എന്റമ്മോ എന്തൊരു സസ്പെൻസ് 😳😳😳ത്രില്ലർ മാച്ചിൽ സൂപ്പർ ജയവുമായി മുംബൈ ഇന്ത്യൻസ്

ഒടുവിൽ 2023 ഐപിഎല്ലിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ 6 വിക്കറ്റുകളുടെ വിജയമാണ് മുംബൈ സ്വന്തമാക്കിയത്. വിജയപരാജയങ്ങൾ മാറിമറിഞ്ഞ മത്സരത്തിൽ രോഹിത് ശർമയുടെ തകർപ്പൻ ബാറ്റിംഗ് മികവായിരുന്നു മുംബൈയെ വിജയത്തിലെത്തിച്ചത്. ഏറെ നാളുകൾക്ക് ശേഷമാണ് രോഹിത് ശർമ ഇത്തരത്തിൽ ഒരു മികച്ച ഇന്നിംഗ്സ് ഐപിഎല്ലിൽ കാഴ്ച വയ്ക്കുന്നത്.

ഡൽഹി പിച്ചിൽ ടോസ് നേടിയ രോഹിത് ശർമ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യ ഓവറുകളിൽ ഡേവിഡ് വാർണറും പ്രിത്വി ഷായും(15) ഡൽഹിക്കായി മികച്ച തുടക്കം നൽകി. പൃഥ്വി ഷാ പുറത്തായ ശേഷമെത്തിയ മനീഷ് പാണ്ഡയും (26) മികവുപുലർത്തിയപ്പോൾ ഡൽഹി മികച്ച സ്കോറിൽ എത്തുമെന്ന് പലരും കരുതി. എന്നാൽ പിന്നീടായിരുന്നു പിയൂഷ് ചൗളയുടെ എൻട്രി. മധ്യ ഓവറുകളിൽ ഡൽഹിയുടെ വിക്കറ്റുകൾ തുടർച്ചയായി ചൗള വീഴ്ത്തി. ഇതോടെ ഡൽഹി തകരുകയായിരുന്നു. ഒരുവശത്ത് വാർണർ പിടിച്ചു നിന്നപ്പോൾ മറുവശത്ത് ഡൽഹിയ്ക്ക് വിക്കറ്റുകൾ തുരുതുരാ നഷ്ടപ്പെട്ടു. ശേഷം ഏഴാമനായെതിയ അക്ഷർ പട്ടേലാണ് ഡൽഹിയുടെ സ്കോർ ഭേദപ്പെട്ട നിലയിൽ എത്തിച്ചത്. അക്ഷർ 25 പന്തുകളിൽ 54 റൺസാണ് മത്സരത്തിൽ നേടിയത്. വാർണർ മികവ് പുലർത്തിയെങ്കിലും 47 പന്തുകളിൽ നിന്നായിരുന്നു 51 റൺസ് നേടിയത്. ഇരുവരുടെയും ബലത്തിൽ നിശ്ചിത ഓവറുകളിൽ 172 റൺസ് ഡൽഹി കൂട്ടിച്ചേർക്കുകയുണ്ടായി.

മറുപടി ബാറ്റിംഗിൽ വെടിക്കെട്ടോടെയാണ് മുംബൈ ആരംഭിച്ചത്. ഇഷാൻ കിഷനും രോഹിത് ശർമയും ആദ്യ ഓവറുകളിൽ തന്നെ മുംബൈക്കായി കൂടാരം തീർത്തു. പവർ പ്ലേ ഓവറുകൾ ഏറ്റവും നന്നായി ഉപയോഗിക്കുന്നതിൽ ഇരുവരും വിജയം കണ്ടു. മത്സരത്തിൽ ഇഷാൻ കിഷൻ 26 പന്തുകളിൽ 31 റൺസ് ആയിരുന്നു നേടിയത്. കിഷൻ പുറത്തായ ശേഷം ക്രീസിലെത്തിയ തിലക് വർമ്മയും അടിച്ചുതകർത്തതോടെ മുംബൈ വിജയത്തിലേക്ക് കുതിച്ചു. ഏറെ നാളുകൾക്ക് ശേഷം വളരെ മികച്ച പ്രകടനം കാഴ്ചവച്ച രോഹിത് ശർമ 45 പന്തുകളിൽ 65 റൺസാണ് മത്സരത്തിൽ നേടിയത്. ഇന്നിംഗ്സിൽ 6 ബൗണ്ടറികളും 4 സിക്സറുകളും ഉൾപ്പെട്ടു. തിലക് വർമ്മ മത്സരത്തിൽ 29 പന്തുകളിൽ 41 റൺസും നേടുകയുണ്ടായി. ഒപ്പം അവസാന ഓവറുകളിൽ ടീം ഡേവിഡും ക്യാമറോൺ ഗ്രീനും ത്രസിപ്പിക്കുന്ന ഫിനിഷിംഗ് നടത്തിയതോടെ മുംബൈ 6 വിക്കറ്റുകൾക്ക് വിജയത്തിൽ എത്തുകയായിരുന്നു.

മുംബൈയ്ക്ക് വലിയ ആത്മവിശ്വാസം നൽകുന്ന വിജയം തന്നെയാണ് ഡൽഹിയിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ദയനീയമായ രീതിയിലായിരുന്നു മുംബൈ പരാജയമറിഞ്ഞത്. അതിനാൽ തന്നെ വമ്പൻ തിരിച്ചുവരവ് മുംബൈയ്ക്ക് അത്യാവശ്യമായിരുന്നു. മറുവശത്ത് ഡേവിഡ് വാർണറുടെ നേതൃത്വത്തിൽ ഡൽഹിക്ക് ശനിദശ തുടരുകയാണ്. ഇതുവരെ ലീഗിൽ ഒരു മത്സരം പോലും വിജയിക്കാൻ ഡൽഹി ടീമിന് സാധിച്ചിട്ടില്ല.

Rate this post