എല്ലാം ഒരു കളിയല്ലേ? സഞ്ജുവിനെ തഴഞ്ഞതിനെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വീണ്ടും രംഗത്ത്

വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് മലയാളി വിക്കറ്റ് കീപ്പർ – ബാറ്റർ സഞ്ജു സാംസണെ തഴഞ്ഞതിൽ വീണ്ടും വിമർശനവുമായി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സഞ്ജുവിന്റെ വലിയ ആരാധകനായ മന്ത്രി, നേരത്തെയും സഞ്ജുവിനെ തഴയുമ്പോൾ രൂക്ഷ ഭാഷയിൽ ഇന്ത്യൻ സെലക്ഷൻ കമ്മിറ്റിയെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. മാത്രമല്ല, സഞ്ജുവിനെ വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന ടീമിലേക്ക് തിരഞ്ഞെടുത്തപ്പോൾ സഞ്ജുവിന് അഭിനന്ദനങ്ങൾ അറിയിച്ചും വി ശിവൻകുട്ടി പോസ്റ്റ് ചെയ്തിരുന്നു.

ഇപ്പോൾ, ടി20 ലോകകപ്പ് വരാനിരിക്കുന്ന സാഹചര്യത്തിൽ വീണ്ടും സഞ്ജു സാംസണെ ടി20 സ്ക്വാഡിൽ നിന്ന് തഴഞ്ഞതിനെതിരെ, മന്ത്രി പരിഹാസം കലർന്ന വിമർശനം നടത്തി. ‘He deserves better’ എന്ന് എഴുതിയ ബാഗ്രൗണ്ടിൽ സഞ്ജു ഇന്ത്യൻ ജേഴ്സിയണിഞ്ഞ് തലതാഴ്ത്തി നടന്നുനീങ്ങുന്ന ചിത്രം പങ്കുവെച്ചുകൊണ്ട്, ‘കളിയല്ലേ ഇന്ത്യൻ ടീം തെരഞ്ഞെടുപ്പിനായി പരിഗണിക്കുന്നത്?’ എന്ന വാചകവും മന്ത്രി ചേർത്തു.

ചേതൻ ശർമ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ സെലക്ഷൻ കമ്മിറ്റി, നോർത്ത് ഇന്ത്യൻ ലോബിയെ മാത്രമാണ് പരിഗണിക്കുന്നത് എന്ന് വി ശിവൻകുട്ടി നേരത്തെയും തുറന്ന് പറഞ്ഞിരുന്നു. സഞ്ജുവിനെ തഴഞ്ഞതിൽ മലയാളി ക്രിക്കറ്റ് ആരാധകർക്ക് സ്വാഭാവികമായി ഉണ്ടാകുന്ന വിഷമവും അമർശവുമാണ് മന്ത്രിയുടെ പോസ്റ്റിൽ വെളിപ്പെടുന്നത്.

ടീമിൽ വിക്കറ്റ് കീപ്പർമാരുടെ ആധിക്യം ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണെങ്കിലും, ഒരു സ്പെഷ്യലിസ്റ് ബാറ്ററായും സഞ്ജുവിനെ ടീമിലേക്ക് പരിഗണിക്കാവുന്നതാണ്. നിലവിൽ മോശം ഫോമിലുള്ള ഋഷഭ് പന്ത്, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ എന്നിവർക്കെല്ലാം വീണ്ടും വീണ്ടും അവസരം നൽകുമ്പോൾ, ലഭിച്ച അവസരം മികച്ച രീതിയിൽ പ്രയോജനപ്പെടുത്തിയ സഞ്ജുവിനെ തഴയുന്നത് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കിടയിലും വിയോജിപ്പിന് കാരണമായിട്ടുണ്ട്.