നാളെ അയാളെ ഭയക്കണം😮ഇന്ത്യൻ താരങ്ങൾക്ക് മുന്നറിയിപ്പ്;മുൻ താരം വാക്കുകൾ വൈറൽ

ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യൻ ടീമിന്റെ മുൻനിര ബാറ്റർമാർക്ക് മുന്നറിയിപ്പ് നൽകി മുൻ ഓസ്ട്രേലിയൻ താരവും പരിശീലകനുമായ ടോം മൂഡി. ഒക്ടോബർ 23-ന് നടക്കാനിരിക്കുന്ന ഇന്ത്യ പാകിസ്ഥാൻ മത്സരത്തിന് മുന്നോടിയായി, മത്സരത്തിൽ രോഹിത് ശർമ്മ, വിരാട് കോഹ്‌ലി എന്നിവർ അതീവ ജാഗ്രത പുലർത്തണം എന്ന് ടോം മൂഡി അഭിപ്രായപ്പെട്ടു. പാകിസ്ഥാൻ പേസർ ഷഹീൻ അഫ്രീദി ഉയർത്തുന്ന വെല്ലുവിളി കണക്കിലെടുത്താണ് ഓസ്ട്രേലിയൻ പരിശീലകൻ ഇന്ത്യൻ താരങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്.

2021 ടി20 ലോകകപ്പിൽ ഇന്ത്യ പാകിസ്ഥാനോട് പരാജയപ്പെട്ടപ്പോൾ, കെഎൽ രാഹുൽ, രോഹിത് ശർമ്മ, വിരാട് കോഹ്‌ലി എന്നീ 3 ഇന്ത്യൻ വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ ടോപ് ഓർഡർ തകർത്തത് ഷഹീൻ അഫ്രീദി ആയിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി പരിക്കിന്റെ പിടിയിൽ ആയിരുന്ന ഷഹീൻ അഫ്രീദി, പരിക്ക് മാറിയെത്തി അഫ്‌ഘാനിസ്ഥാനെതിരെയുള്ള ലോകകപ്പ് സന്നാഹ മത്സരത്തിലൂടെ ലോകകപ്പിലേക്കുള്ള തന്റെ വരവ് അറിയിച്ചിട്ടുണ്ട്.

അഫ്‌ഘാനെതിരെ നടന്ന മത്സരത്തിൽ 4 ഓവറിൽ 29 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് ആണ് ഷഹീൻ അഫ്രീദി വീഴ്ത്തിയത്. മത്സരത്തിൽ അഫ്‌ഘാൻ ബാറ്റർ റഹ്മാനുള്ള ഗുർബാസിനെ പുറത്താക്കാനായി ഷഹീൻ അഫ്രീദി എറിഞ്ഞ മരണ യോർക്കർ, ലോകകപ്പിലെ എല്ലാ ടീമുകൾക്കും ഉള്ള മുന്നറിയിപ്പാണ്. ഷഹീന്റെ ബോൾ കാലിൽ തട്ടിയ അഫ്‌ഘാൻ താരം ഗുർബാസിനെ സ്കാനിങ്ങിന് വിധേയനാക്കിയിരിക്കുകയാണ്.

“ഷഹീൻ പരിക്ക് മാറി തിരിച്ചെത്തിയിരിക്കുകയാണ്. ഗുർബാസിനെ പുറത്താക്കിയ യോർക്കർ എല്ലാ ടീമുകൾക്കും ഉള്ള മുന്നറിയിപ്പാണ്. ഞായറാഴ്ച നടക്കാനിരിക്കുന്ന മത്സരത്തിൽ രോഹിത് ശർമ്മ, വിരാട് കോഹ്‌ലി എന്നിവർ കൂടുതൽ കരുതിയിരിക്കണം. ഓപ്പണർമാർ പ്രത്യേകിച്ച് ഷഹീന്റെ ബോളുകളെ ഭയക്കണം. കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യ പാകിസ്ഥാനോട് പരാജയപ്പട്ടതിനുള്ള പ്രധാന കാരണം ഷഹീൻ ആയിരുന്നു,” ടോം മൂഡി പറഞ്ഞു.