സച്ചിൻ പാജി നൽകിയ ഉപദേശം എനിക്ക് വിക്കറ്റ് നൽകി : വെളിപ്പെടുത്തി മുരുഗൻ അശ്വിൻ

മുൻ സീസണുകളിൽ വ്യത്യസ്ത ഐപിഎൽ ഫ്രാഞ്ചൈസികളുടെ ഭാഗമായ താരമാണ് തമിഴ്നാട് സ്പിന്നർ മുരുകൻ അശ്വിൻ. എന്നാൽ, മുൻ സീസണിൽ ഒന്നും ഗംഭീര പ്രകടനങ്ങൾ കൊണ്ട് തിളങ്ങാനാകാത്ത താരം കൂടിയാണ് അദ്ദേഹം. പക്ഷെ, ഐപിഎൽ 2022 സീസണിൽ തന്റെ പുതിയ ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യൻസിന്റെ ഓപ്പണിങ് മത്സരത്തിൽ ഗംഭീര പ്രകടനം പുറത്തെടുത്ത് ശ്രദ്ധേയനായിരിക്കുകയാണ് മുരുകൻ അശ്വിൻ.

ഡൽഹി ക്യാപിറ്റൽസിനെതിരെ നടന്ന മത്സരത്തിൽ, മുംബൈക്ക് വേണ്ടി 4 ഓവറിൽ 14 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റ് ആണ് മുരുകൻ അശ്വിൻ നേടിയത്. ക്യാപിറ്റൽസ് ഓപ്പണർ ടിം സെയ്ഫർട് (21), മന്ദീപ് സിംഗ് (0) എന്നിവരുടെ വിക്കറ്റുകളാണ് മുംബൈ ഇന്ത്യൻസ് സ്പിന്നർ വീഴ്ത്തിയത്. തന്റെ പ്രകടനത്തിന് പിന്നിൽ മത്സരത്തിന് തൊട്ടുമുമ്പ് സച്ചിൻ ടെണ്ടുൽക്കർ നൽകിയ ടിപ്പുകളാണ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുരുകൻ അശ്വിൻ.

“മുംബൈക്ക് വേണ്ടി കളിക്കാൻ കഴിഞ്ഞതിൽ ഞാൻ വളരെ സന്തോഷവാനാണ്. ഞാൻ അവരുടെ വലിയ ആരാധകനായിരുന്നു. സച്ചിൻ സാറിൽ നിന്ന് ഒരു ക്യാപ് വാങ്ങുക എന്നത് ഞാൻ ഒരിക്കലും സ്വപ്നം കാണാത്ത കാര്യമായിരുന്നു. എനിക്ക് അദ്ദേഹവുമായി ഇടപഴകാൻ അവസരം ലഭിച്ചു, പിച്ചിൽ കുറച്ച് സമയം അദ്ദേഹവുമായി ചിലവഴിച്ചു, സിസിഐയെയും ബ്രാബോണിന്റെ പിച്ചിനെയും കുറിച്ച് അദ്ദേഹത്തോട് ചോദിച്ചു, കാരണം ഞാൻ ഇവിടെ ഇതിന് മുമ്പ് ഒരു മത്സരം പോലും കളിച്ചിട്ടില്ല. എനിക്ക് ഗുണകരമായ നിരവധി ഇൻപുട്ടുകൾ അദ്ദേഹം എനിക്ക് നൽകി,” മുരുകൻ അശ്വിൻ മത്സരത്തിന് ശേഷം പറഞ്ഞു.

“ഒരു ബൗളിംഗ് യൂണിറ്റ് എന്ന നിലയിൽ, ഞങ്ങൾ ആദ്യ മത്സരത്തിൽ വളരെ മികച്ചതായി കാണപ്പെട്ടു. അവസാന ഓവറുകളിൽ വന്ന പിഴവുകൾ ഞങ്ങൾ തിരുത്തും. കുറച്ച് കൂടുതൽ ബൗണ്ടറി ബോളുകൾ ഞങ്ങൾ വിട്ടുകൊടുത്തു, പക്ഷേ ഞങ്ങൾ വീണ്ടും സംഘടിച്ച് ശക്തമായി തിരിച്ചുവരും. ഞങ്ങൾ സമ്മർദത്തിന് വഴങ്ങിയതായി ഞാൻ കരുതുന്നില്ല, ഞങ്ങൾക്ക് പരിചയസമ്പന്നരായ ബൗളർമാർ ഉണ്ട്, ഞങ്ങൾ മടങ്ങിവരും,” 31 കാരനായ ലെഗ് സ്പിന്നർ പറഞ്ഞു.