ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും തന്റെ വിരമിക്കൽ പ്രഖ്യാപിച്ച് ഇംഗ്ലണ്ടിന്റെ ലോകകപ്പ് വിജയനായകൻ ഓയിൻ മോർഗൻ. 2019 ലെ 50 ഓവർ ലോകകപ്പിൽ ഇംഗ്ലണ്ട് ടീമിനെ ജേതാക്കളാക്കിയ നായകനായിരുന്നു മോർഗൻ. മുൻപ് 2002 ജൂലൈയിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും മോർഗൻ തന്റെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ലോകത്താകമാനമുള്ള ഫ്രാഞ്ചൈസി ക്രിക്കറ്റിൽ മോർഗൻ കളിച്ചിരുന്നു. ലണ്ടൻ സ്പിരിറ്റ്, ന്യൂയോർക്ക് സ്ട്രൈക്കേഴ്സ്, പാൾ റോയൽസ് എന്നീ ഫ്രാഞ്ചൈസികൾക്കായി ആണ് മോർഗൺ കളിച്ചിരുന്നത്.
“വളരെ അഭിമാനത്തോടെ തന്നെ ഞാൻ എല്ലാത്തരം ക്രിക്കറ്റിൽ നിന്നും എന്റെ വിരമിക്കൽ പ്രഖ്യാപിക്കുകയാണ്. വളരെ ആലോചിച്ചാണ് ഈ തീരുമാനം കൈക്കൊണ്ടത്. കഴിഞ്ഞവർഷങ്ങളിലൊക്കെയും ക്രിക്കറ്റ് ആയിരുന്നു ജീവിതം. ഇപ്പോൾ പടിയിറങ്ങാനുള്ള കൃത്യമായ സമയം വന്നെത്തിയെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.”- മോർഗൻ പറഞ്ഞു. കഴിഞ്ഞ രണ്ട് സീസണുകളിലും ഹൻഡ്രഡ് ലീഗിൽ ലണ്ടൻ സ്പിരിറ്റ് ടീമിന്റെ നായകനായിരുന്നു മോർഗൻ.

ഏകദേശം 20 വർഷത്തോളം മോർഗൻ പ്രൊഫഷണൽ ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. ആദ്യം അയർലണ്ടിലൂടെ മൈതാനത്ത് എത്തിയ മോർഗൺ പിന്നീട് ഇംഗ്ലണ്ട് ടീമിലേക്ക് ചേക്കേറുകയായിരുന്നു. തന്റെ കരിയറിൽ 855 മത്സരങ്ങളാണ് ഈ സ്റ്റാർ ബാറ്റർ കളിച്ചിട്ടുള്ളത്. ഇതിൽനിന്ന് 24000ലധികം റൺസ് നേടാനും മോർഗന് സാധിച്ചിട്ടുണ്ട്.
എന്തായാലും ഇംഗ്ലണ്ട് ടീമിന് പുത്തൻ ഉണർവ് നൽകിയ ഒരു ഇതിഹാസനായകൻ തന്നെയാണ് ഇപ്പോൾ പടിയിറങ്ങുന്നത്. നിലവിൽ കമന്റെറ്ററായി മോർഗൻ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരുപാട് നാളുകളായി കൊൽക്കത്ത ടീമിന്റെ നിറസാന്നിധ്യവുമായിരുന്നു ഈ ബാറ്റർ. ഇനിയും മോർഗൻ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അണിയറയിൽ തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.