പേസർമാരെ നിറച്ച് മുംബൈ 😱പക്ഷേ ഈ സ്ക്വാഡ് കിരീടം നേടുമോ :ഫുൾ ടീമിനെ അറിയാം

ഐപിഎല്ലിൽ 2010-ന് ശേഷമുള്ള ഒരു ദശക കാലഘട്ടം മുംബൈ ഇന്ത്യൻസിന്റെതായിരുന്നു. റിക്കി പോണ്ടിംഗിൽ നിന്ന് രോഹിത് ശർമ്മയ്ക്ക് നായക സ്ഥാനം കൈമാറ്റം ചെയ്തതിൽ പിന്നെ, ഫ്രാഞ്ചൈസിക്ക് ഉയരങ്ങളിൽ നിന്ന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇന്ന് ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ സ്വന്തമാക്കിയ ടീമാണ് മുംബൈ ഇന്ത്യൻസ്. അതിൽ അവർക്ക് ഏറെ സഹായകമായത്, തുടർച്ചയായ സീസണുകളിൽ പകുതിയിൽ അധികം താരങ്ങൾക്കും ഒരുമിച്ച് കളിക്കാനായി എന്നത് തന്നെയാണ്. എന്നാൽ, 2022 ഐപിഎൽ സീസൺ, മറ്റു ഫ്രാഞ്ചൈസികളെ പോലെ തന്നെ മുംബൈക്കും ഒരു പുതിയ തുടക്കമാണ്.

ഐപിഎൽ 2022 മെഗാ താരലേലത്തിൽ തങ്ങളുടെ പഴയ താരങ്ങളെ ടീമിലെത്തിക്കാൻ പരിശ്രമിക്കുന്നതിന് പകരം, പഴയ താരങ്ങൾക്ക് പകരക്കാരെ കണ്ടെത്താനാണ് മുംബൈ കൂടുതൽ ശ്രദ്ധ പുലർത്തിയത്. പരിചയസമ്പന്നരേയും യുവതാരങ്ങളെയും കോർത്തിണക്കിയ ബാറ്റിംഗ് യൂണിറ്റും, ഓൾ റൗണ്ടർമാരെയും, സ്വന്തമാക്കിയ മുംബൈ, പതിവ് പോലെ ഇത്തവണയും ലോകോത്തര പേസ് യൂണിറ്റിനും മുൻ‌തൂക്കം നൽകി. എന്നാൽ, പരിചയസമ്പന്നനായ ഒരു സ്പിൻ ബൗളർ ഇല്ലാത്തത്, ഇന്ത്യൻ പിച്ചിൽ മുംബൈക്ക് തിരിച്ചടിയാകാൻ സാധ്യതയുണ്ട്.

മുംബൈയുടെ ഓപ്പണർമാരായി, ക്യാപ്റ്റൻ രോഹിത് ശർമ്മയേയും, ലേലത്തിലെ ഏറ്റവും വിലയേറിയ താരമായ ഇഷാൻ കിഷനേയും പ്രതീക്ഷിക്കാം. തുടർന്നുള്ള ലൈനപ്പിൽ സൂര്യകുമാർ യാദവ്, ദക്ഷിണാഫ്രിക്കയുടെ യങ് സെൻസേഷൻ ഡെവാൾഡ് ബ്രെവിസ്, കീരോൺ പൊള്ളാർഡ്, ടിം ഡേവിഡ് എന്നിവരിൽ നിന്ന് ആരെ വേണമെങ്കിലും പ്രതീക്ഷിക്കാവുന്നതാണ്. ലൈനപ്പിൽ 6,7,8 തുടങ്ങിയ സ്ഥാനങ്ങളിൽ ഇറങ്ങി വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം നടത്താൻ കെൽപ്പുള്ള ഓൾറൗണ്ടർമാരായ ഡാനിയേൽ സാംസ്‌, ഫാബിയൻ അലൻ, ജോഫ്ര ആർച്ചർ എന്നിവർ മുംബൈ ബാറ്റിംഗ് ലൈനപ്പിന്റെ ആഴം വർധിപ്പിക്കുന്നു.

എന്നിരുന്നാലും, ഹാർദിക് പാണ്ഡ്യയെ പോലുള്ള ഒരു ഇന്ത്യൻ ഓൾറൗണ്ടറുടെ അഭാവം ടീമിനെ മോശമായി ബാധിക്കാൻ സാധ്യതയുണ്ട്. ബൗളിംഗ് ഡിപ്പാർട്മെന്റിലേക്ക് വന്നാൽ, എല്ലായിപ്പോഴും പേസ് യൂണിറ്റ് ശക്തമാക്കാറുള്ള മുംബൈ, ഇത്തവണയും പതിവ് തെറ്റിച്ചില്ല എന്ന് വേണം പറയാൻ. ജസ്‌പ്രീത് ബുംറ, ജോഫ്ര അർച്ചർ, റിലെ മെറെഡിത്, ടൈമൽ മിൽസ്, ബേസിൽ തമ്പി, ജയ്ദേവ് ഉനദ്കട്ട് എന്നിവർ എതിരാളികൾക്ക് ഭീഷണി ഉയർത്തുന്ന പേസ് നിര ആണെന്നിരിക്കെ, മായങ്ക് മർക്കണ്ടേ, മുരുഗൻ അശ്വിൻ എന്നിവരിലാണ് മുംബൈ അവരുടെ സ്പിൻ പ്രതീക്ഷകൾ മുഴുവൻ അർപ്പിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.