ഒരുകാലത്ത് ഇന്ത്യയുടെ ഏറ്റവും വേഗമേറിയ ബൗളർ ; എന്നാൽ മുനാഫ് പട്ടേലിന്റെ കരിയറിൽ പിന്നീടെന്ത് സംഭവിച്ചു

ഉയരക്കൂടുതലും വേഗതയും, ഈ രണ്ട് ഘടകങ്ങളാണ് ഇന്ത്യൻ ക്രിക്കറ്റ്‌ കണ്ട ഏറ്റവും വേഗതയേറിയ ബൗളർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന മുനാഫ് പട്ടേൽ എന്ന ഫാസ്റ്റ് ബൗളർക്ക്, ഇന്ത്യൻ കുപ്പായത്തിൽ അരങ്ങേറ്റം കുറിക്കാൻ തുണയായത്. ഗുജറാത്തിലെ ഇഖാറിൽ ജനിച്ച മുനാഫ് പട്ടേൽ, 2003-ലാണ് ആഭ്യന്തര ക്രിക്കറ്റിലൂടെ ക്രിക്കറ്റ്‌ ലോകത്ത് അരങ്ങേറ്റം കുറിക്കുന്നത്.

തുടർന്ന്, ഇന്ത്യൻ ടീമിന്റെ നെറ്റ് ബോളറായി തിരഞ്ഞെടുക്കപ്പെട്ട മുനാഫ് പട്ടേലിന്റെ നെറ്റ്‌സിലെ പ്രകടനം ശ്രദ്ധയിൽപ്പെട്ട, അന്നത്തെ സെലക്ടർമാരുടെ ചെയർമാനായിരുന്ന കിരൺ മോറെ, മുനാഫ് പട്ടേലിനെ ചെന്നൈയിലെ എംആർഎഫ് പേസ് ഫൗണ്ടേഷനിൽ ഡെന്നിസ് ലില്ലിയുടെയും ടിഎ ശേഖറിന്റെയും കീഴിൽ പരിശീലനത്തിനായി അയച്ചു. ഗുജറാത്തും ബറോഡയും മുനാഫ് പട്ടേലിൽ താൽപ്പര്യം കാണിച്ചെങ്കിലും, സച്ചിൻ ടെണ്ടുൽക്കറോടുള്ള ഇഷ്ടം കാരണം അദ്ദേഹം മുംബൈ തിരഞ്ഞെടുത്തു.

എന്നാൽ, പരിക്കുകൾ അദ്ദേഹത്തിന്റെ സുഗമമായി മുന്നോട്ട് നീങ്ങിയിരുന്ന കരിയറിൽ തടസ്സങ്ങൾ സൃഷ്ടിക്കാൻ ആരംഭിച്ചു. എന്നിരുന്നാലും, 2006-ൽ മൊഹാലിയിൽ നടന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്‌ മത്സരത്തിലൂടെ മുനാഫ് പട്ടേൽ തന്റെ ദേശീയ അരങ്ങേറ്റം കുറിച്ചു. മാത്രമല്ല, അരങ്ങേറ്റ ടെസ്റ്റ്‌ മത്സരത്തിൽ 97 റൺസിന് 7 വിക്കറ്റ് വീഴ്ത്തി, ഇന്ത്യൻ പേസ് ബൗളിംഗ് ഡിപ്പാർട്മെന്റിൽ ഒരു പുതിയ താരത്തിന്റെ വരവ് അറിയിച്ചു. തുടർന്ന് നടന്ന വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ്‌ പരമ്പരയിൽ, തുടർച്ചയായി 140 കി.മി വേഗതയിൽ പന്തെറിഞ്ഞ മുനാഫ് പട്ടേലിനെ, ആ സമയത്തെ ഇന്ത്യയുടെ ഏറ്റവും വേഗമേറിയ ബൗളറായി കണക്കാക്കി.

എന്നാൽ ഇന്ത്യയിലെ എല്ലാ ഫാസ്റ്റ് ബൗളർമാരെയും പോലെ, പരിക്കും അച്ചടക്കമില്ലായ്മയും അലസമായ മനോഭാവവും മുനാഫ് പട്ടേലിനെയും വശത്താക്കി. കൂടാതെ, പുതിയ ഫാസ്റ്റ് ബൗളർമാർ ദേശീയ ടീമിൽ എത്തിയതോടെ മുനാഫിന് തന്റെ ടീമിലെ സ്ഥാനവും നഷ്ടമായി. തുടർന്ന്, സഹീർ ഖാനും ശ്രീശാന്തിനും പരിക്കേറ്റതിനാൽ, 2010 ലെ ശ്രീലങ്കൻ പര്യടനത്തിനായി മുനാഫിനെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവിളിക്കുകയും സ്ഥിരതയാർന്ന പ്രകടനത്തിലൂടെ ഏകദിന ടീമിൽ അദ്ദേഹം തന്റെ സ്ഥാനം സ്ഥിരപ്പെടുത്തുകയും ചെയ്തു. 2011-ൽ ഇന്ത്യയുടെ ലോകകപ്പ് വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ച മുനാഫ് പട്ടേൽ, 2018-ലാണ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നത്.