ധോണിക്ക് ബാറ്റിനോട് ആർത്തി!! ധോണി എന്തിനാണ് കളികൾക്കിടെ ബാറ്റ് ‘കഴിക്കുന്നത്’ എന്നതിന് വിശദീകരണം നൽകി അമിത് മിശ്ര

ഞായറാഴ്ച്ച (മെയ്‌ 8) നടന്ന ഡൽഹി ക്യാപിറ്റൽസിനെതിരായ ഏറ്റുമുട്ടലിൽ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്‌സ് 91 റൺസിന്റെ ഗംഭീര വിജയം നേടിയിരുന്നു. ഡെവോൺ കോൺവേ, ഋതുരാജ് ഗെയ്‌ക്‌വാദ്, മോയിൻ അലി, എംഎസ് ധോണി എന്നിവരാണ് സിഎസ്‌കെയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചത്. എംഎസ് ധോണി ക്യാപ്റ്റൻ സ്ഥാനം തിരിച്ചെടുത്ത ശേഷം, സിഎസ്കെ നേടുന്ന രണ്ടാം ജയമാണിത്.

എന്നാൽ, മത്സരത്തിനിടെ സിഎസ്കെ നായകൻ എംഎസ് ധോണി ചെയ്ത ഒരു പ്രവൃത്തിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. മധ്യനിരയിൽ ശിവം ദുബെയും കോൺവെയും ബാറ്റ് ചെയ്യുമ്പോൾ, എംഎസ് ധോണി സ്റ്റാൻഡിൽ ഇരുന്ന് അദ്ദേഹത്തിന്റെ ബാറ്റ് കടിക്കുന്നതായി കണ്ടു. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. എന്നാൽ, ഇതാദ്യമായല്ല മുൻ ഇന്ത്യൻ നായകനിൽ നിന്ന് ഈ പ്രവർത്തി കാണുന്നത്.

നേരത്തെ 2019ൽ ന്യൂസിലൻഡിനെതിരായ ഏകദിന ലോകകപ്പ് സെമിഫൈനലിനിടയിലും ധോണി ഇപ്പോഴത്തതിന് സമാനമായ പ്രവർത്തിയിൽ ഏർപ്പെട്ടിരുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിന് പിന്നിലെ കാരണം അറിയാൻ ക്രിക്കറ്റ് ആരാധകർ ആകാംക്ഷരായിരുന്നു. ഇപ്പോഴിത, മുൻ ഇന്ത്യൻ ലെഗ് സ്പിന്നർ അമിത് മിശ്ര തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ധോണിയുടെ ബാറ്റ് കടിക്കുന്ന ശീലത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ്.

തന്റെ ബാറ്റ് വൃത്തിയായി സൂക്ഷിക്കാനാണ് ധോണി ഈ പ്രവർത്തി ചെയ്യുന്നതെന്നാണ് അമിത് മിശ്ര പറയുന്നത്. “എന്തുകൊണ്ടാണ് ധോണി പലപ്പോഴും തന്റെ ബാറ്റ് കടിക്കുന്നത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടെങ്കിൽ, തന്റെ ബാറ്റ് വൃത്തിയായിരിക്കാൻ ഇഷ്ടപ്പെടുന്നതിനാൽ ബാറ്റിന്റെ ടേപ്പ് നീക്കം ചെയ്യാനാണ് അദ്ദേഹം അത് ചെയ്യുന്നത്. എംഎസ്സിന്റെ ബാറ്റിൽ നിന്ന് ഒരു കഷണം ടേപ്പോ നൂലോ പുറത്തുവരുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകില്ല, അദ്ദേഹം അത് ഇഷ്ടപ്പെടുന്നില്ല,” അമിത് മിശ്ര ട്വീറ്റ് ചെയ്തു.