
മദ്വാൽ 5 Wicket … ലക്നൗ സൂപ്പർ ജയന്റ്സിനെ പരാജയപ്പെടുത്തി മുംബൈ ഇന്ത്യൻസിന്റെ പടയോട്ടം.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ എലിമിനേറ്ററിൽ ലക്നൗ സൂപ്പർ ജയന്റ്സിനെ പരാജയപ്പെടുത്തി മുംബൈ ഇന്ത്യൻസിന്റെ പടയോട്ടം. നിർണായകമായ മത്സരത്തിൽ 81 റൺസിന്റെ വിജയമാണ് മുംബൈ നിര സ്വന്തമാക്കിയത്. മുംബൈയ്ക്കായി ബാറ്റിംഗിൽ ഗ്രീൻ നിറഞ്ഞാടിയപ്പോൾ ബോളിംഗിൽ മദ്വാൽ തകർത്താടുകയായിരുന്നു. ഈ വിജയത്തോടെ മുംബൈ രണ്ടാം ക്വാളിഫയറിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസാണ് മുംബൈ ഇന്ത്യൻസിന്റെ എതിരാളികൾ. ആ മത്സരത്തിൽ വിജയം കണ്ടാൽ മുംബൈയ്ക്ക് ചെന്നൈ സൂപ്പർ കിങ്സിനൊപ്പം ഫൈനലിൽ കളിക്കാൻ സാധിക്കും.
നിർണായകമായ മത്സരത്തിൽ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പക്ഷേ വിചാരിച്ച പോലെ അത്ര മികച്ച തുടക്കമല്ല മുംബൈയുടെ ഓപ്പണർമാർ നൽകിയത്. ആദ്യ ഓവറുകളിൽ തന്നെ ഓപ്പണർമാരായ ഇഷാൻ കിഷനും(15) രോഹിത് ശർമയും(11) കൂടാരം കയറുകയുണ്ടായി. പിന്നീടെത്തിയ ക്യാമറോൺ ഗ്രീനും സൂര്യകുമാർ യാദവുമാണ് ക്രീസിൽ പിടിച്ചുനിന്നത്. ഗ്രീൻ മത്സരത്തിൽ 23 പന്തുകളിൽ 41 റൺസ് നേടിയപ്പോൾ, സൂര്യകുമാർ യാദവ് 20 പന്തുകളിൽ 33 റൺസ് നേടി. പിന്നീടെത്തിയ തിലക് വർമയും(26) ക്രീസിലുറച്ചതോടെ മുംബൈയുടെ സ്കോർ കുതിച്ചു. ഒപ്പം അവസാന ഓവറുകളിൽ 12 പന്തുകളിൽ 23 റൺസ് നേടിയ വധീര കൂടി തകർത്താടിയതോടെ മുംബൈ സ്കോർ 182 റൺസിൽ എത്തുകയായിരുന്നു.
മറുപടി ബാറ്റിംഗിൽ അത്ര ശുഭകരമായ തുടക്കമല്ല ലക്നൗവിന് ലഭിച്ചത്. ആദ്യ പന്തുകളിൽ മേയേഴ്‌സ് (18) അടിച്ചുതകർത്തെങ്കിലും പിന്നീട് വെടിക്കെട്ട് തുടരാൻ സാധിച്ചില്ല. ഒപ്പം മങ്കാത്(3) ക്രൂനാൽ പാണ്ഡ്യ(8) ആയുഷ് ബടോണി(1) എന്നിവരുടെ വിക്കറ്റ് ചെറിയ ഇടവേളയിൽ തന്നെ നഷ്ടമായതോടെ ലക്നൗ പതറി. ലക്നൗവിനായി മുൻനിരയിൽ സ്റ്റോയിനിസ് മാത്രമായിരുന്നു ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. സ്റ്റോയിനിസ് മത്സരത്തിൽ 27 പന്തുകളിൽ 40 റൺസ് നേടി. എന്നാൽ സ്റ്റോയിനിസിന്റെ വിക്കറ്റ് നഷ്ടമായതോടെ ലക്നൗ തകർന്നു വീഴുകയായിരുന്നു.
പിന്നീട് ലക്നൗവിന്റെ വിക്കറ്റുകൾ തുരുതുരാ നഷ്ടമായി കൊണ്ടേയിരുന്നു. ഒപ്പം മുംബൈയ്ക്കായി മധ്വാൽ മികവു കാട്ടിയതോടെ ലക്നൗ പരാജയം സമ്മതിക്കുകയായിരുന്നു. മത്സരത്തിൽ മധ്വാൽ 4 ഓവറുകളിൽ 5 റൺസ് മാത്രം വിട്ട് നൽകി 5 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. മുംബൈയെ സംബന്ധിച്ച് വളരെ ആത്മവിശ്വാസം നൽകുന്ന വിജയമാണിത്. ക്വാളിഫയറിൽ ഏതുതരത്തിലും ഗുജറാത്തിനെ പരാജയപ്പെടുത്തുക എന്നതാണ് മുംബൈയുടെ അടുത്ത ലക്ഷ്യം.