ജൂനിയർ ഇതിഹാസത്തിന്റെ പിറവി ;അച്ഛൻ ബോളിങ്ങിൽ നിറഞ്ഞാടി, മകൻ ബാറ്റിംഗിൽ അത്ഭുതമാകുന്നു

ലോകക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച സ്പിന്നർമാരിൽ ഒരാളാണ് ലങ്കയുടെ ഇതിഹാസം മുത്തയ്യ മുരളീധരൻ. തന്റെ കൃത്യതയും സ്ഥിരതയും കൊണ്ട് ലോകക്രിക്കറ്റിൽ അഴിഞ്ഞാടിയ മുരളീധരൻ ഇപ്പോഴും പലർക്കും സ്വപ്നം കാണാൻ പോലും സാധിക്കാത്ത റെക്കോർഡുകളുടെ അധിപനാണ്. ലോകോത്തര നിലവാരമുള്ള ഇതിഹാസ ബാറ്റർമാരിൽ പലരും മുരളിയുടെ സ്പിന്നിന് മുമ്പിൽ വിറച്ചു വീണിട്ടുണ്ട്. അദ്ദേഹത്തെപ്പോലെ മറ്റൊരു സ്പിന്നറെ കണ്ടെത്തുക എന്നത് വളരെ ശ്രമകരമായ കാര്യമാണ്.

എന്നാൽ ഇപ്പോൾ വീണ്ടും വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ് മുത്തയ്യ മുരളീധരൻ. തന്റെ മകന്റെ ഉഗ്രൻ ബാറ്റിംഗ് പ്രകടനത്തിന്റെ പേരിലാണ് ഇത്തവണ മുരളി താരമായിരിക്കുന്നത്.മുരളീധരന് ബാറ്റിംഗ് വശമില്ലെങ്കിലും, ചെറുപ്പത്തിൽ തന്നെ ബാറ്റ് കൊണ്ട് അത്ഭുതം കാണിച്ചിരിക്കുകയാണ് ജൂനിയർ മുരളീധരൻ. ശ്രീലങ്കയിലെ അണ്ടർ 19 ടൂർണമെന്റിൽ പതിനാറുകാരനായ നരൻ മുരളീധരൻ ഒരു വെടിക്കെട്ട് സെഞ്ചുറി തന്നെയാണ് നേടിയിരിക്കുന്നത്. സെന്റ് ജോസഫ് കോളേജും ആനന്ദ കോളേജും തമ്മിൽ നടന്ന മത്സരത്തിലായിരുന്നു നരന്റെ ഈ തകർപ്പൻ സെഞ്ചുറി.

മത്സരത്തിൽ സെന്റ് ജോസഫ് കോളേജിനു വേണ്ടി 171 പന്തുകളിൽ 131 റൺസാണ് നരൻ മുരളീധരൻ നേടിയത്. ഇന്നിംഗ്സിൽ 16 ബൗണ്ടറികളും ഒരു പടുകൂറ്റൻ സിക്സറും ഉൾപ്പെട്ടു. നാലാം നമ്പർ ബാറ്ററായാണ് ജൂനിയർ മുരളീധരൻ ക്രീസിലെത്തിയത്. അണ്ടർ 19 ക്രിക്കറ്റിലെ തന്റെ രണ്ടാം മത്സരം മാത്രമായിരുന്നു മുരളീധരൻ കളിച്ചത്. അതിൽ നേടിയ സെഞ്ച്വറി വളരെയധികം ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

മുത്തയ്യ മുരളീധരനെപോലെ തന്നെ നരൻ മുരളീധരനും ഒരു സ്പിന്നറാണ്. ഒരു ലെഗ് സ്പിന്നർ ആണെന്ന് മാത്രം. എന്തായാലും ശ്രീലങ്കൻ ക്രിക്കറ്റിന് ഒരു വലിയ സന്തോഷം നൽകുന്ന വാർത്ത തന്നെയാണ് ഇത്. തന്റെ പിതാവ് ലോക ക്രിക്കറ്റിന് സമ്മാനിച്ച സുവർണ്ണ നിമിഷങ്ങൾ, തനിക്കും സൃഷ്ടിക്കാൻ സാധിക്കും എന്ന പ്രതീക്ഷയിൽ തന്നെയാണ് കൊച്ചുമുരളീധരൻ.

Rate this post