ഇത് ഹൈ പ്രെഷർ മാച്ച് തന്നെ : പക്ഷേ ഞങ്ങൾ അതാണ്‌ പറയുന്നത് : അഭിപ്രായം വിശദമാക്കി ക്യാപ്റ്റൻ രോഹിത് ശർമ്മ

ഇന്ത്യ പാക്കിസ്ഥാൻ മത്സരങ്ങൾ എല്ലാക്കാലത്തും വളരെ സമ്മർദ്ദമേറിയതാണെന്ന് വ്യക്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമ. കളിക്കളത്തിനുപുറത്തെ ബഹളങ്ങൾകൊണ്ടുതന്നെ മത്സരാന്തരീക്ഷം കൊഴുക്കുന്നു. ആവേശം ഒട്ടും കുറയാതെ ഇരു ടീമിന്റെയും ആരാധകർ ഒപ്പത്തിനൊപ്പം നിൽക്കുമ്പോൾ ഗ്രൗണ്ടിൽ നിൽക്കുന്ന താരങ്ങളും മികച്ച പ്രകടനം കാഴ്ചവെക്കാൻ നിർബന്ധിതരാകും.

ഇരു രാജ്യങ്ങളും തമ്മിലുള്ള സാഹചര്യങ്ങൾ മാറ്റമില്ലാതെ തുടർന്നുകൊണ്ടിരിക്കുമ്പോൾ ദ്വിരാഷ്ട്ര പരമ്പരകൾ തീരെ നടക്കുന്നില്ല. അതുകൊണ്ടുതന്നെ ഐസിസി ചാമ്പ്യൻഷിപ്പുകൾ, ഏഷ്യ കപ്പ് ടൂർണമെന്റ് എന്നിവയിൽ മാത്രമാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. വളരെ കാലത്തിനു ശേഷം നടക്കുന്ന മത്സരങ്ങൾ അതുകൊണ്ട് ഹൈ വോൾട്ടേജ് ആയിരിക്കും. ആരാധകർക്ക് ഇന്ത്യ പാക്കിസ്ഥാൻ മത്സരങ്ങൾ എല്ലാക്കാലത്തും ആവേശമാണ്.

എങ്കിലും ആ സമ്മർദ്ദത്തെ എങ്ങനെ അതിജീവിക്കാം എന്ന് താരങ്ങൾക്ക് പറഞ്ഞുകൊടുക്കാനാണ് ഞാനും കോച്ച് രാഹുൽ ദ്രാവിഡും ശ്രമിക്കുന്നത്. മത്സരത്തിന് ഉണ്ടാകുന്ന ഹൈപ് ഡ്രസ്സിംഗ് റൂമിൽ മാത്രമായി ചുരുക്കി ഇത് മറ്റൊരു സാധാരണ മത്സരം പോലെ എടുക്കണമെന്നും താരങ്ങളോട് നിർദ്ദേശിക്കുന്നു. എല്ലാവരും ആകാംഷയോടെ കാത്തിരിക്കുന്ന ഒരു മത്സരമാണിത്. ഒരു സാധാരണ മത്സരം കളിക്കുന്ന ലാഘവത്തോടെ ഇതും എടുക്കുകയാണെങ്കിൽ തീർച്ചയായും നന്നായി കളിക്കാൻ സാധിക്കുമെന്നും സ്റ്റാർ സ്പോർട്സ് അഭിമുഖത്തിൽ രോഹിത് ശർമ പറഞ്ഞു.

ഓഗസ്റ്റ് 28 നാണു ഏഷ്യ കപ്പിലെ ഇന്ത്യ പാക്കിസ്ഥാൻ പോരാട്ടം. ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് യോഗ്യത നേടുന്ന നാല് ടീമുകൾ പങ്കെടുക്കുന്ന സൂപ്പർ ഫോർ ഘട്ടത്തിലും വീണ്ടും ഒരിക്കൽ കൂടി ഇന്ത്യ പാക്കിസ്ഥാൻ പോരാട്ടം ഉണ്ടാകും. ഇരുടീമുകളും ഫൈനലിൽ എത്തിയാൽ ഒരേ ടൂർണമെന്റിൽ മൂന്ന് തവണ ഏറ്റുമുട്ടുന്നത് കാണാൻ ആരാധകർക്ക് ഭാഗ്യമുണ്ടാകും. ഇതിന് മുൻപ് ഇരുടീമുകളും ഏറ്റുമുട്ടിയത് കഴിഞ്ഞ വർഷത്തെ ട്വന്റി ട്വന്റി ലോകകപ്പിൽ വച്ചായിരുന്നു. മത്സരത്തിൽ പത്ത് വിക്കറ്റിന് വിജയിച്ചത് പാക്കിസ്ഥാൻ ആയിരുന്നു.