സൂര്യകുമാർ യാദവിന്റെ ഡ്യൂപ്ലിക്കേറ്റിനെ കണ്ടെത്തി പാകിസ്ഥാൻ!! പൊരിഞ്ഞ അടി

പാകിസ്ഥാൻ സൂപ്പർ ലീഗിന്റെ പുതിയ കണ്ടുപിടുത്തമായി മാറിയിരിക്കുകയാണ് ഇസ്ലാമാബാദ് യുവതാരം ആസാം ഖാൻ. മുൻ പാക്കിസ്ഥാൻ ക്രിക്കറ്ററായ മോയിൻ ഖാന്റെ പുത്രനായ ആസാം മികച്ച പ്രകടനങ്ങളാണ് പിഎസ്എല്ലിൽ കാഴ്ച വയ്ക്കുന്നത്.

ഇസ്ലാമാബാദിന്റെ ക്വാട്ട ടീമിനെതിരായ മത്സരത്തിൽ 42 പന്തുകളിൽ നിന്ന് ആസാം 97 റൺസായിരുന്നു നേടിയത്. ഇന്നിംഗ്സിൽ 9 ബൗണ്ടറികളും എട്ട് സിക്സറുകളും ആസാം നേടുകയുണ്ടായി. ഈ ഇന്നിങ്സിനു ശേഷം അഭിനന്ദനങ്ങളുടെ പ്രവാഹമാണ് ആസാം ഖാനെ തേടിയെത്തിയിരിക്കുന്നത്. ഇന്ത്യൻ താരം സൂര്യകുമാർ യാദവിനെ പോലെ റെഞ്ച് ഉള്ള ക്രിക്കറ്ററാണ് ആസാം ഖാൻ എന്നാണ് മുൻ പാക് താരം മിസ്ബ ഉൾ ഹഖ് പറഞ്ഞത്.

“നമ്മൾ സൂര്യകുമാർ യാദവിനെ പറ്റി സംസാരിക്കാറുണ്ട്. അയാൾ പുതിയ ഷോട്ടുകൾ കളിക്കുകയും, മൈതാനത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും നമുക്ക് ചിന്തിക്കാൻ പോലും സാധിക്കാത്ത ഷോട്ടുകൾ തൊടുത്തുവിടുകയും ചെയ്യാറുണ്ട്. കഴിഞ്ഞദിവസം ആസാം കളിച്ച ഇന്നിംഗ്സും ഇതുപോലെ സ്പെഷ്യൽ ആയിരുന്നു. എക്സ്ട്രാ കവറിനും പോയിന്റിനു മുകളിലൂടെയും നേടിയ ഷോട്ടുകളും, ഫൈൻ ലെഗ്ഗിനും സ്ക്വയർ ലെഗ്ഗിനും മുകളിലൂടെ നേടിയ ഷോട്ടുകളുമൊക്കെ അത്യുഗ്രൻ തന്നെയായിരുന്നു.”- മിസ്ബാ പറഞ്ഞു.

ഫിറ്റ്നസ് മാത്രമാണ് ആസാം ഖാന്റെ മുൻപിൽ ഇപ്പോഴുള്ള വെല്ലുവിളി എന്നായിരുന്നു മുൻ പാക്കിസ്ഥാൻ നായകൻ ഇൻസമാം ഉൾ ഹഖ് പറഞ്ഞത്. ” ആസാം അയാളുടെ പിതാവിനെപ്പോലെ വളരെ നന്നായി കളിക്കുന്നുണ്ട്. അയാൾക്ക് നല്ല കഴിവുമുണ്ട്. അയാൾ ഒരു സ്വാഭാവിക വെടിക്കെട്ട് കളിക്കാരനാണ്. അയാൾ കുറച്ചു കൂടി ഫിറ്റ്നസിൽ ശ്രദ്ധിക്കണം. ഷാഹിദ് അഫ്രീദിയും മിസ്ബയുമോക്കെ ഇതിനെപ്പറ്റി ശ്രദ്ധിക്കുന്നുണ്ടാവും. “- ഇന്‍സമാം കൂട്ടിച്ചേർക്കുന്നു.

മത്സരത്തിൽ ആസാം ഖാന്റെ മികവിൽ 220 റൺസാണ് ഇസ്ലാമാബാദ് ടീം നേടിയത്. മറുപടി ബാറ്റിംഗിൽ ക്വാട്ടയുടെ ഇന്നിംഗ്സ് 157 റൺസിൽ അവസാനിക്കുകയായിരുന്നു. എന്തായാലും വളരെ ശ്രദ്ധേയമായ പ്രകടനം തന്നെയാണ് ആസം ഖാൻ മത്സരത്തിൽ കാഴ്ചവച്ചത്.

Rate this post