വമ്പൻ ജയവുമായി മുംബൈ… വനിതാ ഐപിഎല്ലിന് യമണ്ടൻ തുടക്കം

വനിത ഐപിഎല്ലിന്റെ ആദ്യ സീസണിന് ഒരു ഉഗ്രൻ തുടക്കം. സീസണിലെ ആദ്യ മത്സരത്തിൽ ഗുജറാത്ത് ടീമിനെ മുംബൈ ഇന്ത്യൻസ് പരാജയപ്പെടുത്തി. മത്സരത്തിൽ 143 റൺസിനാണ് മുംബൈ ഗുജറാത്തിനെ പരാജയപ്പെടുത്തിയത്. നായിക ഹർമൻപ്രീറ്റ് കോറിന്റെയും അമേലിയ കേറിന്റെയും തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനങ്ങളായിരുന്നു മത്സരത്തിൽ മുംബൈയെ വിജയത്തിലെത്തിച്ചത്. ഇതോടെ തങ്ങളുടെ വനിത പ്രീമിയർ ലീഗ് ക്യാമ്പിന് ഒരു ഉഗ്രൻ തുടക്കം തന്നെയാണ് മുംബൈയ്ക്ക് ലഭിച്ചിരിക്കുന്നത്.

ഡിവൈ പട്ടേൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ഗുജറാത്ത് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആ തീരുമാനം തെറ്റായിരുന്നു എന്ന് ചൂണ്ടിക്കാണിക്കുന്ന തുടക്കമാണ് മുംബൈയുടെ ഓപ്പണർ ഹെയിലി മാത്യൂസ്(47) നൽകിയത്. മാത്യൂസ് ആദ്യ ഓവറകളിൽ ഗുജറാത്ത് ബോളർമർക്ക് മേൽ താണ്ഡവമാടി. ശേഷം പിന്നീടെത്തിയ ഹർമൻപ്രീറ്റ് കോറും അമേലിയ കേറും അടിച്ചുതകർത്തു. അങ്ങനെ മുംബൈ സ്കോർ കുതിച്ചു. മത്സരത്തിൽ ഹർമൻപ്രീറ്റ് 30 പന്തുകളിൽ 14 ബൗണ്ടറികളുടെ അകമ്പടിയോടെ 65 റൺസ് ആണ് നേടിയത്. അമേലിയ കെർ 25 പന്തുകളിൽ 45 റൺസ് നേടി പിന്തുണ നൽകി. ഇതോടെ മുംബൈയുടെ സ്കോർ 207 റൺസിൽ എത്തുകയായിരുന്നു.

മറുപടി ബാറ്റിംഗിൽ ഒന്നനങ്ങാൻ പോലും ഗുജറാത്തിനെ സമ്മതിക്കാത്ത മുംബൈ ബോളർമാരെയാണ് കണ്ടത്. മുംബൈക്കായി ഓരോ ബോളറും കൃത്യമായി വിക്കറ്റുകൾ കൊയ്തപ്പോൾ ഗുജറാത്തിന് മറുപടിയുണ്ടായിരുന്നില്ല. ഗുജറാത്ത് നിരയിൽ ഒരു ബാറ്റര്‍ക്ക് പോലും ക്രീസിലുറയ്ക്കാൻ സാധിച്ചില്ല. ഗുജറാത്തിനായി ഹേമലത(29) മാത്രമാണ് അല്പസമയം ക്രീസിൽ പിടിച്ചുനിന്നത്. അങ്ങനെ ഗുജറാത്തിന്റെ ഇന്നിംഗ്സ് വെറും 64 റൺസിന് അവസാനിക്കുകയായിരുന്നു. മത്സരത്തിൽ 143 റൺസിന്റെ കൂറ്റൻ വിജയമാണ് മുംബൈ നേടിയത്.

ടൂർണമെന്റിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നുതന്നെയാണ് മുംബൈ എന്ന് വിളിച്ചോതുന്ന മത്സരം തന്നെയായിരുന്നു ഇത്. അടുത്ത ദിവസങ്ങളിൽ ബാംഗ്ലൂരും ഡൽഹിയുമടക്കമുള്ള ടീമുകൾ കളത്തിലിറങ്ങുമ്പോൾ വുമൺസ് പ്രീമിയർ ലീഗ് കൂടുതൽ ആവേശഭരിതമാകും എന്നാണ് സംഘാടകരുടെ വിലയിരുത്തൽ. സ്മൃതി മന്ദനയുടെ കീഴിൽ റോയൽ ചലഞ്ചേഴ്സിന്റെ ആദ്യമത്സരം നാളെ നാലുമണിക്കാണ് നടക്കുന്നത്.

Rate this post