ധോണി ക്യാപ്റ്റൻസി ഒഴിഞ്ഞത് നന്നായി :വാനോളം പുകഴ്ത്തി മുൻ താരം

ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ (സി‌എസ്‌കെ) ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് വെറ്ററൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ എംഎസ് ധോണി ഒഴിഞ്ഞതിന് പിന്നാലെ, ധോണിയുടെ തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് ദക്ഷിണാഫ്രിക്കയുടെയും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെയും ഇതിഹാസ താരമായ എബി ഡിവില്ലിയേഴ്‌സ് പറഞ്ഞു. ക്യാപ്റ്റനല്ലാത്ത ധോണിയുടെ ടീമിലെ പ്രകടനം കാണാനുള്ള കാത്തിരിപ്പിലാണ് താൻ എന്നും ഇതിഹാസ താരം പറഞ്ഞു.

ധോണിയുടെ ഈ നീക്കത്തിൽ തനിക്ക് അത്ഭുതമില്ലെന്ന് ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റനായിരുന്ന ഡിവില്ലിയേഴ്‌സ് പറഞ്ഞു. “എംഎസിന്റെ നീക്കത്തിൽ എനിക്ക് അത്ഭുതമില്ല. അദ്ദേഹത്തിന്റെ തീരുമാനത്തിൽ ഞാൻ വളരെ സന്തുഷ്ടനാണ്,” ഡിവില്ലിയേഴ്സ് ഒരു ഓൺലൈൻ ചാനലിനോട് പറഞ്ഞു. “ഇത്രയും കാലം എംഎസ് ആ ഭാരം ചുമക്കുകയായിരുന്നു, ക്യാപ്റ്റൻ ആകുന്നത് എളുപ്പമാണെന്ന് ആളുകൾ ചിന്തിച്ചേക്കാം, പക്ഷേ അത് നിങ്ങളെ ശരിക്കും ക്ഷീണിപ്പിക്കുന്നു,” ഡിവില്ലിയേഴ്‌സ് പറയുന്നു.

msd 4

“ക്യാപ്റ്റൻസി പദവി ചിലപ്പോൾ ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിക്കാറുണ്ട്, പ്രത്യേകിച്ച് നല്ല സീസണുകൾ ഇല്ലാത്തപ്പോൾ. പക്ഷേ, കഴിഞ്ഞ ഐ‌പി‌എൽ വിജയിച്ച എംഎസ് കൃത്യസമയത്ത് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു എന്ന് ഞാൻ കരുതുന്നു,” മുൻ ദക്ഷിണാഫ്രിക്കൻ താരം കൂട്ടിച്ചേർത്തു. 2020 ഐപിഎൽ സീസണിൽ ചരിത്രത്തിൽ ആദ്യമായി പ്ലേഓഫിൽ കടക്കുന്നതിൽ സിഎസ്‌കെ പരാജയപ്പെട്ടിരുന്നു. എന്നിരുന്നാലും, 2021-ൽ നാലാം കിരീടം നേട്ടത്തോടെയാണ് സിഎസ്കെ തങ്ങളുടെ പ്രതാപത്തിലേക്ക് തിരിച്ചുവന്നത്.

“അവസാനത്തിന് മുമ്പുള്ള സീസൺ അദ്ദേഹത്തെ (ധോണി) വളരെയധികം വേദനിപ്പിച്ചിട്ടുണ്ട്. തിരിച്ചുവന്ന് ട്രോഫി നേടിയ ശേഷം ‘ഞാൻ ഇനിയും കളിക്കും, പക്ഷേ മറ്റാരെങ്കിലും ക്യാപ്റ്റൻസി ഏറ്റെടുക്കും, പിന്തുണയ്ക്കാൻ ഞാൻ ഉണ്ടാകും. ഇത് ഒരു മികച്ച നീക്കമാണ്,” ഡിവില്ലിയേഴ്സ് പറഞ്ഞു. “എംഎസ് ആസ്വദിച്ച് വീണ്ടും ആ വലിയ സിക്‌സറുകൾ അടിക്കുന്നത് കാണാൻ ഞാൻ ആവേശത്തോടെ കാത്തിരിക്കുകയാണ്. തന്ത്രങ്ങളെക്കുറിച്ചും ടീമംഗങ്ങളെ നിരീക്ഷിക്കേണ്ടതിനെക്കുറിച്ചും അദ്ദേഹത്തിന് ഇനി അധികം ചിന്തിക്കേണ്ടതില്ല. അയാൾക്ക് മൈതാനത്തിറങ്ങി സിക്‌സറുകൾ അടിച്ച് ലോകത്തെ മുഴുവൻ രസിപ്പിക്കാം,” ഡിവില്ലിയേഴ്സ് പറഞ്ഞു നിർത്തി.