മൂന്നാം ടെസ്റ്റ്‌ ഇന്ത്യ നേടും : വമ്പൻ പ്രവചനവുമായി മുൻ താരം

ഇന്ത്യ : സൗത്താഫ്രിക്ക മൂന്നാം ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരത്തിനായി ആകാംക്ഷപൂർവ്വം കാത്തിരിക്കുകയാണ് ക്രിക്കറ്റ്‌ ലോകം. ഒന്നാം ടെസ്റ്റിൽ ഐതിഹാസിക ജയം സ്വന്തമാക്കിയ ടീം ഇന്ത്യക്ക് രണ്ടാം ടെസ്റ്റിൽ സൗത്താഫ്രിക്കക്ക്‌ മുൻപിൽ അടി പതറി. കേപ്ടൗൺ ടെസ്റ്റിൽ ജയിച്ചാൽ ചരിത്ര പരമ്പര നേട്ടമാണ് ഇന്ത്യക്ക് കരസ്ഥമാക്കാൻ സാധിക്കുക.

കേപ്ടൗൺ ടെസ്റ്റിൽ സൗത്താഫ്രിക്കയെ നേരിടാൻ ഇറങ്ങുമ്പോൾ ടീം ഇന്ത്യക്ക് ഏറ്റവും അധികം ആശങ്കയായി മാറുന്നത് ബാറ്റിംഗ് നിരയുടെ മോശം പ്രകടനങ്ങൾ തന്നെയാണ്. രണ്ടാം ടെസ്റ്റിൽ പരിക്ക് കാരണം കളിക്കാതിരുന്ന വിരാട് കോഹ്ലി കേപ്ടൗണിൽ എത്തുന്നത് ടീം ഇന്ത്യക്ക് ആശ്വാസമാകുമ്പോൾ രണ്ടാം ടെസ്റ്റിലെ സൂപ്പർ ജയം സൗത്താഫ്രിക്കക്ക്‌ നൽകുന്ന ആത്മവിശ്വാസം വലുതാണ്. എന്നാൽ ഇന്ന് ആരംഭം കുറിക്കുന്ന കേപ്ടൗൺ ടെസ്റ്റിൽ വിരാട് കോഹ്ലിയുടെയും സംഘത്തിന്റെയും ജയം ഉറപ്പാണെന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്.

ഇന്ത്യൻ ഫാസ്റ്റ് ബൗളിംഗ് നിരയെ വാനോളം പുകഴ്ത്തിയ ഹർഭജൻ സിങ് ഇത്തവണത്തെ ഈ ടീം സൗത്താഫ്രിക്കൻ മണ്ണിൽ ചരിത്രം സൃഷ്ടിക്കുമെന്നതും പ്രവചിച്ചു.” ഉറപ്പായും മൂന്നാം ടെസ്റ്റിൽ ജയിക്കാൻ വിരാട് കോഹ്ലിക്കും ടീമിനും സാധിക്കും. നമ്മുടെ പക്കൽ ആരും ആഗ്രഹിക്കുന്ന ഫാസ്റ്റ് ബൗളിംഗ് നിരയുണ്ട്. ഒപ്പം ഇത്തവണ ചരിത്ര നേട്ടം സ്വന്തമാക്കാൻ ടീം ഇന്ത്യക്ക് സാധിക്കുമെന്നാണ് വിശ്വാസം. ഇപ്പോൾ നേടിയില്ലേൽ പിന്നെ പ്രയാസമാണ്. മുൻപ് ഒരിക്കലും ഒരു വിദേശ പര്യടനത്തിലും ടീം ഇന്ത്യയുടെ സ്‌ക്വാഡിൽ 145+കിലോമീറ്ററിൽ വേഗതയിൽ പന്തെറിയുന്ന ബൗളർമാർ ഉണ്ടായിരുന്നില്ല. “ഭാജി നിരീക്ഷണം വിശദമാക്കി.

” നമ്മുടെ ടീമിൽ എതിരാളികളെ വീഴ്ത്താൻ കഴിവുള്ള പേസർമാരുണ്ട്. ഷമി, ബുംറ, ഉമേഷ്‌ യാദവ്, സിറാജ്, ഇഷാന്ത് ശർമ്മ, താക്കൂർ എന്നിവർ ബൗളിംഗ് നിരയുടെ കരുത്താണ്.അതിനാൽ തന്നെ ടെസ്റ്റ്‌ പരമ്പര ഇന്ത്യൻ ടീം നേടുമെന്നാണ് തോന്നുന്നത് ” ഭാജി വാചാലനായി.