യൂഎഇ ടീമിലും മലയാളി ക്യാപ്റ്റൻ : അഭിമാന നേട്ടം പിറന്നത് ഇങ്ങനെ

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഏഷ്യ കപ്പിനുളള യുഎഇ ദേശീയ ടീമിന്റെ നായകനായി തിരഞ്ഞെടുക്കപ്പെട്ടത് മലയാളി താരം സി പി റിസ്‌വാൻ. ഏതാനും വർഷങ്ങളായി യുഎഇ വൈറ്റ് ബോൾ ടീമിലെ നിർണായക സാന്നിധ്യമാണ് അദ്ദേഹം. ഇപ്പോഴിതാ നായകന്റെ സ്ഥാനം കൂടി കൈവന്നിരിക്കുന്നു.

തലശേരി സ്വദേശിയാണ് ചുണ്ടങ്ങാപോയിൽ പുതിയപുരയിൽ റിസ്‌വാൻ എന്ന സി പി റിസ്‌വാൻ. കേരളത്തിനായി വ്യതസ്ത ജൂനിയർ ടീമുകളിൽ കളിച്ചിട്ടുളള താരം U 25 ടീമിന്റെ നായകൻ കൂടിയായിരുന്നു. കേരളത്തിനായി 2011 സീസണിൽ രഞ്ജി ട്രോഫി കളിച്ചിട്ടുള്ള അദ്ദേഹം വിജയ് ഹസാരെ ട്രോഫിയിലും പങ്കെടുത്തിരുന്നു. അന്നേരം ഇപ്പോഴത്തെ ഇന്ത്യൻ ദേശീയ താരം സഞ്ജു സാംസൺ, കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സച്ചിൻ ബേബി എന്നിവരെല്ലാം സഹതാരങ്ങളായിരുന്നു.

പിന്നീട് ജോലി തേടി 2014ൽ യുഎഇയിലേക്ക് ചേക്കേറി. എങ്കിലും അപ്പോഴും ക്രിക്കറ്റ് വിട്ടില്ല. ജോലിസമയത്തെ ഇടവേളകളിൽ ആഭ്യന്തര ടൂർണമെന്റുകളിൽ മികച്ച പ്രകടനം കാഴ്ചവച്ചുകൊണ്ട് ദേശീയ ടീമിൽ ഇടം നേടാൻ സാധിച്ചു. 2019 ജനുവരി 26ന്‌ നേപ്പാളിനെതിരെ ആയിരുന്നു റിസ്‌വാന്റെ ഏകദിന അരങ്ങേറ്റം. അതിനുശേഷം നേപ്പാളിന്റെകൂടെ തന്നെ ട്വന്റി ട്വന്റി അരങ്ങേറ്റവും നടന്നു.

അന്താരാഷ്ട്ര തലത്തിൽ ഒരു ദേശീയ ടീമിനായി സെഞ്ചുറി നേടിയ ആദ്യ മലയാളി താരമാണ് റിസ്‌വാൻ. 2020ൽ അയർലൻഡിന് എതിരായ ഏകദിനത്തിലായിരുന്നു അത്. ഒരു പാർട്ട് ടൈം ലെഗ് ബ്രേക്ക് ബോളർ കൂടിയായ റിസ്‌വാനെകൂടാതെ മറ്റ് രണ്ട് മലയാളി താരങ്ങളും യുഎഇ ദേശീയ ടീമിൽ ഇപ്പോഴുണ്ട്. ഓൾറൗണ്ടർ ബാസിൽ ഹമീദും കഴിഞ്ഞ U 19 ലോകകപ്പിൽ യുഎഇ നായകനായിരുന്ന അലിഷാൻ ഷറഫുവൂം. ഈ മൂന്ന് പേരുൾപ്പെടെ ടീമിന്റെ പകുതിയോളം താരങ്ങളും ഇന്ത്യൻ വംശജർ തന്നെയാണ്. ഹോങ്കോങ്, കുവൈത്ത്, സിംഗപ്പൂർ എന്നിവർക്ക് എതിരെയാണ് യുഎഇ യോഗ്യത മത്സരങ്ങൾ കളിക്കുന്നത്. അതിൽ മുന്നിലെത്തുന്ന ടീം ഫൈനൽ റൗണ്ടിൽ ഇന്ത്യയും പാക്കിസ്ഥാനും അടങ്ങുന്ന ഗ്രൂപ്പിലേക്ക് യോഗ്യത നേടും.