5 ഫോർ ഒരു സിക്സ്!!!ബോൾട്ടിന് ഉറക്കമില്ലാത്ത രാത്രി 😱വീഡിയോ കാണാം

മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന ഐപിഎൽ 2022-ലെ 68-ാം മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ 151 റൺസ് വിജയലക്ഷ്യമുയർത്തി ചെന്നൈ സൂപ്പർ കിംഗ്സ്. ഇംഗ്ലീഷ് ഓൾറൗണ്ടർ മൊയീൻ അലിയുടെ ബാറ്റിംഗ് കരുത്തിലാണ് ചെന്നൈ സൂപ്പർ കിംഗ്സ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 150 റൺസ് നേടിയത്.

മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ചെന്നൈ സൂപ്പർ കിംഗ്സിന് ആദ്യ ഓവറിൽ തന്നെ ഓപ്പൺ ഋതുരാജ് ഗെയ്ക്വാദിനെ (2) നഷ്ടമായത് തിരിച്ചടിയായി. എന്നിരുന്നാലും മൂന്നാമനായി ക്രീസിലെത്തിയ മൊയീൻ അലി, ടീമിന്റെ മുഴുവൻ ബാറ്റിംഗ് ഉത്തരവാദിത്വവും ചുമലിലേറ്റിയ രീതിയിലാണ് ഇന്നിംഗ്സ് മുന്നോട്ടു കൊണ്ടുപോയത്. ഓപ്പണർ ഡെവോൺ കോൺവെയെ സാക്ഷിയാക്കി മൊയീൻ അലി തകർത്തടിച്ചതോടെ, ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 83 റൺസ് കൂട്ടിച്ചേർത്തു.

രാജസ്ഥാൻ റോയൽസിന്റെ ന്യൂസിലാൻഡ് പേസർ ട്രെൻന്റ് ബോൾട്ട് ആണ് കൂട്ടത്തിലേറ്റവും തല്ലു മേടിച്ചത്. പവർപ്ലേയിലെ അവസാന ഓവറിൽ 26 റൺസാണ് മൊയീൻ അലി ട്രെന്റ് ബോൾട്ടിനെതിരെ നേടിയത്. ഓവറിലെ ആദ്യ ബോൾ സ്ക്വയർ ലെഗിലൂടെ സിക്സ് പറത്തിയ മൊയീൻ അലി ശേഷിച്ച അഞ്ചു ബോളുകളും ബൗണ്ടറി കണ്ടെത്തി. നാല് ഓവറിൽ ഒരു വിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബോൾട്ട് 44 റൺസ് ആണ് വഴങ്ങിയത്.

57 പന്തിൽ 13 ഫോറും 3 സിക്സും സഹിതം 163.16 സ്ട്രൈക്ക് റേറ്റോടെ 93 റൺസാണ് മൊയീൻ അലി നേടിയത്. കോൺവെ (16), ക്യാപ്റ്റൻ എംഎസ് ധോണി (26) എന്നിവരും ചെറിയ സംഭാവനകൾ ചെയ്തതോടെ സിഎസ്കെയ്ക്ക് മാന്യമായ ടീം ടോട്ടൽ കണ്ടെത്താനായി. ഒബദ് മക്കോയിയുടെ ബോളിൽ റിയാൻ പരാഗിന് ക്യാച്ച് നൽകിയാണ് മൊയീൻ അലി മടങ്ങിയത്.