കുന്ന ബംഗ്ലാദേശ് പ്രീമിയർ ലീഗ് ഫൈനലിൽ ഫോർട്യൂൺ ബരിശാലിനെതിരെ വിക്ടോറിയൻസിന്റെ ഓപ്പണിങ് ബാറ്ററായി ഇറങ്ങിയ നരയ്ൻ, 23 പന്തിൽ 57 റൺസ് നേടി.

5 ഫോറും 5 സിക്സും സഹിതം 247.83 സ്ട്രൈക്ക് റേറ്റോടെ ആയിരുന്നു വിൻഡീസ് താരത്തിന്റെ ബാറ്റിംഗ് പ്രകടനം. നേരത്തെ, ബിപിഎൽ ക്വാളിഫൈർ 2 മത്സരത്തിൽ ചാറ്റോഗ്രാം ചലഞ്ചേഴ്സിനെതിരെയും നരയ്ൻ അർദ്ധസെഞ്ച്വറി നേടിയിരുന്നു. അന്ന് 13 പന്തിൽ അർദ്ധസെഞ്ച്വറി തികച്ച നരയ്ൻ, ടി20 ഫോർമാറ്റിൽ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ച്വറി നേട്ടക്കാരനായിരുന്നു. മത്സരത്തിൽ, 16 പന്തിൽ 5 ഫോറും 6 സിക്സും സഹിതം 356.25 സ്ട്രൈക്ക് റേറ്റോടെ 57 റൺസാണ് വിക്ടോറിയൻസ്‌ താരം നേടിയത്.

നിലവിൽ പുരോഗമിക്കുന്ന ബിപിഎൽ ഫൈനലിൽ, ടോസ് ലഭിച്ച് ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത കൊമില്ല വിക്ടോറിയൻസ്‌, സുനിൽ നരയ്ന്റെ ബാറ്റിംഗ് കരുത്തിൽ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 151 റൺസ് നേടി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഫോർട്യൂൺ ബരിശാൽ 14 ഓവർ പിന്നിടുമ്പോൾ 114/3 എന്ന നിലയിൽ ബാറ്റിംഗ് തുടരുകയാണ്.