തീ ബോളുമായി ഷമി… സ്റ്റമ്പ്സ് പറത്തി ഷമി!!ഞെട്ടി ക്രിക്കറ്റ്‌ ലോകം

നാലാം ടെസ്റ്റിൽ ഇന്ത്യക്കായി ഒരു വമ്പൻ തിരിച്ചുവരവ് നടത്തിയ പേസർ മുഹമ്മദ് ഷാമി. കഴിഞ്ഞ മത്സരത്തിൽ വിശ്രമം അനുവദിക്കപ്പെട്ട ഷാമി ഓസ്ട്രേലിയയുടെ മുൻനിര ബാറ്റർ ലബുഷാനയുടെ കുറ്റിതെറിപ്പിച്ചാണ് വരവറിയിച്ചത്. മത്സരത്തിലെ ആദ്യ സ്പെല്ലിൽ തന്റെ സ്ഥിരത കണ്ടെത്താൻ ഷാമി ബുദ്ധിമുട്ടുന്നത് വളരെ ദൃശ്യമായിരുന്നു. എന്നാൽ രണ്ടാം സ്പെല്ലിൽ കൃത്യമായി ലൈൻ കണ്ടെത്തിയ ഷാമി ലബുഷാനയുടെ കുറ്റി പറത്തുകയാണ് ഉണ്ടായത്.

മത്സരത്തിൽ ഓസ്ട്രേലിയൻ ഇന്നിങ്സിലെ 23ആം ഓവറിലായിരുന്നു ഷാമി ഓസ്ട്രേലിയക്ക് രണ്ടാമത്തെ പ്രഹരം ഏൽപ്പിച്ചത്. ഓവറിലെ രണ്ടാം പന്തിൽ ഷാമിയെ അടിച്ചകറ്റാൻ ശ്രമിക്കുകയായിരുന്നു ലബുഷാന. ബാക്ക് ഓഫ് ലെങ്തിൽ വന്ന ഷാമിയുടെ പന്ത് വലുതായി ബൗൺസ് ചെയ്തതുമില്ല. പന്ത് ഓഫ് സൈഡിലേക്ക് പഞ്ച് ചെയ്യാനായിരുന്നു ലബുഷാനയുടെ ശ്രമം. എന്നാൽ വലിയ ബൗൺസ് ഇല്ലാതെ വന്ന പന്ത് ലബുഷാനയുടെ ബാറ്റിന്റെ എഡ്ജിൽ കൊള്ളുകയും, ഓഫ് സ്റ്റമ്പ് തെറിപ്പിക്കുകയും ചെയ്തു. മത്സരത്തിൽ 20 പന്തുകൾ നേരിട്ട ലബുഷാന 3 റൺസ് മാത്രമാണ് നേടിയത്.

മത്സരത്തിലേക്ക് കടന്നുചെന്നാൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ടെസ്റ്റുകളെ അപേക്ഷിച്ച് ബാറ്റിംഗിന് കൂടുതൽ അനുകൂലമായ പിച്ചാണ് അഹമ്മദാബാദിൽ കാണാൻ സാധിച്ചത്. അതിനാൽ തന്നെ ആദ്യ ഓവറുകളിൽ വളരെ സൂക്ഷ്മതയോടെയാണ് ഓസ്ട്രേലിയൻ ബാറ്റർമാർ ആരംഭിച്ചത്. ഇന്ത്യയുടെ ബോളർമാർ കൃത്യമായ ലൈൻ കണ്ടെത്താൻ ബുദ്ധിമുട്ടുന്നതും ആദ്യ മണിക്കൂറിലെ കാഴ്ചയായിരുന്നു.

എന്നാൽ പിന്നീട് അശ്വിൻ എത്തിയതോടെ മത്സരത്തിൽ ഇന്ത്യ ആദ്യ വിക്കറ്റ് കൊയ്യുകയായിരുന്നു. ശേഷമാണ് മുഹമ്മദ് ഷാമിയുടെ ഒരു രാജകീയ തിരിച്ചുവരവ്. ഒന്നാം ദിനം പൂർണമായും ബാറ്റ് ചെയ്ത് വലിയൊരു സ്കോർ കെട്ടിപ്പടുക്കാനാണ് ഓസ്ട്രേലിയയുടെ ശ്രമം.

Rate this post