ഇന്ത്യ : വിൻഡീസ് പരമ്പര ടിവി സംപ്രേക്ഷണം ഇല്ലേ?? കാരണം ഇതാണ്!!മത്സരം കാണാനുള്ള വഴികൾ

ഇംഗ്ലണ്ട് പര്യടനത്തിനുശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം ഇപ്പോൾ വെസ്റ്റ് ഇൻഡീസ്‌ പര്യടനത്തിന് തയ്യാറെടുക്കുകയാണ്. മൂന്ന് മത്സരങ്ങൾ അടങ്ങിയ ഏകദിന പരമ്പരക്കും, അഞ്ച് മത്സരങ്ങൾ അടങ്ങിയ ടി20 പരമ്പരയ്ക്കുമാണ് വെസ്റ്റ് ഇൻഡീസ്‌ ആതിഥേയത്വം വഹിക്കുക. ജൂലൈ 22-ന് ആരംഭിക്കുന്ന പര്യടനത്തിൽ, 22, 24, 27 തീയതികളിലായി ഏകദിന മത്സരങ്ങളും, ജൂലൈ 29 മുതൽ ടി20 മത്സരങ്ങളും നടക്കും.

ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണെ ഉൾപ്പെടുത്തിയതിനാൽ മലയാളി ക്രിക്കറ്റ് ആരാധകരും വലിയ ആവേശത്തിലായിരുന്നു. എന്നാൽ, മുഴുവൻ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കും നിരാശ സമ്മാനിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനം, ഒരു സ്വകാര്യ സാറ്റ്ലൈറ്റ് ചാനലും തത്സമയം സംപ്രേഷണം ചെയ്യില്ല.

പകരം, ഡ്രീം ഇലവന്റെ മാതൃ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഫാൻകോഡ് എന്ന ഒടിടി പ്ലാറ്റ്ഫോം വഴി ആയിരിക്കും ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് ഏകദിനങ്ങളും 5 ടി20കളും തത്സമയ സംപ്രേഷണം ചെയ്യുക. കൂടാതെ ഫ്രീ ഡിഷിൽ സംപ്രേഷണം ചെയ്യുന്നതിനായി ഒടിടി പ്ലാറ്റ്ഫോം ഡിഡി പ്രസാർ ഭാരതിയുമായി കരാർ സൈൻ ചെയ്തിട്ടുണ്ട്. വളരെ കാലത്തിനു ശേഷം ഇത് ആദ്യമായാണ് ഇന്ത്യയുടെ മത്സരങ്ങൾ സ്വകാര്യ സാറ്റ്ലൈറ്റ് ചാനലുകളിൽ സംപ്രേഷണം ചെയ്യാതിരിക്കുന്നത്.

മത്സരത്തിന്റെ തത്സമായ സംപ്രേഷണ അവകാശം ഒടിടി പ്ലാറ്റ്ഫോമായ ഫാൻകോഡിന് നൽകിയതോടെ, ആരാധകർ ആശങ്കയിലായിരിക്കുകയാണ്. എന്തുതന്നെ വന്നാലും സഞ്ജുവിന്റെ കളി കാണും മലയാളികൾ കാണും എന്ന് ഉറപ്പിച്ചാൽ, ഫാൻകോഡ് പ്ലാറ്റ്ഫോം ചുരുങ്ങിയ സമയം കൊണ്ട് ഒരുപാട് സബ്സ്ക്രൈബർസിനെ നേടും എന്നത് ഉറപ്പാണ്. പര്യടനത്തിലെ അവസാന രണ്ട് ടി20 മത്സരങ്ങൾക്ക് അമേരിക്കയാണ് വേദിയാവുക.