പാകിസ്ഥാൻ – വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാന് തകർപ്പൻ ജയം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 306 റൺസ് വിജയലക്ഷ്യം 4 പന്തുകൾ ശേഷിക്കെയാണ് പാകിസ്ഥാൻ മറികടന്നത്. പാകിസ്ഥാൻ ഇന്നിംഗ്സിൽ നിർണായക ബാറ്റിംഗ് വഴിത്തിരിവുണ്ടാക്കിയ കുശ്ദിൽ ഷായാണ് മത്സരത്തിലെ താരം.
ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ്, ഓപ്പണർ ഷായ് ഹോപ്പിന്റെ (127) സെഞ്ച്വറിയുടെയും ഷമർ ബ്രൂക്സിന്റെ (70) അർധ സെഞ്ച്വറിയുടെയും മികവിലാണ് 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 305 റൺസ് കണ്ടെത്തിയത്. പാകിസ്ഥാന് വേണ്ടി ഫാസ്റ്റ് ബോളർമാരായ ഹാരിസ് റൗഫ് 4-ഉം ഷഹീൻ അഫ്രീദി 2- ഉം വിക്കറ്റുകൾ വീഴ്ത്തി.എന്നാൽ, വെസ്റ്റ് ഇൻഡീസ് ബാറ്റിംഗ് ഇന്നിംഗ്സിനിടെ തേർഡ് അമ്പയർക്കും ബ്രോഡ്കാസ്റ്റേഴ്സിനും സംഭവിച്ച വലിയ അബദ്ധമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ചർച്ചയായിരിക്കുന്നത്.

ഇന്നിംഗ്സിൽ, വെസ്റ്റ് ഇൻഡീസ് ബാറ്റർ കയൽ മയേഴ്സിനെ പാക് പേസർ ഷഹീൻ അഫ്രീദി സ്വന്തം ബോളിൽ സ്വയം ക്യാച്ച് എടുക്കുകയായിരുന്നു. എന്നാൽ, ഷഹീൻ അഫ്രീദിയുടെ ബോൾ നോബോൾ ആണോ എന്ന് സംശയം തോന്നിയതിനാൽ ഓൺ-ഫീൽഡ് അമ്പയർ തീരുമാനം തേർഡ് അമ്പയർക്ക് വിട്ടു.
Ummm… on the DRS they showed front foot replay of Shaheen round the wicket whereas actual wicket ball was from over pic.twitter.com/nxf2s36XVZ
— Osman Samiuddin (@OsmanSamiuddin) June 8, 2022
പക്ഷെ, തേർഡ് അമ്പയർ പരിശോധിച്ച റിപ്ലൈ ദൃശ്യത്തിൽ, വിക്കറ്റ് നഷ്ടമായ കയൽ മയേഴ്സ് നോൺ-സ്ട്രൈക്ക് എൻഡിൽ ആയിരുന്നു. അതായത്, ഷഹീൻ വിക്കറ്റ് വീഴ്ത്തിയ ബോളിന്റെ തൊട്ടു മുൻപുള്ള ബോൾ ആണ് തേർഡ് അമ്പയർ പരിശോധിച്ചത്. ആ സമയത്ത് തേർഡ് അമ്പയർ അദ്ദേഹത്തിന് സംഭവിച്ച അബദ്ധം തിരിച്ചറിഞ്ഞില്ല. എന്നിരുന്നാലും, ക്യാപ്റ്റൻ ബാബർ അസം (103), ഇമാമുൽ ഹഖ് (65), മുഹമ്മദ് റിസ്വാൻ (59) എന്നിവരുടെ ബാറ്റിംഗ് കരുത്തിൽ പാകിസ്ഥാൻ അനായാസം വിജയലക്ഷ്യം മറികടന്നു.