ലേഡി സച്ചിൻ എന്നുള്ള വിളിയല്ല 😱😱ഒരേയൊരു മിതാലി രാജ്!!അതാണ്‌ ഇതിഹാസ നായിക

എഴുത്ത് : സന്ദീപ് ദാസ്;ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസമായ മിതാലി രാജ് കളിയോട് യാത്രാമൊഴി പറഞ്ഞപ്പോൾ പല മാദ്ധ്യമങ്ങളും എഴുതിയത് ‘ലേഡി സച്ചിൻ’ വിരമിച്ചു എന്നാണ്. സ്ത്രീകൾക്ക് സ്വന്തമായ ഐഡൻ്റിറ്റി ലഭിക്കുന്നതിനുവേണ്ടി പതിറ്റാണ്ടുകളോളം പോരാടിയ ആളാണ് മിതാലി. അങ്ങനെയുള്ള മിതാലിയ്ക്ക് വിടവാങ്ങൽ സമയത്തുപോലും അർഹിച്ച ബഹുമാനം കിട്ടുന്നില്ല. ഇതാണ് ഇന്ത്യൻ സ്ത്രീകളുടെ അവസ്ഥ.

ലേഡി സച്ചിൻ എന്ന പ്രയോഗത്തിന് എന്താണ് പ്രശ്നം എന്ന് ചിന്തിക്കുന്നവരുണ്ടാകും. സച്ചിൻ തെൻഡുൽക്കറെ ആരെങ്കിലും ‘ആൺ മിതാലി’ എന്ന് വിശേഷിപ്പിക്കാറുണ്ടോ? ഇല്ലല്ലോ? അതിൻ്റെ പേരാണ് അസമത്വം.23 വർഷങ്ങൾ നീണ്ടുനിന്ന അസാധാരണമായ കരിയറാണ് മിതാലിയുടേത്. മുന്നൂറിലധികം മത്സരങ്ങൾ,പതിനായിരത്തിലേറെ റണ്ണുകൾ,ഖേൽ രത്ന ഉൾപ്പടെയുള്ള ഉന്നത പുരസ്കാരങ്ങൾ,രണ്ടുതവണ ലോകകപ്പ് റണ്ണേഴ്സ് സ്ഥാനം-ഇത്രയെല്ലാം നേടിയ ഒരു സ്ത്രീ വിരമിക്കുമ്പോഴും നമ്മൾ അവരെ പുരുഷ ക്രിക്കറ്റർമാരോട് താരതമ്യം ചെയ്യുന്നു. ഇത് നീതിനിഷേധമല്ലാതെ മറ്റെന്താണ്?

പണ്ട് മിതാലി രാജ് അഭിപ്രായപ്പെട്ടിരുന്നു-”ഇഷ്ടപ്പെട്ട പുരുഷ ക്രിക്കറ്റർ ആരാണെന്ന ചോദ്യം ഞാൻ നിരന്തരം കേൾക്കാറുണ്ട്. ഫേവറിറ്റ് ഫീമെയ്ൽ ക്രിക്കറ്റർ ആരാണെന്ന ചോദ്യം നിങ്ങൾ പുരുഷ ക്രിക്കറ്റർമാരോട് ചോദിക്കാത്തത് എന്തുകൊണ്ടാണ്?”വ്യക്തമായ രാഷ്ട്രീയ പ്രസ്താവന തന്നെയായിരുന്നു ആ ചോദ്യം. മിതാലിയുടെ ജീവിതം അത്തരം സ്റ്റേറ്റ്മെൻ്റുകളാൽ സമ്പന്നമാണ്.ഒരു പരമ്പരാഗത തമിഴ് കുടുംബത്തിലാണ് മിതാലി ജനിച്ചത്. അവരുടെ ബന്ധുക്കളെല്ലാം പഠനത്തിലാണ് ശ്രദ്ധിച്ചത്. പക്ഷേ കുഞ്ഞു മിതാലി പറഞ്ഞത് ”എനിക്ക് ക്രിക്കറ്റ് കളിക്കണം” എന്നാണ്.

