“തലൈവരെ നീങ്കളാ “ദിലീപ് സിനിമയിലെ ഹിറ്റ്‌ ഡയലോഗിലെ അമ്പത്തൂർ സിംഹത്തെ മറന്നോ :താരം ജീവിതം അറിയാം

സംവിധായകന്‍ ഭരതന്‍ ജോണ്‍പോളിന്റെ തിരക്കഥയിൽ ചാമരം സിനിമ ചെയ്യാൻ തയ്യാറെടുക്കുന്ന സമയത്ത് ആ സിനിമയുടെ നായകനായി ഒരു പുതുമുഖത്തെ ആയിരുന്നു ആലോചിച്ചത്. അങ്ങനെ മുംബൈയില്‍ ജോലി ചെയ്യുന്ന ഒരു ചെറുപ്പക്കാരന്റെ ഫോട്ടോ ഭരതന്‍ കാണുകയും ആ ചെറുപ്പക്കാരന്‍ തന്റെ സിനിമയിൽ വന്നാല്‍ നന്നാകും എന്നും തോന്നി. സിനിമ വലിയ സ്വപ്നമായി കൊണ്ടു നടന്നിരുന്ന ചെറുപ്പക്കാരന്‍ സംവിധായകന്റെ വിളി വന്ന ഉടൻ തന്നെ മുംബൈയില്‍ നിന്നും തിരിച്ചു.

ചെറുപ്പക്കാരനെ നേരിട്ട് കണ്ടതിന് ശേഷം സിനിമയിലെ പ്രധാന കഥാപാത്രം അവന് തന്നെ നൽകാൻ തീരുമാനമായി. എന്നാല്‍ ഷൂട്ടിംങ്ങിന് ദിവസങ്ങള്‍ക്ക് മുൻപ്സിനിമയുടെ നിര്‍മ്മാതാവ് പുതുമുഖത്തെ നായകനാക്കി സിനിമയൊരുക്കുവാന്‍ തയ്യാറായില്ല. സിനിമയിലെ നായക വേഷം നടൻ രതീഷ് ചെയ്യുകയും ആ ചെറുപ്പക്കാരന് സിനിമയില്‍ ചെറിയൊരു വേഷം മാത്രം ലഭിക്കുകയും ചെയ്തു.
ആ കഥാപാത്രത്തെയും അവതരിപ്പിച്ച് മുംബൈയിലേക്ക് തിരിച്ചുപോയ ചെറുപ്പക്കാരൻ അടുത്ത വര്‍ഷം ഫാസില്‍ സംവിധാനം ചെയ്ത ധന്യ എന്ന സിനിമയില്‍ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് സിനിമയില്‍ സജീവമായി. അന്ന് മുതല്‍ ഇപ്പോഴും മികച്ച കഥാപാത്രങ്ങളെ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടന്റെ പേരാണ് മോഹന്‍ ജോസ്.മുംബൈയില്‍ ഗവണ്‍മെന്റ് ഓഫീസറായി ജോലിക്ക് കയറിയ നടന്റെ ജീവിതത്തിൽ പിന്നെ സിനിമ സംഭവിക്കുകയായിരുന്നു.

പ്രശസ്ത സംഗീതജ്ഞനും അഭിനേതാവുമായിരുന്ന പാപ്പുക്കുട്ടി ഭാഗവതരുടെ മകനും സംവിധായകന്‍ കെ ജി ജോര്‍ജിന്റെ ഭാര്യ സെല്‍മ യുടെ സഹോദരനും കൂടിയായിരുന്നു മോഹൻ ജോസ്.പ്രേം നസീര്‍ പ്രധാന കഥാപാത്രമായി എത്തിയ ജസ്റ്റിസ് രാജ സിനിമയിലാണ് മോഹന്‍ ജോസ് പിന്നീട് അഭിനയിക്കുന്നത്. ജഗന്‍ എന്ന കഥാപാത്രം പ്രേക്ഷകശ്രദ്ധ നേടി. കെജി ജോര്‍ജ് സംവിധാനത്തിൽ ഇറങ്ങിയ ക്ലാസിക് ചിത്രം യവനികയില്‍ ക്ലീനര്‍ കഥാപാത്രത്തേയും നടന്‍ ഗംഭീരമാക്കി. ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫളാഷ്ബാക്ക്, പഞ്ചവടിപ്പാലം, ഇരകള്‍ തുടങ്ങിയ കെജി ജോര്‍ജ് സിനിമകളിലും മോഹന്‍ ജോസ് തന്റെ സാന്നിധ്യം മികവുറ്റത്താക്കി.

മോഹന്‍ലാലിനെ താരപദവിയേക്ക് ഉയര്‍ത്തിയ രാജാവിന്റെ മകന്‍ സിനിമയില്‍ മോഹന്‍ജോസ് അവതരിപ്പിച്ച പീറ്റര്‍, മമ്മൂട്ടിയുടെ ന്യൂഡല്‍ഹി സിനിമയിലെ അപ്പു, ഭൂമിയിലെ രാജാക്കന്മാര്‍ സിനിമയിലെ ഗറില്ല ചന്ദ്രന്‍, നായര്‍ സാബിലെ കേഡറ്റ് ജോസ്, ഏയ് ഓട്ടോ സിനിമയിലെ ചന്ദ്രന്‍ തുടങ്ങിയ കഥാപാത്രങ്ങളായി നടന്‍ തിളങ്ങി. ജോഷി സംവിധാനം ചെയ്ത ലേലം സിനിമയിലെ കീരി വാസവന്‍ നടന്റെ കരിയറിലെ മികച്ചൊരു കഥാപാത്രമായിരുന്നു.ഇപ്പോഴും പ്രേക്ഷകർ കൂടുതൽ ഓർത്തിരിക്കുന്നത് കൊച്ചിരാജാവ് സിനിമയിലെ അമ്പത്തൂര്‍ സിങ്കം എന്ന കഥാ പാത്രത്തെ ആയിരിക്കും. ആദ്ദേഹം ആ സിനിമയിൽ പറഞ്ഞ ‘തലൈവരേ നീങ്കളാ’ എന്ന ഡയലോഗ് ഇപ്പോഴും ട്രോളുകളിലും മീമുകളിലും നിറഞ്ഞുനിൽക്കുന്നവയാണ്.ഹലോ, രൗദ്രം,ചട്ടമ്പിനാട്, ക്രേസി ഗോപാലന്‍ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. ഇപ്പോഴും അഭിനയരംഗത്ത് സജീവമാണ് മോഹന്‍ ജോസ്