ഒരൊറ്റ ഫിഫ്റ്റിയിൽ ഒരുപിടി റെക്കോർഡുകൾ! ധോണി മറികടന്നത് ദ്രാവിഡിനേയും സച്ചിനേയും
മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 38 പന്തിൽ പുറത്താകാതെ 50 റൺസുമായി എംഎസ് ധോണി തന്റെ ഐപിഎൽ 2022 പ്രയാണത്തിന് തുടക്കമിട്ടു. 2019-ന് (റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ) ശേഷം ധോണിയുടെ ആദ്യ ഐപിഎൽ ഫിഫ്റ്റിയാണിത്. ഇന്നിംഗ്സിൽ നേരിട്ട ആദ്യ 25 ബോളിൽ 15 റൺസ് മാത്രമെടുത്ത ധോണി, അവസാന ഓവറുകളിൽ തകർത്തടിച്ച്, നേരിട്ട അടുത്ത 13 പന്തിൽ 35 റൺസ് കൂട്ടിച്ചേർത്ത് 38 പന്തിൽ അർദ്ധസെഞ്ച്വറി തികക്കുകയായിരുന്നു.
ഇതോടെ, 40 വർഷവും 262 ദിവസവും പ്രായമുള്ള ധോണി ഐപിഎല്ലിൽ അർധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ താരമായി മാറിയിരിക്കുകയാണ്. 40 വർഷവും 116 ദിവസവും പ്രായമുണ്ടായിരുന്നപ്പോൾ 2013-ൽ രാഹുൽ ദ്രാവിഡ് നേടിയ നേട്ടമാണ് ധോണി മറികടന്നത്. സച്ചിൻ ടെൻടുൽക്കർ ആണ് ഈ പട്ടികയിൽ മൂന്നാമൻ.മത്സരത്തിൽ, ധോണി 50 റൺസ് നേടി പുറത്താകാതെ നിന്നതോടെ, ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ അപരാചിത അർദ്ധസെഞ്ച്വറി നേടിയ ബാറ്റർമാരുടെ പട്ടികയിൽ ശിഖർ ധവാനെ (19) പിന്തള്ളി മുൻ സിഎസ്കെ നായകൻ രണ്ടാമനായിരിക്കുകയാണ്.
20 അപരാചിത അർദ്ധസെഞ്ച്വറികളാണ് ഐപിഎല്ലിൽ ധോണിയുടെ പേരിലുള്ളത്. 23 അപരാചിത അർദ്ധസെഞ്ച്വറികളോടെ മുൻ ആർസിബി താരം എബി ഡിവില്ല്യേഴ്സ് ആണ് ഈ പട്ടികയിൽ ഒന്നാമൻ.എന്നാൽ, ഇന്നത്തെ അർദ്ധസെഞ്ച്വറി നേട്ടത്തോടെ മധ്യനിര ബാറ്റർമാരിൽ ഏറ്റവും കൂടുതൽ അർദ്ധസെഞ്ച്വറി നേടിയ താരമായി മാറിയിരിക്കുകയാണ് ധോണി.
23 അർദ്ധസെഞ്ച്വറികൾ നേടിയ ധോണി, 22 അർദ്ധസെഞ്ച്വറികളുള്ള എബി ഡിവില്ല്യേഴ്സിനെയാണ് ഈ നേട്ടത്തിൽ മറികടന്നത്. മാത്രമല്ല, മധ്യനിര ബാറ്റർമാരിൽ ഏറ്റവും കൂടുതൽ 30+ സ്കോർ പേരിലുള്ള ബാറ്റർമാരിൽ ബഹുദൂരം മുന്നിലാണ് ധോണി. അറുപത് തവണ 30+ സ്കോർ നേടിയ ധോണിക്ക് പിറകിലുള്ള ദിനേശ് കാർത്തിക് 43 തവണയാണ് 30+ സ്കോർ നേടിയിരിക്കുന്നത്.