ആരാണ് ഡൽഹിയെ തകർത്ത മിന്നൽ താരം😱😱 മൊഹ്‌സിൻ ഖാൻ ആരെന്നറിയാം

ഞായറാഴ്ച്ച (മെയ്‌ 1) വൈകീട്ട് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ 6 റൺസിന് പരാജയപ്പെടുത്തി ലഖ്നൗ സൂപ്പർ ജിയന്റ്സ്. മത്സരത്തിന്റെ ഒരു ഘട്ടത്തിൽ ഡൽഹി ക്യാപിറ്റൽസ്‌ ജയം സ്വപനം കണ്ടെങ്കിലും, പേസർ മൊഹ്‌സിൻ ഖാന്റെ പ്രകടനം കളി എൽഎസ്ജിക്ക് അനുകൂലമാക്കുകയായിരുന്നു.

4 ഓവറിൽ 16 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ യുവ പേസർ, ഇന്നിംഗ്സിന്റെ തുടക്കത്തിൽ തന്നെ മികച്ച ഫോമിലുള്ള ഓപ്പണർ ഡേവിഡ് വാർണറെ (3) മടക്കിയാണ് ഡൽഹിക്ക് ആദ്യ പ്രഹരം നൽകിയത്. തുടർന്ന്, ഡൽഹിയെ ജയത്തിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ച് മികച്ച രീതിയിൽ ബാറ്റ് വീശിയിരുന്ന ക്യാപ്റ്റൻ റിഷഭ് പന്ത് (44), റോവ്മാൻ പവൽ (35) എന്നിവരെയും മൊഹ്‌സിൻ ഖാൻ മടക്കി. ഷാർദുൽ താക്കൂർ (1) ആണ് യുവതാരത്തിന്റെ അവസാന വിക്കറ്റ്.

ഉത്തർപ്രദേശിലെ സംഭാലിൽ നിന്നുള്ള ഇടങ്കയ്യൻ പേസറാണ് മൊഹ്‌സിൻ ഖാൻ. മുമ്പ് 2018 മുതൽ 2020 വരെ മുംബൈ ഇന്ത്യൻസിനൊപ്പം ഉണ്ടായിരുന്ന മൊഹ്‌സിൻ ഖാനെ, 2022-ലെ ഐപിഎൽ ലേലത്തിൽ 20 ലക്ഷം രൂപയ്ക്ക് എൽഎസ്ജി സ്വന്തമാക്കുകയായിരുന്നു. തുടർന്ന്, ഗുജറാത്ത് ടൈറ്റൻസിനെതിരായ എൽഎസ്ജിയുടെ ഉദ്ഘാടന മത്സരത്തിൽ പേസർ ഐപിഎൽ 2022 ൽ തന്റെ ആദ്യ ഐപിഎൽ മത്സരം കളിച്ചു.

ആഭ്യന്തര ക്രിക്കറ്റിൽ ഉത്തർപ്രദേശിന് വേണ്ടി 17 ലിസ്റ്റ് എ മത്സരങ്ങൾ കളിച്ച മൊഹ്‌സിൻ ഖാൻ, 20.92 ശരാശരിയിൽ 5.15 ഇക്കോണമി റേറ്റോടെ 26 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. 28 ടി20കളിൽ 20.08 ശരാശരിയിൽ 7.11 ഇക്കോണമി റേറ്റോടെ 34 വിക്കറ്റുകളും മൊഹ്‌സിൻ ഖാന്റെ പേരിലുണ്ട്. മികച്ച ഇടങ്കയ്യൻ പേസർമാരെ തേടുന്ന ഇന്ത്യൻ ദേശീയ ടീമിന്റെ സെലക്ടർമാരുടെ റഡാറിൽ അധികം വൈകാതെ മൊഹ്‌സിൻ ഖാൻ ഉൾപ്പെടും എന്ന് പ്രതീക്ഷിക്കാം.