അനിൽ കുംബ്ലെ കാരണം വഴിയടഞ്ഞ ലെഗ്ബ്രേക്കുകൾ ; ഇന്ത്യൻ സ്പിൻ യൂണിറ്റിന്റെ നേതൃത്വം ഏറ്റെടുത്തപ്പോഴേക്കും യുവനിരയും വിലങ്ങുതടിയായി

2000-ങ്ങളുടെ തുടക്കത്തിൽ തന്റെ ക്ലാസിക്കൽ, അറ്റാക്കിംഗ് ലെഗ്ബ്രേക്കുകൾ കൊണ്ടും വിചിത്രമായ ഗൂഗ്ലികൾ കൊണ്ടും ബാറ്റ്സ്മാൻമാരെ എറിഞ്ഞു വീഴ്ത്തി ആഭ്യന്തര ക്രിക്കറ്റിൽ ശ്രദ്ധേയനായ താരമാണ് അമിത് മിശ്ര. എന്നിരുന്നാലും, അനിൽ കുംബ്ലെ, ഹർഭജൻ സിംഗ് എന്നീ ഇന്ത്യൻ ടീമിലെ വന്മരങ്ങളുടെ നിഴലായി മാത്രം ഒതുങ്ങാൻ വിധിക്കപ്പെട്ട ഹരിയാന ലെഗ്സ്പിന്നർക്ക്, ഇന്ത്യൻ ടീമിന് വേണ്ടിയുള്ള അരങ്ങേറ്റത്തിനായി 2003 വരെ കാത്തിരിക്കേണ്ടി വന്നു.

2003-ൽ ബംഗ്ലാദേശിൽ നടന്ന ഏകദിന ത്രികോണ മത്സരത്തിനിടെയാണ് മിശ്ര അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. എന്നാൽ, മിശ്രയ്ക്ക് ഇന്ത്യൻ ജേഴ്സിയിൽ തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്നതിനായി പിന്നെയും വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു. 2008-ൽ മൊഹാലിയിൽ നടന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റിൽ പരിക്ക്‌ മൂലം കുംബ്ലെ ടീമിൽ നിന്ന് പുറത്തായതിനെ തുടർന്നാണ് മിശ്രയ്ക്ക് ആദ്യ ടെസ്റ്റ്‌ മത്സരത്തിനുള്ള അവസരം തുറന്നു കിട്ടിയത്.

സ്വപ്നതുല്ല്യമായ അരങ്ങേറ്റം ലഭിച്ച മിശ്ര, ആദ്യ മത്സരത്തിൽ തന്നെ 5 വിക്കറ്റ് പ്രകടനം നടത്തി. അരങ്ങേറ്റത്തിൽ തന്നെ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന ആറാമത്തെ ഇന്ത്യക്കാരനാണ് മിശ്ര. ഓസ്‌ട്രേലിയൻ ബാറ്റിംഗ് നിരയെ തന്റെ മാജിക്‌ സ്പിന്നിൽ കുടുക്കിയ മിശ്ര, മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ 13 വിക്കറ്റുകൾ വീഴ്ത്തി. തന്റെ അരങ്ങേറ്റ പരമ്പര കുംബ്ലെയുടെ അവസാനത്തെ പരമ്പരയായി ഒത്തുവന്നതോടെ, ഇന്ത്യയുടെ ഒന്നാം നിര ലെഗ്സ്പിന്നറായി സ്വയം സ്ഥാപിക്കാൻ അദ്ദേഹത്തിന് ഒത്തുവന്ന ഓപ്പണിംഗ് ആയിരുന്നു അത്.

എന്നാൽ, സ്പിന്നർമാർക്ക് ഒരുകാലത്തും ക്ഷാമമില്ലാതിരുന്ന ഇന്ത്യൻ ടീമിലേക്ക്, പുതുമുഖങ്ങൾ എത്തി തുടങ്ങിയതോടെ മിശ്രയുടെ അവസരങ്ങൾ ഗണ്യമായി കുറഞ്ഞു. ഇടക്കാലത്ത് ഇന്ത്യൻ ടീമിലേക്ക് വീണ്ടും കോൾ-അപ്പ്‌ ലഭിച്ചെങ്കിലും, അശ്വിൻ – ജഡേജ കൂട്ടുകെട്ട് ഇന്ത്യൻ സ്പിൻ യൂണിറ്റ് കൈകാര്യം ചെയ്യാൻ തുടങ്ങിയതോടെ അമിത് മിശ്ര ഇന്ത്യൻ ടീമിൽ നിന്ന് പൂർണ്ണമായി പുറത്തായി. എന്നിരുന്നാലും, ആഭ്യന്തര ക്രിക്കറ്റിൽ ഹരിയാനക്ക് വേണ്ടിയും, ഐപിഎല്ലിൽ വിവിധ ഫ്രാഞ്ചൈസികൾക്ക് വേണ്ടിയും മികച്ച പ്രകടനം നടത്തുന്ന മിശ്ര ക്രിക്കറ്റിനോട്‌ പൂർണ്ണമായി വിട പറഞ്ഞിട്ടില്ല.

വരുന്ന ഐപിഎൽ മെഗാ താരലേലത്തിൽ ഏറ്റവും പ്രായമേറിയ ഇന്ത്യൻ താരമാണ് 39-കാരനായ അമിത് മിശ്ര. ഐപിഎൽ ചരിത്രത്തിൽ മൂന്ന് ഹാട്രിക്കുകൾ നേടിയ ഒരേയൊരു ബോളറായ അമിത് മിശ്രയെ ഇനി 2022 ഐപിഎൽ സീസണിൽ പുതിയ തട്ടകത്തിൽ കാണാം.