കരിയറിൽ 15 പരിക്ക് 10 സർജറി!! എന്നിട്ടും ബംഗ്ലാദേശിന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻ!

ബംഗ്ലാദേശ് ക്രിക്കറ്റ് കണ്ട എക്കാലത്തെയും ഏറ്റവും മികച്ച പേസ് ബൗളർമാരിൽ ഒരാളാണ് മഷ്റഫെ മൊർത്താസ. അണ്ടർ-19 കളിക്കാരനെന്ന നിലയിൽ മൊർത്താസ പ്രകടിപ്പിച്ച വേഗവും ആക്രമണോത്സുകതയും, അന്നത്തെ ബംഗ്ലാദേശിന്റെ താൽക്കാലിക ബൗളിംഗ് പരിശീലകനായി പ്രവർത്തിച്ചിരുന്ന മുൻ വെസ്റ്റ് ഇന്ത്യൻ ഫാസ്റ്റ് ബൗളറായ ആൻഡി റോബർട്ട്സിനെ ആകർഷിച്ചു. റോബർട്ട്സിന്റെ ശുപാർശ പ്രകാരം മൊർത്താസയെ ബംഗ്ലാദേശ് എ ടീമിൽ ഉൾപ്പെടുത്തി.

ബംഗ്ലാദേശ് എയ്ക്കുവേണ്ടി ഒരു മത്സരം മാത്രം കളിച്ച മൊർത്താസ, 2001 നവംബർ 8-ന് സിംബാബ്‌വെയ്‌ക്കെതിരെ ധാക്കയിലെ ബംഗബന്ധു നാഷണൽ സ്റ്റേഡിയത്തിൽ തന്റെ 18-ാം വയസ്സിൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു. കൗതുകകരമെന്ന് പറയട്ടെ, ആ മത്സരം മൊർത്താസയുടെ ആദ്യ ഫസ്റ്റ് ക്ലാസ്സ്‌ മത്സരം കൂടി ആയിരുന്നു, ഈ നേട്ടം കൈവരിക്കുന്ന 31-ാമത്തെ കളിക്കാരനും 1899-ന് ശേഷമുള്ള മൂന്നാമത്തെ കളിക്കാരനുമാണ് മൊർത്താസ. തുടർന്ന് 2001-ൽ തന്നെ മൊർത്താസ ബംഗ്ലാദേശ് കുപ്പായത്തിൽ തന്റെ ഏകദിന അരങ്ങേറ്റവും കുറിച്ചു.

2007 ടി20 ലോകകപ്പിൽ ഇറങ്ങിയ ബംഗ്ലാദേശ് ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു മൊർത്താസ. എന്നാൽ, തുടർച്ചയായ പരിക്കുകൾ അദ്ദേഹത്തിന്റെ കരിയറിൽ തിരിച്ചടി ആയപ്പോൾ 2009-ൽ തന്റെ 25-ാം വയസ്സിൽ മൊർത്താസയ്ക്ക് ടെസ്റ്റ്‌ കരിയർ അവസാനിപ്പിക്കേണ്ടി വന്നു. എന്നിരുന്നാലും, ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ തുടർന്ന മൊർത്താസ 2009 ടി20 ലോകകപ്പ് പരാജയത്തെ തുടർന്ന് അഷ്‌റഫുൽ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞപ്പോൾ, ബംഗ്ലാദേശ് ലിമിറ്റഡ് ഓവർ ഫോർമാറ്റ് ടീമിന്റെ ക്യാപ്റ്റനായി ബംഗ്ലാദേശ് ക്രിക്കറ്റ്‌ ബോർഡ്‌ 25-കാരൻ മൊർത്താസയെ നിയോഗിച്ചു.

പിന്നീട്, ബംഗ്ലാദേശ് ക്രിക്കറ്റ്‌ കണ്ടത് അവരുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻമാരിൽ ഒരാളെ ആയിരുന്നു. ഏകദിന, ടി20 ഫോർമാറ്റുകളിൽ ബംഗ്ലാദേശിന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റനായി പരക്കെ കണക്കാക്കപ്പെടുന്ന അദ്ദേഹം, ക്യാപ്റ്റനെന്ന നിലയിൽ 100 ​​ഏകദിന വിക്കറ്റുകൾ നേടുന്ന ചരിത്രത്തിലെ അഞ്ചാമത്തെ ബൗളറായി. മാത്രമല്ല, 2001ൽ ഹാമിൽട്ടണിൽ ന്യൂസിലൻഡിനെതിരായ ടെസ്റ്റിനിടെ മണിക്കൂറിൽ 148 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞ ബംഗ്ലാദേശിലെ ആദ്യ പേസ് ബൗളർ കൂടിയാണ് മൊർത്താസ.

കാൽമുട്ടിലും കണങ്കാലിലും ആകെ പത്ത് സർജറികൾ നടത്തിയ മൊർത്താസയുടെ കരിയറിൽ പതിനഞ്ച് തവണയാണ് പരിക്കുകൾ വില്ലനായത്. എന്നിരുന്നാലും, 36 ടെസ്റ്റും, 220 ഏകദിനവും, 54 ടി20 മത്സരങ്ങളും കളിച്ച മൊർത്താസ, യഥാക്രമം 78, 270, 42 വിക്കറ്റുകൾ വീഴ്ത്തി. ഇപ്പോൾ, ബംഗ്ലാദേശ് അവാമി ലീഗ് പൊളിറ്റിക്കൽ പാർട്ടിയിൽ അംഗമായ മൊർത്താസ, ഇന്ന് അദ്ദേഹത്തിന്റെ ജന്മനാടായ നാറയ്ൽ കോൺസ്റ്റിട്ടുവൻസിയിൽ നിന്നുള്ള പാർലിമെന്റ് അംഗമാണ്.