ഗ്രീൻ സൂപ്പർ സ്റ്റാർ.. മുംബൈക്ക് കിടു ജയം.. പോയിന്റ് ടേബിളിൽ ക്ലൈമാക്സ്‌

ഹൈദരാബാദിനെതിരായ മത്സരത്തിൽ രാജകീയ വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ് 2023 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഓഫീലേക്ക്. ഹൈദരാബാദിനെതിരായ മത്സരത്തിൽ 8 വിക്കറ്റുകളുടെ കൂറ്റൻ വിജയം സ്വന്തമാക്കിയാണ് മുംബൈ പ്ലെയോഫിന് അടുത്തേക്ക് എത്തിയിരിക്കുന്നത്. അടുത്ത മത്സരത്തിൽ ബാംഗ്ലൂർ ഗുജറാത്തിനെതിരെ വമ്പൻ മാർജിനിൽ വിജയിക്കാത്ത പക്ഷം മുംബൈക്ക് പ്ലെയോഫിൽ ഇടം ലഭിക്കും. മുംബൈയുടെ ഈ വിജയത്തോടെ സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസും 2023 ഐപിഎല്ലിൽ നിന്ന് പുറത്തായിട്ടുണ്ട്.

നിർണായകമായ മത്സരത്തിൽ ടോസ് നേടിയ രോഹിത് ശർമ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വാങ്കഡേയിലെ ബാറ്റിംഗ് വിക്കറ്റിൽ ഹൈദരാബാദിന്റെ ഓപ്പണർമാർ മികച്ച പ്രകടനം തന്നെ കാഴ്ചവച്ചു. ആദ്യ വിക്കറ്റിൽ വിവ്രാന്ത് ശർമയും മായങ്ക് അഗർവാളും ചേർന്ന് 140 റൺസിന്റെ കൂട്ടുകെട്ടായിരുന്നു കെട്ടിപ്പടുത്തത്. വിവ്രാന്ത് ശർമ മത്സരത്തിൽ 47 പന്തുകളിൽ 9 ബൗണ്ടറികളും 2 സിക്സറുകളും ഉൾപ്പെടെ 69 റൺസ് നേടി. അഗർവാൾ 46 പന്തുകളിൽ 8 ബൗണ്ടറികളും 4 സിക്സറുകളും ഉൾപ്പെടെ 83 റൺസ് നേടി. ഇരുവരുടെയും മികവിൽ നിശ്ചിത 20 ഓവറുകളിൽ 200 റൺസാണ് ഹൈദരാബാദ് നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യൻസിന് ഇഷാൻ കിഷന്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. 12 പന്തുകളിൽ 14 റൺസ് ആയിരുന്നു കിഷൻ നേടിയത്. ശേഷം നായകൻ രോഹിത് ശർമയും കാമറൂൺ ഗ്രീനും അടിച്ചു തകർക്കുന്നതാണ് മത്സരത്തിൽ കണ്ടത്. ഗ്രീൻ നേരിട്ട ആദ്യ ബോൾ മുതൽ തന്റെ സംഹാരം ആരംഭിച്ചു. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ ഒരു കൂറ്റൻ പാർട്ണർഷിപ്പ് മുംബൈയ്ക്കായി കെട്ടിപ്പടുക്കുകയായിരുന്നു. അങ്ങനെ മത്സരം മുംബൈയുടെ കൈപ്പിടിയിൽ ഒതുങ്ങി.

മത്സരത്തിലുടനീളം മുംബൈയുടെ കാവൽക്കാരനായി നിന്ന ക്യാമറോൺ ഗ്രീൻ 47 പന്തുകളിൽ 100 റൺസാണ് നേടിയത്. 8 ബൗണ്ടറികളും 8 സിക്സറുകളും ഇന്നിങ്സിൽ ഉൾപ്പെട്ടു. നായകൻ രോഹിത് ശർമ 37 പന്തുകളിൽ 56 റൺസ് നേടി മുംബൈയുടെ വിജയം അനായാസമാക്കി മാറ്റി. ഒപ്പം നാലാമനായി ക്രീസിലെത്തിയ സൂര്യകുമാർ യാദവും() അടിച്ചുതകർത്തപ്പോൾ മുംബൈ 8 വിക്കറ്റുകളുടെ വിജയം സ്വന്തമാക്കുകയായിരുന്നു. മുംബൈയെ സംബന്ധിച്ച് വളരെ നിർണായകമായ വിജയം തന്നെയാണ് നേടിയെടുത്തിരിക്കുന്നത്. ഇനി അടുത്ത മത്സരത്തിലെ ഫലം കൂടി അനുകൂലമായി വന്നാൽ മുംബൈയ്ക്ക് പ്ലെയോഫിൽ കളിക്കാൻ സാധിക്കും.

4.5/5 - (11 votes)