ഇടകയ്യൻ സ്പിന്നുമായി മന്ത്രികനായ താരം 😱അവസരങ്ങൾ ലഭിക്കാതെ നശിച്ച കരിയർ

മുരളി കാർത്തിക്, ക്ലാസിക്കൽ ടച്ചുള്ള ഇടംകൈയ്യൻ സ്പിന്നർ. മികച്ച ബൗളിംഗ് ആക്ഷൻ, കൂടാതെ, ബാറ്ററെ കറക്കി വീഴ്ത്താനുള്ള ആയുധപ്പുരയിലെ എല്ലാ ആയുധങ്ങളും കൈവശമുണ്ട്, ടെസ്റ്റ്‌ ക്രിക്കറ്റിൽ അരങ്ങേറ്റം, ഇന്ത്യൻ ടീമിൽ സാക്ഷാൽ അനിൽ കുംബ്ലെയുടെ ബൗളിംഗ് പങ്കാളിയായി, മികച്ച കഴിവും സ്വപ്ന തുല്ല്യമായ അരങ്ങേറ്റവും ലഭിച്ചിട്ടും ഇന്ത്യൻ ടീമിൽ സ്ഥിരമായി ഒരു സ്ഥാനം കണ്ടെത്താൻ മുരളി കാർത്തിക്കിന് ആയില്ല.

1999-2000 കാലഘട്ടത്തിലെ ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനമാണ് കാർത്തിക്കിനെ ഇന്ത്യൻ ടീമിൽ എത്തിക്കുന്നത്, എന്നാൽ അന്നത്തെ ക്യാപ്റ്റൻ ആയിരുന്ന സൗരവ് ഗാംഗുലിയുടെ വിശ്വാസം പിടിച്ചു പറ്റാൻ കാർത്തിക്കിനായില്ല. പ്രകടനം കൊണ്ട് അപൂർവ്വം എന്നൊന്നും പറയാൻ സാധിച്ചിരുന്നില്ലെങ്കിലും, കരിയറിൽ 8 ടെസ്റ്റ്‌ മത്സരങ്ങളിൽ കൂടുതൽ അയാൾ അർഹിച്ചിരുന്നു. എന്നാൽ, കരിയറിന്റെ തുടക്കത്തിൽ തന്നെ അച്ചടക്ക പ്രശ്നങ്ങളിൽ അകപ്പെടുകയും, അതേ വർഷം തന്നെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്ത കാർത്തിക്കിൽ, കൂടുതൽ ഉത്തരവാദിത്തം ഏൽപ്പിക്കാൻ സൗരവ് ഗാംഗുലി വിമുഖത കാണിച്ചു.

തുടർന്ന്, ഗാംഗുലി ഇന്ത്യൻ ടീമിലേക്ക് ഹർഭജൻ സിംഗിനെ തിരിച്ചു വിളിച്ചു. എങ്കിലും, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ശ്രദ്ധേയമായ പ്രകടനം തുടർന്നതോടെ മുരളി കാർത്തിക്ക്, ഇടവേളകളിൽ ദേശീയ ടീമിൽ എത്തുന്ന ഒരു അതിഥിയായി. എന്നിരുന്നാലും, 2004-05ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ മത്സരത്തിൽ ഏഴ് വിക്കറ്റ് വീഴ്ത്തി, ഇന്ത്യയെ പ്രശസ്ത വിജയത്തിലേക്ക് നയിച്ച ചില നല്ല ഓർമ്മകൾ മുരളി കാർത്തിക് ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർക്ക് നൽകിയിട്ടുണ്ട്. എന്നാൽ, ആഭ്യന്തര ക്രിക്കറ്റിൽ 21 അർദ്ധസെഞ്ച്വറികൾ നേടിയ കാർത്തിക് ബാറ്റിംഗിലും കഴിവ് തെളിയിച്ചിട്ടുണ്ടെങ്കിലും, ആ പ്രകടനം ഇന്ത്യൻ ടീമിന് വേണ്ടി പുറത്തെടുക്കാൻ അദ്ദേഹത്തിനായില്ല.

മാത്രമല്ല, ഇന്ത്യൻ സ്പിൻ യൂണിറ്റിനെ അനിൽ കുംബ്ലെയും ഹർഭജൻ സിംഗും കയ്യടക്കി വെച്ചതോടെ, 2004-ന് ശേഷം ഇന്ത്യൻ ടെസ്റ്റ്‌ ടീമിലേക്കുള്ള വാതിൽ കാർത്തിക്കിന് മുന്നിൽ കൊട്ടിയടക്കപ്പെട്ടു. 2007-ന്റെ അവസാനത്തിൽ, കാർത്തിക് ഏകദിന ടീമിൽ തിരിച്ചെത്തുകയും, ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിൽ 6/27 എന്ന മികച്ച സ്പെൽ കണ്ടെത്തുകയും ചെയ്തെങ്കിലും, താമസിയാതെ ഫോം നഷ്ടപ്പെടുകയും വീണ്ടും ഇന്ത്യൻ ടീമിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തു. അതിനുശേഷം അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടില്ല. ഇന്ന് മുരളി കാർത്തിക് അറിയപ്പെടുന്ന ക്രിക്കറ്റ്‌ കമന്റെറ്റർ ആണ്.