പിഴച്ചത് സഞ്ജുവിന് അശ്വിനെ എന്തിന് ഇറക്കി 😱😱വിമർശനവുമായി മുൻ താരം

വ്യാഴാഴ്ച്ച മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ 193 റൺസ് ചേസിംഗിൽ രവിചന്ദ്രൻ അശ്വിനെ മൂന്നാം നമ്പറിൽ ഇറക്കിയ രാജസ്ഥാൻ റോയൽസിന്റെ തീരുമാനത്തെ മുൻ ഇന്ത്യൻ ക്രിക്കറ്റർ സഞ്ജയ് മഞ്ജരേക്കറും മുൻ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ബെൻ കട്ടിംഗും വിമർശിച്ചു. ദേവ്ദത്ത് പടിക്കലിനെ ഗോൾഡൻ ഡക്കിന് നഷ്ടമായതോടെയാണ് ക്യാപ്റ്റൻ സഞ്ജു സാംസണ് പകരം അശ്വിൻ ബാറ്റിംഗിന് ഇറങ്ങിയത്.

ഈ നീക്കത്തെ ‘പരിഹാസ്യവും വിചിത്രവും’ എന്ന് മഞ്ജരേക്കർ വിശേഷിപ്പിച്ചു. മറുവശത്ത് ജോസ് ബട്ട്‌ലർ തകർപ്പൻ തുടക്കമിട്ടതും ആർആർ ഡഗൗട്ടിൽ സാംസണെപ്പോലെ ഒരാൾ ഉണ്ടായിരുന്നു എന്നതുമാണ് മുൻ ഇന്ത്യൻ താരത്തെ അത്ഭുതപ്പെടുത്തിയത്. “പ്രത്യേകിച്ച് സാംസൺ അടുത്തതായി ബാറ്റ് ചെയ്യാൻ ഇരിക്കുമ്പോൾ, സാംസണെ മൂന്നാം നമ്പറിൽ ഇറക്കാമായിരുന്നു. ബറ്റ്ലർ ഒരുവശത്ത് മികച്ച രീതിയിൽ ബാറ്റ് വീശുമ്പോൾ, സാംസൺ കൂടി വരുമ്പോൾ ആ കൂട്ടുകെട്ട് മികച്ചതാകുമായിരുന്നു,” മഞ്ജരേക്കർ പറഞ്ഞു.

ഇന്നിംഗ്സിന്റെ മൂന്നാം ഓവറിൽ ക്രീസിലെത്തിയ അശ്വിന് 8 പന്തിൽ 8 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഇത്തരമൊരു നീക്കത്തിന്റെ ആവശ്യമില്ലായിരുന്നു എന്നും ലക്ഷ്യം പിന്തുടരുന്നതിൽ റോയൽസിന് ആത്മവിശ്വാസമില്ലെന്ന സന്ദേശമാണ് ഇതിലൂടെ എതിരാളികൾക്ക് നൽകിയതെന്നും മഞ്ജരേക്കർ പറഞ്ഞു. ലോകമെമ്പാടുമുള്ള ഫ്രാഞ്ചൈസി ടി20 ലീഗുകളിൽ സജീവമായി കളിക്കുന്ന ഓസ്ട്രേലിയൻ ഓൾറൗണ്ടർ ബെൻ കട്ടിംഗും രാജസ്ഥാൻ റോയൽസിന്റെ തീരുമാനത്തിനെതിരെ രംഗത്തെത്തി.

അശ്വിനെ മൂന്നാം നമ്പറിൽ അയച്ച തീരുമാനം തന്നെ ആശ്ചര്യപ്പെടുത്തി എന്ന് ബെൻ കട്ടിംഗ് പറഞ്ഞു. “ആ നീക്കം കണ്ടപ്പോൾ ഞാനും ആശ്ചര്യപ്പെട്ടു. അവർ പെട്ടെന്ന് കൂടുതൽ റൺസ് സ്കോർ ചെയ്യാൻ നോക്കുകയായിരുന്നു വേണ്ടത്, എന്നാൽ ആ നീക്കത്തിന്റെ പിന്നിലെ ആശയം എന്താണെന്ന് എനിക്ക് മനസ്സിലായില്ല. അവരുടെ ടീമിൽ മികച്ച കളി പുറത്തെടുക്കാൻ കഴിയുന്ന മറ്റ് ആളുകൾ ഉണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്, ഈ സാഹചര്യത്തിൽ ആ തീരുമാനം എന്തിന് വേണ്ടി ആയിരുന്നു എന്ന് എനിക്ക് അറിയില്ല,” കട്ടിംഗ് പറഞ്ഞു

Rate this post