ഇനിയും ജയിച്ച് പ്ലേഓഫിൽ കേറുമോ 😱😱സൂപ്പർ മറുപടിയുമായി ധോണി

ഞായറാഴ്ച്ച (മെയ്‌ 8) നടന്ന ഡബിൾ ഹെഡറിലെ രണ്ടാം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് 91 റൺസിന്റെ തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത സിഎസ്കെ ഉയർത്തിയ 209 റൺസ് പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയ ഡിസി 17.4 ഓവറിൽ 117 റൺസിന് ഓൾഔട്ട് ആവുകയായിരുന്നു. അർധ സെഞ്ച്വറി പ്രകടനവുമായി കളം നിറഞ്ഞു കളിച്ച സിഎസ്കെ ഓപ്പണർ ഡിവോൺ കോൺവെ ആണ് മാൻ ഓഫ് ദി മാച്ച്.

ഇതുപോലുള്ള ജയങ്ങൾ നേരത്തെ കിട്ടേണ്ടതായിരുന്നു എന്നാണ് മത്സരശേഷം പോസ്റ്റ് മാച്ച് പ്രസന്റേഷനിൽ സിഎസ്കെ ക്യാപ്റ്റൻ എംഎസ് ധോണി പ്രതികരിച്ചത്. “ഈ ജയം ശരിക്കും സഹായകമാണ്. എന്നാൽ, നേരത്തെ എപ്പോഴെങ്കിലും ഇതുപോലെ ഒരു ജയം കിട്ടിയിരുന്നെങ്കിൽ, ഇപ്പോഴുള്ള ഈ സാഹചര്യം നല്ലതായിരുന്നേനെ,” ധോണി പറഞ്ഞു. കൂടാതെ, ടീമിലെ ബാറ്റർമാരുടെ സംഭവനകളെ അഭിനന്ദിച്ച ക്യാപ്റ്റൻ, യുവ ബൗളർമാരുടെ പ്രകടനത്തെ പ്രത്യേകം പരാമർശിച്ചു.”ബാറ്റർമാർ മികച്ച പ്രകടനം പുറത്തെടുത്തു. എല്ലാവരും നല്ല സംഭാവന നൽകി.

ബോർഡിലെ റൺസ് ഉയരുന്നത് ശരിക്കും സഹായിക്കുന്നു. ബൗളിംഗിൽ, സിമർജീത്തും മുകേഷും പക്വത പ്രാപിക്കാൻ സമയമെടുത്തു. അവർക്ക് കഴിവുണ്ട്, അവർ എത്രത്തോളം കളിക്കുന്നുവോ അത്രയും നന്നായി അവർക്ക് ഗെയിം സെൻസ് ലഭിക്കും. ടി20 ക്രിക്കറ്റിൽ, ഏത് ഡെലിവറിയാണ് ബൗൾ ചെയ്യേണ്ടത്, ഏതാണ് ചെയ്യാതിരിക്കേണ്ടത് എന്ന കാര്യം അനുഭവസമ്പത്തിലൂടെ പഠിച്ചെടുക്കേണ്ടതാണ്,” ധോണി പറയുന്നു.ടൂർണമെന്റിലെ ഭാവി എന്താകും എന്ന കാര്യത്തിൽ താൻ ആശങ്കപ്പെടുന്നില്ല എന്നും, എന്തുതന്നെ വന്നാലും നേരിടുമെന്നും ധോണി വ്യക്തമാക്കി.

“ഞാൻ കണക്കിന്റെ വലിയ ആരാധകനൊന്നുമല്ല. സ്‌കൂളിൽ പഠിക്കുമ്പോൾ പോലും ഞാൻ അതിൽ മിടുക്കനായിരുന്നില്ല. NRR-നെ കുറിച്ച് ചിന്തിക്കുന്നത് കളി ജയിക്കാൻ സഹായിക്കില്ല. ഞങ്ങൾ ഐപിഎൽ ആസ്വദിക്കാൻ ആഗ്രഹിക്കുന്നു. എതിർ ടീമുകൾ നല്ല രീതിയിൽ കളിക്കുമ്പോൾ സമ്മർദ്ദത്തിന്റെ ആവശ്യമില്ല. അടുത്ത കളിയിൽ എന്ത് ചെയ്യണമെന്ന് ആലോചിച്ചാൽ മതി. ഞങ്ങൾ പ്ലേ ഓഫിൽ എത്തിയാൽ, നല്ലത്. എന്നാൽ അതിന് സാധിച്ചില്ലെങ്കിലും അത് ലോകാവസാനമല്ല,” ധോണി വ്യക്തമാക്കി.