മുരളി വിജയിയും കാണികളും തമ്മിൽ കൂ ട്ട യടി ; വീഡിയോ കാണാം

ഇന്ത്യയുടെ വെറ്ററൻ ഓപ്പണർ മുരളി വിജയ്, ചെറിയൊരു ഇടവേളക്ക് ശേഷം ഇപ്പോൾ സമാപിച്ച തമിഴ്‌നാട് പ്രീമിയർ ലീഗിന്റെ (TNPL) 2022 എഡിഷനിലൂടെ ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. 61 ടെസ്റ്റുകളിലും 17 ഏകദിനങ്ങളിലും 9 ടി20കളിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള ബാറ്ററാണ് മുരളി വിജയ്. തമിഴ്‌നാട് പ്രീമിയർ ലീഗ് മത്സരത്തിനിടെ മുരളി വിജയ് കാണികളുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ മുരളി വിജയിയെ പിടിച്ചു മാറ്റുകയും ചെയ്യുന്ന ഒരു വീഡിയോ ഇപ്പോൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്.

റൂബി ട്രിച്ചി വാരിയേഴ്‌സും മധുരൈ പാന്തറും തമ്മിലുള്ള മത്സരത്തിനിടെ, ബൗണ്ടറി ലൈനിന് സമീപത്ത് ഫീൽഡ് ചെയ്തിരുന്ന വിജയിയെ പരിഹസിച്ച് ആരാധകർ “ഡികെ, ഡികെ” എന്ന് വിളിക്കാൻ തുടങ്ങിയപ്പോഴാണ്, മുരളി വിജയ് പ്രകോപിതനായത്. കാണികൾ “ഡികെ, ഡികെ” എന്ന് വിളിച്ചപ്പോൾ, ആദ്യം അത് നിരസിച്ച വിജയ്, പിന്നീട് കൂപ്പുകൈകളാൽ കാണികളോട് ശാന്തരാകാൻ ആവശ്യപ്പെട്ടു. എന്നാൽ, കാണികൾ അവരുടെ ആരവങ്ങൾ കൂടുതൽ ഉച്ചത്തിലാക്കുകയാണ് ചെയ്തത്.

ഇന്റർനെറ്റിൽ പ്രചരിക്കുന്ന മറ്റൊരു വൈറൽ വീഡിയോയിൽ, വിജയ് പരസ്യ ബാനറുകൾ മറികടക്കുന്നതും ആരാധകരുമായി വാക്കേറ്റത്തിൽ ഏർപ്പെടുന്നതും കാണാം. സെക്യൂരിറ്റി ഇടപെട്ടില്ലായിരുന്നുവെങ്കിൽ സ്റ്റേഡിയത്തിൽ കാര്യങ്ങൾ കൂടുതൽ വഷളാകുമായിരുന്നു. കാണികളിൽ ഒരാൾ വിജയ്‌ക്ക് നേരെ ഓടുന്നത് കണമെങ്കിലും, സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ ജനക്കൂട്ടത്തെ പിരിച്ചുവിട്ടു. വിജയിയെ സുരക്ഷ ഉദ്യോഗസ്ഥൻ മൈതാനത്തേക്ക് തിരിച്ചയക്കുകയും ചെയ്തു.

2018-ൽ പെർത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന ടെസ്റ്റിൽ ആണ് വിജയ് ഇന്ത്യക്കായി അവസാനമായി കളിച്ചത്. ചെന്നൈ സൂപ്പർ കിംഗ്‌സിനായി അദ്ദേഹം അവസാനമായി കളിച്ചത് 2020 എഡിഷനിലായിരുന്നു, പിന്നീട് അദ്ദേഹം ആഭ്യന്തര ലീഗുകളിൽ പോലും കളിച്ചിരുന്നില്ല. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്നതെന്നും, ഇനി ഒരുപാട് കാലം ക്രിക്കറ്റിൽ തുടരാൻ താല്പര്യമുണ്ട് എന്നും വിജയ് തിരിച്ചുവന്നതിന് ശേഷം പറഞ്ഞിരുന്നു.