ഋഷഭിന് വേണ്ടി സഞ്ജുവിനെ തട്ടി ബിസിസിഐ ; സെലക്ടർമാരെ കടുത്ത ഭാഷയിൽ വിമർശിച്ച് സംസ്ഥാന മന്ത്രി

ടി20 ലോകകപ്പിൽ നിന്ന് ഫൈനൽ കാണാതെ ഇന്ത്യ പുറത്തായതിന്റെ കാരണം സെലക്ടർമാരുടെ ക്വാട്ട തിരിച്ചുള്ള വിഭാഗീയമായ തിരഞ്ഞെടുപ്പ് ആണെന്ന്, സംസ്ഥാന വിദ്യാഭ്യാസകാര്യ മന്ത്രി വി ശിവൻകുട്ടി ആരോപിച്ചു. കടുത്ത സഞ്ജു സാംസൺ ആരാധകനായ മന്ത്രി, ലോകകപ്പ് സ്ക്വാഡിലേക്ക് മലയാളി വിക്കറ്റ് കീപ്പറെ ഉൾപ്പെടുത്താത്തതിനെതിരെ നേരത്തെ തന്നെ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ, ഇപ്പോൾ ടീം ഇന്ത്യ ലോകകപ്പിൽ നിന്ന് പുറത്തായപ്പോൾ, സെലക്ടർമാർക്ക് എതിരെയുള്ള തന്റെ വിമർശനങ്ങൾ കടുപ്പിച്ചിരിക്കുകയാണ് ശിവൻകുട്ടി.

ലോകകപ്പിൽ ഋഷഭ് പന്ത്, ദിനേശ് കാർത്തിക് എന്നിവരെ ഉൾപ്പെടുത്തിയതോടെയാണ്‌ മികച്ച ഫോമിൽ ഉണ്ടായിരുന്ന സഞ്ജു സാംസണെ സെലക്ടർമാർ തഴഞ്ഞത്. ഇക്കാര്യമാണ് മന്ത്രി ഇപ്പോൾ വീണ്ടും ചൂണ്ടിക്കാണിച്ചിരിക്കുന്നത്. “ഈ തോൽവിക്ക് കാരണം ബിസിസിഐയും സെലക്ടർമാരുമാണ്. വിക്കറ്റ് കീപ്പർ/ ബാറ്ററായി ലോകകപ്പ് ടീമിൽ ഇടം പിടിച്ചത് ഋഷഭ് പന്തും ദിനേശ് കാർത്തിക്കുമാണ്. ഇരുവരുടെയും ലോകകപ്പിലെ പ്രകടനം ഒന്ന് പരിശോധിച്ചു നോക്കുക. ഒരു കളിയിൽ പോലും രണ്ടക്കം കടക്കാൻ ഇരുവർക്കും ആയിട്ടില്ല,” മന്ത്രി പറയുന്നു.

sanju 8

“മികച്ച പവർ ഹിറ്ററായ, ഫോമിലുള്ള, മികച്ച ശരാശരിയുള്ള സഞ്ജു സാംസണെ തഴഞ്ഞാണ് ഇരുവരെയും ടീമിൽ എടുത്തത്. ഇത് തികഞ്ഞ അനീതി ആണെന്ന് ഞാൻ ആ ഘട്ടത്തിൽ തന്നെ വ്യക്തമാക്കിയത്,” വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഫോം ഔട്ട്‌ ആയ ഋഷഭ് പന്തിനെ ടീമിൽ നിലനിർത്തുന്നതിനെ കടുത്ത ഭാഷയിൽ ശിവൻകുട്ടി വിമർശിച്ചു. “വരാൻ പോകുന്ന ന്യൂസിലൻഡ് പരമ്പരയിൽ ഏകദിനത്തിലും ടി ട്വന്റിയിലും വൈസ് ക്യാപ്റ്റൻ ആയിട്ടാണ് ഋഷഭ് പന്തിനെ നിയോഗിച്ചിട്ടുള്ളത്. അതായത് എങ്ങിനെ ഫോം ഔട്ട്‌ ആണെങ്കിലും ടീമിൽ നിലനിർത്തുക എന്നതാണ് അജണ്ട,” മന്ത്രി തന്റെ ഫേസ്ബുക്ക് ഹാൻഡിൽ കുറിച്ചു.

വരാനിരിക്കുന്ന ബംഗ്ലാദേശ് പരമ്പരക്കുള്ള ഏകദിന സ്ക്വാഡിൽ സഞ്ജുവിനെ ഉൾപ്പെടുത്താതിരുന്ന സെലക്ടർമാരുടെ തീരുമാനത്തെയും മന്ത്രി പരാമർശിച്ചു. “ബംഗ്ലാദേശ് പരമ്പരയ്ക്കുള്ള ഏകദിന ടീമിനെ പ്രഖ്യാപിച്ചിട്ടുണ്ട്. അതിലും ഋഷഭ് പന്ത്‌ ഉണ്ട്, സഞ്ജു ഇല്ല താനും. ബിസിസിഐ എന്ന് ഈ ക്വാട്ട കളി നിർത്തും? ഉറപ്പായിരുന്ന ലോകകപ്പ് കിരീടം തട്ടിത്തെറിപ്പിച്ചത് പക്ഷപാതിത്വം മൂലമാണെന്ന് ഞാൻ ഉറക്കെ തന്നെ വിളിച്ചു പറയും,” മന്ത്രി പറഞ്ഞു.