പുതിയ കരിയർ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ ബാറ്റർ മുരളി വിജയ്

ഇന്ത്യൻ ടെസ്റ്റ്‌ ക്രിക്കറ്റ്‌ ടീമിന്റെ ഒരുകാലത്തെ ഏറ്റവും മികച്ച ഓപ്പണർ ആയിരുന്ന മുരളി വിജയ് ക്രിക്കറ്റിൽ നിന്ന് ഇടവേള എടുത്ത് മറ്റൊരു കായിക ഇനത്തിൽ മത്സരിക്കാൻ ഒരുങ്ങുന്നു. 2008-ലാണ് മുരളി വിജയ് ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിക്കുന്നത്. നാല് വർഷം മുൻപാണ് വിജയ് അവസാനമായി ഇന്ത്യൻ ജേഴ്സിയിൽ കളിച്ചത്. തുടർന്ന്, ഐപിഎൽ ഉൾപ്പടെയുള്ള ആഭ്യന്തര മത്സരങ്ങളിൽ മുരളി വിജയ് സജീവമായിരുന്നു.

എന്നാൽ, 2020-ൽ വിജയ് ക്രിക്കറ്റിൽ നിന്ന് വ്യക്തിപരമായ കാരണങ്ങളാൽ ചെറിയൊരു ഇടവേള എടുക്കുകയാണ് എന്ന് അറിയിച്ച് ക്രിക്കറ്റിൽ നിന്ന് പൂർണ്ണമായി മാറി നിന്നിരുന്നു. ശേഷം, ഈ വർഷം നടന്ന തമിഴ്നാട് പ്രീമിയർ ലീഗിലൂടെയാണ് മുരളി വീണ്ടും ക്രിക്കറ്റ്‌ മൈതാനത്തേക്ക് തിരിച്ചെത്തിയത്. താൻ ഇനി ക്രിക്കറ്റിൽ സജീവമായി ഉണ്ടാകും എന്നും തമിഴ്നാട് പ്രീമിയർ ലീഗിന് ശേഷം മുരളി വിജയ് പറഞ്ഞിരുന്നു.

എന്നാൽ, 38-കാരനായ മുരളി വിജയുടെ ഭാഗത്ത് നിന്ന് ഇപ്പോൾ ഒരു അപ്രതീക്ഷിതമായ നീക്കമാണ് ഉണ്ടായിരിക്കുന്നത്. ക്രിക്കറ്റിന് താൽക്കാലിക അവധി നൽകി, ഗോൾഫ് കളിക്കാനാണ് വിജയ് തയ്യാറെടുക്കുന്നത്. നന്ദനം ഗോൾഫ് കോഴ്സിൽ ആരംഭിച്ച ചെന്നൈ ഓപ്പൺ ഗോൾഫിന്റെ അമച്ച്വർ വിഭാഗത്തിലാണ് മുരളി വിജയ് മത്സരിക്കുന്നത്. നാല് വർഷത്തിന് ശേഷമാണ് പ്രൊഫഷണൽ ഗോൾഫ് ടൂർ ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന ഒരു ടൂർണമെന്റ് ചെന്നൈയിൽ നടക്കുന്നത്.

മുരളി വിജയ്ക്കൊപ്പം, മുൻ ഇന്ത്യൻ ക്രിക്കറ്റർ കൃഷ്ണമാചാരി ശ്രീകാന്തിന്റെ മകൻ അനിരുദ്ധ ശ്രീകാന്തും ചെന്നൈ ഓപ്പൺ ഗോൾഫിൽ പങ്കെടുക്കുന്നുണ്ട്. നിലവിലെ ചെന്നൈ ഓപ്പൺ ഗോൾഫ് ചാമ്പ്യനായ ശ്രീലങ്കൻ താരം മിഥുൻ പെരേര, ഇന്ത്യൻ താരങ്ങളായ അമൻ രാജ്, കലിൻ ജോഷി, ഷമീം ഖാൻ തുടങ്ങിയ പ്രമുഖ ഗോൾഫ് താരങ്ങൾ ഉൾപ്പെടെ 126 കളിക്കാർ ചെന്നൈ ഓപ്പൺ ഗോൾഫിൽ പങ്കെടുക്കുന്നുണ്ട്.

Rate this post