അവനെ പോലെയൊരാൾ ഉണ്ടേൽ പാകിസ്ഥാൻ ജയിക്കും!! വാചാലനായി മുൻ പാക് താരം

ചിരവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരം ക്രിക്കറ്റ് ലോകത്ത് എന്നും ശ്രദ്ധിക്കപ്പെടുന്നതും ആവേശജനകമായതുമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ സംഘട്ടനങ്ങൾ കാരണം, ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഉഭയകക്ഷി പരമ്പരകൾ നടക്കാത്തതിനാൽ, വേൾഡ് കപ്പ്‌, ഏഷ്യ കപ്പ്‌, ചാമ്പ്യൻസ്‌ ട്രോഫി തുടങ്ങിയ പ്രധാന ടൂർണമെന്റുകളിൽ മാത്രമാണ് ഇരു ടീമുകളും നേർക്കുനേർ ഏറ്റുമുട്ടാറുള്ളത്.

ഈ മാസം അവസാനം ആരംഭിക്കാനിരിക്കുന്ന ഏഷ്യ കപ്പിലാണ് അടുത്തതായി ഇരു ടീമുകളും ഏറ്റുമുട്ടാൻ ഒരുങ്ങുന്നത്. കഴിഞ്ഞ ടി20 ലോകകപ്പിൽ ഇന്ത്യയെ പരാജയപ്പെടുത്തിയ പാകിസ്ഥാന് തക്ക മറുപടി നൽകാനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്. അതേസമയം, ഏഷ്യ കപ്പിനുള്ള ഇന്ത്യ പാകിസ്ഥാൻ ടീമുകളെ ഇതിനോടകം പ്രഖ്യാപിച്ചതിനാൽ, ഇരു ടീമുകളെയും താരതമ്യം ചെയ്തിട്ടുള്ള ചർച്ചകളാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് നടക്കുന്നത്.

ഈ ചർച്ചകളുടെ തുടർച്ചയായി, ഇപ്പോൾ മുൻ പാകിസ്ഥാൻ താരം ആക്വിബ് ജാവേദ് ഇന്ത്യ – പാകിസ്ഥാൻ ടീമുകൾ തമ്മിൽ താരതമ്യം ചെയ്ത് വിലയിരുത്തൽ നടത്തിയിരിക്കുകയാണ്. ഇരു ടീമുകളുടെയും ടോപ് ഓർഡർ ബാറ്റിംഗ് നിര ശക്തമാണ് എന്ന് അഭിപ്രായപ്പെട്ട ആക്വിബ് ജാവേദ്, എന്നാൽ ഇന്ത്യയുടെയും പാക്കിസ്ഥാനിന്റെയും ടീമുകൾ തമ്മിലുള്ള പ്രധാന വ്യത്യാസം ഇന്ത്യയുടെ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയാണ്‌ എന്ന് തുറന്നു പറഞ്ഞു.

“ഇന്ത്യയുടെയും പാകിസ്ഥാന്റെയും പ്രധാന കരുത്ത് അവരുടെ ടോപ്പ് ഓർഡർ ബാറ്റിംഗ് നിര തന്നെയാണ്. ഇന്ത്യയുടെ രോഹിത് ശർമ്മ ഫോം കണ്ടെത്തിയാൽ, അദ്ദേഹത്തിന് ഒറ്റയ്ക്ക് ടീമിനെ വിജയിപ്പിക്കാൻ സാധിക്കും. സമാനമായി പാകിസ്ഥാന്റെ ഫഖർ സമാൻ നിലയുറപ്പിച്ചാലും പാക് ടീമിനെ വിജയത്തിലേക്ക് നയിക്കാൻ സാധിക്കും. എന്നാൽ, ഇരു ടീമുകളും തമ്മിലുള്ള പ്രധാന വ്യത്യാസം അവരുടെ മധ്യനിരയിലാണ്. ഇന്ത്യയുടെ ഹാർദിക് പാണ്ഡ്യയെ പോലുള്ള ഒരു ഓൾറൗണ്ടർ പാകിസ്ഥാൻ ടീമിൽ ഇല്ല,” ആക്വിബ് ജാവേദ് പറഞ്ഞു.