അവൻ ഇന്ത്യൻ ഡിവില്ലേഴ്‌സ്!! വാനോളം പുകഴ്ത്തി പാക് മുൻ താരം

ടി20 ലോകകപ്പിൽ ഇന്ത്യ കൂടുതൽ നിർണായകമായ മത്സരങ്ങളിലേക്ക് കടന്നു കൊണ്ടിരിക്കുകയാണ്. ആദ്യ മത്സരത്തിൽ പാകിസ്ഥാനെ പരാജയപ്പെടുത്താൻ ഇന്ത്യക്ക് സാധിച്ചിരുന്നു, തുടർന്നുള്ള മത്സരത്തിൽ താരതമ്യേനെ ചെറിയ എതിരാളികളായ നെതർലൻഡ്സിനെയും ഇന്ത്യ വിജയകരമായി മറികടന്നു. എന്നാൽ, മൂന്നാം മത്സരത്തിൽ ടെമ്പ ബാവുമയുടെ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ പരാജയം നേരിടുകയായിരുന്നു.

ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ പരാജയപ്പെട്ടെങ്കിലും, മത്സരത്തിൽ ഇന്ത്യയ്ക്ക് പൊരുതാൻ സാധ്യമായ മാന്യമായ സ്കോർ സമ്മാനിച്ചത് സൂര്യകുമാർ യാദവ് ആയിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ 133 റൺസ് എടുത്തപ്പോൾ, 40 പന്തിൽ 68 റൺസ്‌ എടുത്ത് സൂര്യകുമാർ യാദവ് ഇന്ത്യൻ നിരയിൽ തിളങ്ങിയിരുന്നു. ഇപ്പോൾ, സൂര്യകുമാർ യാദവിനെ പ്രശംസിച്ചിരിക്കുകയാണ് മുൻ പാകിസ്ഥാൻ താരങ്ങൾ.

മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ മിസ്ബാഹ് ഉൽ ഹഖ് സൂര്യകുമാറിനെ ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച മധ്യനിര ബാറ്റ്സ്മാൻ എന്ന് വിലയിരുത്തി, അതിനു പിന്നിലെ അദ്ദേഹം കാരണവും വിശദീകരിച്ചു. “ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച മധ്യനിര ബാറ്റ്‌സ്മാനാണ് അദ്ദേഹം. 170 സ്‌ട്രൈക്ക് റേറ്റിൽ, ഈ മത്സര സാഹചര്യത്തിൽ, ഈ ബൗളിംഗിനെതിരെ, ഈ പിച്ചിൽ, അത് അതിശയകരമാണ്. അങ്ങനെയൊരു ഇന്നിംഗ്സ് ഞാൻ കണ്ടിട്ടില്ല. ഈ പിച്ചിൽ പന്ത് എവിടെ പതിക്കുമെന്നും എവിടെ അടിക്കാമെന്നും അയാൾക്ക് അറിയാമായിരുന്നു,” മിസ്ബ ചൂണ്ടിക്കാട്ടി.

പിന്നാലെ, സൂര്യകുമാറിന്റെ ടി20 ഫോർമാറ്റിലെ മികച്ച പ്രകടനത്തെക്കുറിച്ച് ഷൊയ്ബ് മാലിക്കും സംസാരിച്ചു. “അവന്റെ വിജയത്തിനും സ്ഥിരതയ്ക്കും കാരണം അവൻ തന്റെ കളിയിൽ മാറ്റം വരുത്തുന്നില്ല എന്നതാണ്. 2 ഇന്നിംഗ്‌സുകളിൽ പുറത്താകുമ്പോഴും അദ്ദേഹത്തിന്റെ കളിയുടെ രീതി ഒന്നുതന്നെയാണ്. അതെ, അവൻ സാഹചര്യങ്ങളെയും ബൗളർമാരെയും നന്നായി വിലയിരുത്തുകയും ഏതൊക്കെ ഷോട്ടുകൾ പ്രവർത്തിക്കുമെന്ന് തീരുമാനിക്കുകയും ചെയ്യുന്നു. ബൗളർമാരുടെ മനസ്സ് കൊണ്ടാണ് അദ്ദേഹം കളിക്കുന്നത്. ഈ കഴിവ് ഞാൻ എബി ഡിവില്ല്യേഴ്സിൽ കണ്ടിട്ടുണ്ട്, ” മാലിക് പറഞ്ഞു.