സ്കൂളിൽ പഠിക്കുന്ന കാലത്ത് ജ്യേഷ്ഠസഹോദരനോടൊപ്പമാണ് മിതാലി ക്രിക്കറ്റ് പരിശീലിച്ചത്. ഈ കളി പെൺകുട്ടികൾക്ക് വിധിച്ചിട്ടുള്ളതല്ല എന്ന പരിഹാസം അവർ നിരന്തരം കേട്ടിരുന്നു. ”എന്താ പെണ്ണിന് കുഴപ്പം” എന്ന് തിരിച്ചുചോദിക്കാനുള്ള മനഃസ്സാന്നിദ്ധ്യം ഇളംപ്രായത്തിൽത്തന്നെ മിതാലിയ്ക്കുണ്ടായിരുന്നു.ഇന്ത്യയിലെ മാതാപിതാക്കളോട് മിതാലി പറഞ്ഞു.”പെൺകുട്ടികളെ വിവാഹം കഴിക്കാൻ നിർബന്ധിക്കരുത്. അച്ഛനമ്മമാരുടെ ദുർവാശി മൂലം ഒരുപാട് പ്രതിഭകൾ നശിച്ചുപോകുന്നത് ഞാൻ കണ്ടിട്ടുണ്ട്..”ഈ നാട്ടിലെ സ്ത്രീകളോട് മിതാലി ആഹ്വാനം ചെയ്തു-”നിങ്ങൾക്ക് സ്വന്തം കാലിൽ നിൽക്കാനാവണം. തൊഴിൽ നേടാൻ ശ്രമിക്കണം. അപ്പോൾ നിങ്ങളുടെ കരുത്ത് വർദ്ധിക്കും.”

തൊണ്ണൂറുകളുടെ അവസാനത്തിൽ കളി തുടങ്ങിയ ആളാണ് മിതാലി. പക്ഷേ വനിതാ ക്രിക്കറ്റ് ഇന്ത്യയിൽ ജനപ്രിയമായത് 2017ലെ ലോകകപ്പിനുശേഷം മാത്രമാണ്. വനിതാ ക്രിക്കറ്റിന് മേൽവിലാസം കിട്ടാൻ വേണ്ടി മിതാലി രണ്ട് ദശകങ്ങളോളം കാത്തിരുന്നു. അതികഠിനമായി പ്രയത്നിച്ചു.വനിതാ ക്രിക്കറ്റിന് യാതൊരു നിലവാരവുമില്ല എന്ന് പരിഹസിക്കുന്നവരുണ്ട്. പുരുഷ ക്രിക്കറ്റർമാർക്ക് നല്ല പരിശീലകരും മൈതാനങ്ങളുമുണ്ട്. മീഡിയയുടെ പിന്തുണയുണ്ട്. ഇഷ്ടം പോലെ ടൂർണ്ണമെന്‍റുകൾ കളിക്കാനുണ്ട്. സർവ്വോപരി, മെയിൽ ഡോമിനേറ്റഡ് ആയ സമൂഹത്തിൻ്റെ ലാളനകളുണ്ട്.അതിനോട് താരതമ്യം ചെയ്യുമ്പോൾ വനിതാ ക്രിക്കറ്റർമാരുടെ അവസ്ഥ പരിതാപകരമാണ്. എണ്ണിച്ചുട്ട അപ്പം പോലെ വിരളമായ മത്സരങ്ങളാണ് അവർക്ക് ലഭിക്കുന്നത്. മിതാലിമാർക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലും കുറവാണ്. അതുകൊണ്ടാണ് അവർ പുരുഷൻമാരോടൊപ്പം ഓടിയെത്താനാകാതെ കിതച്ചുനിന്നത്.

മിതാലി ഇനിയും പൊരുതാൻ തന്നെയാണ് നിശ്ചയിച്ചിട്ടുള്ളത്. തൻ്റെ ഭാവിയെക്കുറിച്ച് അവർ മനസ്സുതുറന്നിരുന്നു-”ലേഡി ക്രിക്കറ്റർമാർക്ക് യാതൊരുവിധ അയോഗ്യതകളുമില്ല. പുരുഷതാരങ്ങളെ പരിശീലിപ്പിക്കാൻ ഞങ്ങൾക്ക് സാധിക്കും.”ഇനി മിതാലിയെ പരിശീലകവേഷത്തിൽ കണ്ടേക്കാം. ആയിരക്കണക്കിന് പെൺകുട്ടികൾക്ക് മിതാലി ഇതിനോടകം വഴിവെട്ടിക്കഴിഞ്ഞു. ആ പ്രക്രിയ നിർബാധം തുടരും.ലിംഗസമത്വം യാഥാർത്ഥ്യമാകുന്ന ഒരു ദിനം വരും. അന്ന് മിതാലിയുടെ മുഖത്ത് നിർവൃതിയുടെ ചിരിയുണ്ടാകും. അവരുടെ കാലശേഷമാണ് അത് സംഭവിക്കുന്നതെങ്കിൽ മിതാലിയ്ക്കുവേണ്ടി റെക്കോർഡുകൾ സംസാരിക്കും. എത്ര തരംതാഴ്ത്തി എഴുതിയാലും, എന്തെല്ലാം പരിഹാസങ്ങൾ ചൊരിഞ്ഞാലും മിതാലിയെ അപ്രസക്തയാക്കാനാവില്ല.