അടുത്ത സീസണിലും ചെന്നൈയുടെ നായകനായി ഉണ്ടാകുമോ ; മറുപടി നൽകി എംഎസ് ധോണി

ഐപിഎൽ 2022 സീസണ് മുന്നോടിയായി നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സിന്റെ നായക പദവി ഇതിഹാസ താരം എംഎസ് ധോണി ഒഴിഞ്ഞത് ചെന്നൈ സൂപ്പർ കിംഗ്സ് ആരാധകരെ മാത്രമല്ല ക്രിക്കറ്റ്‌ ലോകത്തെ മുഴുവൻ അമ്പരപ്പിച്ചിരുന്നു. എന്നിരുന്നാലും, തങ്ങളുടെ വിശ്വസ്ഥനായ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ ആണ് സിഎസ്കെ അവരുടെ പുതിയ നായക പദവി ഏൽപ്പിച്ചത് എന്നത് സിഎസ്കെ ആരാധകർക്ക് ഒരു പരിധി വരെ ആശ്വാസമായിരുന്നു.

എന്നാൽ, അപ്രതീക്ഷിത ക്യാപ്റ്റൻ മാറ്റത്തിന് സമാനമായിരുന്നു സീസണിലെ സിഎസ്കെയുടെ അപ്രതീക്ഷിത പ്രകടനവും. നിലവിലെ ചാമ്പ്യൻമാർക്ക് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മോശം തുടക്കമാണ് സീസണിൽ ലഭിച്ചത്. നാല് തുടർ തോൽവികൾ ഏറ്റുവാങ്ങിയ സിഎസ്കെ നിലവിൽ 8 കളികളിൽ 2 ജയങ്ങളോടെ 4 പോയിന്റുമായി പോയിന്റ് പട്ടികയിൽ 9-ാം സ്ഥാനത്താണ്.

ഇതിന് പിന്നാലെ, കഴിഞ്ഞ ദിവസം ജഡേജ നായക പദവി തിരികെ ധോണിയെ ഏല്പിച്ചു എന്ന വാർത്ത സിഎസ്കെ ഔദ്യോഗികമായി പുറത്തുവിട്ടു. വലിയ ആവേശത്തോടെയാണ്‌ സിഎസ്കെ ആരാധകർ ഈ മാറ്റത്തെ കാണുന്നത്. ഇതിന്റെ ഏറ്റവും valiya തെളിവാണ്, ഇന്ന് നടക്കാനിരിക്കുന്ന സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ടോസിനായി ധോണി എത്തിയപ്പോൾ സ്റ്റേഡിയത്തിൽ നിറഞ്ഞു നിന്ന ആർപ്പുവിളികൾ.

അന്നേരം അവതാരകൻ ഡാനിയേൽ മോറിസൺ, താങ്കൾ അടുത്ത സീസണിലും ഉണ്ടാവുമോ എന്ന് ചോദിച്ചു. “നിങ്ങൾ തീർച്ചയായും എന്നെ മഞ്ഞ ജഴ്‌സിയിൽ കാണും,” എന്നാണ് ധോണി മോറിസണ് മറുപടി നൽകിയത്. രണ്ട് മാറ്റങ്ങളോടെ സിഎസ്കെ എസ്ആർഎച്ചിനെതിരെ ഇറങ്ങിയിരിക്കുന്നത്. ബ്രാവോ, ദുബെ എന്നിവർക്ക് പകരം കോൺവെ, സിമർജീത് സിംഗ് എന്നിവർ ഫസ്റ്റ് ഇലവനിൽ സ്ഥാനം കണ്ടെത്തി.