മിച്ചൽ മാർഷിന്റെ മണ്ടൻ തീരുമാനം!! ഡൽഹി നൽകേണ്ടി വന്നത് വലിയ പിഴ

ഐപിഎൽ 2022 ലെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ്‌ 6 റൺസിന് പരാജയപ്പെട്ടു. ബാറ്റിംഗിൽ നായകൻ കെഎൽ രാഹുലും ബൗളിംഗിൽ യുവ പേസർ മൊഹ്‌സിൻ ഖാനും തിളങ്ങിയതാണ് എൽഎസ്ജിയുടെ വിജയത്തിൽ നിർണ്ണായകമായത്. എന്നിരുന്നാലും, ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ മിച്ചൽ മാർഷിന്റെ നിർഭാഗ്യകരമായ പുറത്താകൽ ഡൽഹി ക്യാപിറ്റൽസിന്റെ പരാജയത്തിന് പിന്നിലെ പ്രധാന കാരണങ്ങളിൽ ഒന്നായി.

ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് പ്ലേയിംഗ് ഇലവനിൽ അവേഷ് ഖാന്റെ പകരക്കാരനായി എത്തിയ കൃഷ്ണപ്പ ഗൗതം, മത്സരത്തിന്റെ എട്ടാം ഓവറിൽ തന്റെ ആദ്യ ഓവർ എറിയാൻ എത്തി, തന്റെ ആദ്യ പന്തിൽ തന്നെ മികച്ച രീതിയിൽ ബാറ്റ് ചെയ്തിരുന്ന മിച്ചൽ മാർഷിന്റെ വിക്കറ്റ് വീഴ്ത്തിയത് കളിയുടെ ഗതി മാറ്റുകയായിരുന്നു. ഗൗതമിന്റെ ഒരു ഗുഡ് ലെങ്ത് ബോൾ, കവറിലൂടെ ഒരു ഡ്രൈവ് കളിക്കാൻ ശ്രമിച്ച മാർഷിനെ വിക്കറ്റ് കീപ്പർ ക്വിന്റൺ ഡിക്കോക്ക് പിടികൂടുകയായിരുന്നു.

എൽഎസ്ജി വിക്കറ്റ് കീപ്പർ ക്വിന്റൺ ഡിക്കോക്ക് ക്യാച്ച് എടുത്ത ഉടനെ ആഹ്ലാദ പ്രകടനം നടത്തുകയും, ഓൺ-ഫീൽഡ് അമ്പയർ വിക്കറ്റ് അനുവദിക്കുകയും ചെയ്തു. തുടർന്ന്, മിച്ചൽ മാർഷ് അപ്പീൽ നൽകാൻ മുതിരാതെ നിരാശയോടെ ഡഗൗട്ടിലേക്ക് മടങ്ങി. 20 പന്തിൽ 3 ഫോറും 3 സിക്‌സും ഉൾപ്പെടെ 37 റൺസിൽ അദ്ദേഹത്തിന്റെ ഇന്നിംഗ്‌സ് അവസാനിച്ചു. എന്നാൽ, പിന്നീട് കാണിച്ച റിപ്ലൈ ദൃശ്യങ്ങൾ ഡൽഹി ക്യാപിറ്റൽസ് ഡഗൗട്ടിനെ കൂടുതൽ നിരാശരാക്കി.

കാരണം, പിന്നീട് കാണിച്ച അൾട്രാ-എഡ്ജ് ദൃശ്യങ്ങളിൽ പന്ത് ബാറ്റിന്റെ അരികിലായിരിക്കുമ്പോൾ സ്പൈക്ക് ഇല്ലെന്ന് കാണിച്ചു. അതായത്, ഒരുപക്ഷെ മിച്ചൽ മാർഷ് റിവ്യൂ എടുത്തിരുന്നെങ്കിൽ, ഫീൽഡ് അമ്പയറുടെ തീരുമാനം തേർഡ് അമ്പയർ തിരുത്തിയേനെ. ഇത് ഡെൽഹി ക്യാപിറ്റൽസ് ഡഗൗട്ടിനെ മുഴുവനായും നിരാശയിലേക്ക് നയിച്ചു. മുഖ്യ പരിശീലകൻ റിക്കി പോണ്ടിംഗ് ഉൾപ്പടെയുള്ളവരുടെ മുഖഭാവത്തിൽ നിന്ന് മിച്ചൽ മാർഷിന്റെ വിക്കറ്റ് ഡൽഹിക്ക് എത്രത്തോളം തിരിച്ചടിയായി എന്ന് വ്യക്തമായിരുന്നു.