ഫ്രാഞ്ചൈസികൾക്ക് തന്നെ വേണ്ട എന്ന് അറിഞ്ഞതോടെ ഉറങ്ങാൻ കിടന്നു ; അടുത്ത ദിവസം ഉണരുമ്പോൾ ഞാൻ രാജസ്ഥാനിൽ

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) 2022 മെഗാ ലേലം തീർച്ചയായും ഐപിഎൽ ചരിത്രം കണ്ട ഏറ്റവും വലിയ താരലേലം ആയിരുന്നു. കാരണം, ചില പ്രമുഖർ അപ്രതീക്ഷിതമായി ഐപിഎൽ ഫ്രാഞ്ചൈസികൾക്ക് ആവശ്യമില്ലാത്തവർ ആയി മാറിയപ്പോൾ, സമീപകാലത്തെ ശ്രദ്ധേയമായ പ്രകടനങ്ങളിലൂടെ പല താരങ്ങളും കന്നി ഐപിഎൽ കരാറുകൾ സ്വന്തമാക്കി. ന്യൂസിലൻഡ് ഓൾറൗണ്ടർ ഡാരിൽ മിച്ചൽ അവസാനം പറഞ്ഞ വിഭാഗത്തിൽ ഉൾപ്പെട്ട താരമാണ്.

പ്രഥമ ഐപിഎൽ സീസൺ ചാമ്പ്യൻമാരായ രാജസ്ഥാൻ റോയൽസ്‌, ആദ്യ റൗണ്ട് ഓക്ഷനിൽ ആവശ്യക്കാരില്ലാതെ അൺസോൾഡ് ആയ ന്യൂസിലൻഡ് ഓൾറൗണ്ടറെ, രണ്ടാം റൗണ്ട് ലേലത്തിൽ അടിസ്ഥാന വിലയായ 75 ലക്ഷം രൂപയ്ക്കാണ് സ്വന്തമാക്കിയത്. എന്നാൽ, ഈ വാർത്ത താൻ അറിഞ്ഞ സന്ദർഭവും, അപ്പോഴുണ്ടായ മാനസ്സികാവസ്ഥയും, ന്യൂസിലൻഡ് ക്രിക്കറ്റിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ ഡാരിൽ മിച്ചൽ വെളിപ്പെടുത്തിയിരിക്കുകയാണ്.

“അത് അൽപ്പം വിചിത്രമായ അനുഭവമായിരുന്നു. കാരണം, അന്ന് രാത്രി ഞാനും ഭാര്യയും കുറച്ചു നേരം ഓക്ഷൻ കണ്ടു. ആദ്യ റൗണ്ടിൽ എന്നെ ആരും തിരഞ്ഞെടുത്തില്ല എന്ന് കണ്ടതോടെ, എല്ലാം കഴിഞ്ഞു എന്ന് കരുതി ഞങ്ങൾ ഉറങ്ങാൻ കിടന്നു. എന്നാൽ, അടുത്ത ദിവസം രാജസ്ഥാൻ റോയൽസ് എന്നെ സൈൻ ചെയ്തിരിക്കുന്നത് കണ്ടാണ് ഞാൻ ഉണരുന്നത്,” മിച്ചൽ പറഞ്ഞു.

“ഞാൻ ശരിക്കും ആവേശത്തിലാണ്. ഐപിഎൽ കളിക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും, കഴിഞ്ഞ ലേലങ്ങളിൽ നിരാശയായിരുന്നു ഫലം. അടുത്ത കുറച്ച് മാസങ്ങളിലെ ഐപിഎൽ അനുഭവത്തിനായി ഞാൻ ശരിക്കും കാത്തിരിക്കുകയാണ്. ഇത് ലോകത്തിലെ ഏറ്റവും വലിയ ടി20 ടൂർണമെന്റാണ്, അവിടെ പോയി ലോകോത്തര കളിക്കാരുമായി ഒരുമിച്ച് കളിക്കാൻ സാധിക്കുന്നത്, എന്നിലെ ക്രിക്കറ്ററുടെ വളർച്ചയ്ക്ക് സഹായകരമാകും,” 30-കാരൻ കൂട്ടിച്ചേർത്തു.