മലയാളികൾക്ക് അഭിമാനമായി വനിതാ ക്രിക്കറ്റർ മിന്നുമണി. വനിത ഐപിഎൽ ലേലത്തിൽ വയനാട്ടിൽ നിന്നുള്ള മിന്നുമണിയെ ഡൽഹി ക്യാപിറ്റൽസ് ടീം സ്വന്തമാക്കിയിട്ടുണ്ട്. വനിത ഐപിഎല്ലിൽ കളിക്കാനായി തിരഞ്ഞെടുക്കുന്ന ആദ്യ മലയാളി താരമാണ് മിന്നുമണി. പത്തുലക്ഷം രൂപയായിരുന്നു ലേലത്തിൽ മിന്നുവിന്റെ അടിസ്ഥാന വില. എന്നാൽ ഡൽഹിക്കൊപ്പം റോയൽ ചലഞ്ചേഴ്സ് ടീമും മിന്നുവിനായി രംഗത്ത് വരികയുണ്ടായി. അങ്ങനെ 30 ലക്ഷം രൂപയ്ക്ക് ഡൽഹി ടീം മിന്നുവിനെ സ്വന്തമാക്കുകയാണ് ഉണ്ടായത്.
വയനാട്ടിലെ എടപ്പാടി സ്വദേശിയായ മിന്നുമണി ചെറുപ്പം മുതൽ ക്രിക്കറ്റിനോട് അങ്ങേയറ്റം താല്പര്യമുള്ള ആളായിരുന്നു. വയനാട്ടിലെ ആദിവാസി വിഭാഗത്തിൽനിന്നുള്ള മിന്നു വയലുകളിൽ ക്രിക്കറ്റ് കളിച്ചായിരുന്നു വളർന്നത്. ശേഷം പലതരത്തിലും മിന്നുവിന്റെ ജീവിതം മാറിമറിയുകയാണ് ഉണ്ടായത്. ആദ്യം മാനന്തവാടി സ്കൂൾ ടീമിലായിരുന്നു മിന്നു കളിച്ചത്. അവിടത്തെ മികച്ച പ്രകടനങ്ങളോടെ മിന്നുവിന് കേരള ടീമിലേക്ക് വിളി വന്നു.

ബാറ്റിങ്ങിലും ബോളിങ്ങിലും മികവാർന്ന പ്രകടനം കേരളത്തിനുവേണ്ടി മിന്നു കാഴ്ചവെച്ചിരുന്നു. അങ്ങനെയാണ് ഇന്ത്യയുടെ എ ടീമിലേക്ക് മിന്നു ക്ഷണിക്കപ്പെട്ടത്. ശേഷം മിന്നുവിന്റെ കരിയർ ഗ്രാഫ് ഉയരുകയാണ് ഉണ്ടായത്. ഒരു ഓഫ് സ്പിന്നറും ഇടംകയ്യൻ ബാറ്ററുമാണ് 23 കാരിയായ മിന്നുമണി. എന്തായാലും മലയാളികളെ സംബന്ധിച്ച് അഭിമാന നിമിഷം തന്നെയാണ് മിന്നുമണിയുടെ ഐപിഎൽ പ്രവേശനം.
വനിത ഐപിഎൽ ലേലത്തിലേക്ക് കടന്നുചെന്നാൽ ടീമുകൾ ഇന്ത്യൻ താരങ്ങൾക്കായി പണം വാരിയെറിയുന്നത് തന്നെയാണ് കാണാനായത്. ഇന്ത്യയുടെ സ്റ്റാർ ബാറ്റർ സ്മൃതി മന്ദന, ഹർമൻപ്രീറ്റ് കോർ, ദീപ്തി ശർമ്മ, ഷഫാലി വർമ തുടങ്ങിയവർക്ക് വലിയ വില തന്നെയാണ് ലേലത്തിൽ ലഭിച്ചത്.