കടുത്ത വെയിൽ ചൂട്, ലങ്ക ദുർബല ടീം : കാണികൾ കുറയാനുള്ള കാരണവുമായി മന്ത്രി രംഗത്ത്

ഇന്ത്യ – ശ്രീലങ്ക പരമ്പര അവസാനിച്ചെങ്കിലും, കഴിഞ്ഞ ഞായറാഴ്ച തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഏകദിന മത്സരവുമായി ബന്ധപ്പെട്ടിട്ടുള്ള ചർച്ചകളും വിവാദങ്ങളും കെട്ടടങ്ങിയിട്ടില്ല. സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹ്മാന്റെ ചില പരാമർശങ്ങൾ കാരണമാണ് ഇന്ത്യയുടെ മത്സരം കാണാൻ തിരുവനന്തപുരം സ്റ്റേഡിയത്തിൽ കാണികൾ കുറഞ്ഞുപോയത് എന്ന് വലിയ രീതിയിൽ പ്രചാരണം ഉണ്ടായിരുന്നു. ഇപ്പോൾ ഇക്കാര്യത്തിൽ തന്റെ ഭാഗം വിശദീകരിച്ചിരിക്കുകയാണ് സംസ്ഥാന കായിക മന്ത്രി.

തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ടിക്കറ്റ് നിരക്കുകൾ, ഇന്ത്യയിലെ മറ്റു മെട്രോ നഗരങ്ങളിലെ ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലെ ടിക്കറ്റ് നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ഉയർന്നതാണ് എന്ന് കായിക മന്ത്രി പറഞ്ഞു. എന്നാൽ, ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നത് കേരള ക്രിക്കറ്റ് അസോസിയേഷൻ ആണെന്നും, ഇക്കാര്യത്തിൽ സർക്കാറിന് ഇടപെടുന്നതിൽ പരിമിതിയുണ്ട് എന്നും കായിക മന്ത്രി പറഞ്ഞു. എന്നിരുന്നാലും, കെസിഎയോട് ടിക്കറ്റ് നിരക്ക് കുറക്കാൻ സർക്കാർ ആവശ്യപ്പെട്ടു എന്നും, എന്നാൽ അവർ അക്കാര്യത്തിൽ സ്വീകാര്യമായ നടപടി സ്വീകരിച്ചില്ല എന്നും മന്ത്രി വി അബ്ദുറഹ്മാൻ കുറ്റപ്പെടുത്തി.

“ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നത് അതത് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളാണ്. കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ- ശ്രീലങ്ക ഏകദിന മത്സരത്തിന് ഉയര്‍ന്ന ടിക്കറ്റ് നിരക്കാണ് നിശ്ചയിച്ചത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ അതു കുറയ്ക്കാന്‍ ബന്ധപ്പെട്ട ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളോട് ആവശ്യപ്പെട്ടതാണ്. എന്നാല്‍, അനുകൂല നടപടി ഉണ്ടായില്ല. ഇക്കാര്യത്തില്‍ പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട്, പാവപ്പെട്ടവര്‍ കളി കാണണ്ട എന്നാകും ക്രിക്കറ്റ് ഭാരവാഹികളുടെ നിലപാട്, എന്നു സൂചിപ്പിച്ച് മറുപടി പറഞ്ഞതിനെ പട്ടിണിക്കാര്‍ കളി കാണണ്ട എന്നു മന്ത്രി പറഞ്ഞുവെന്ന് പ്രചരിപ്പിക്കുകയും ചെയ്തു,” വി അബ്ദുറഹ്മാൻ തന്റെ ഫേസ്ബുക്ക് ഹാൻഡിൽ കുറിച്ചു.

കെസിഎ ടിക്കറ്റ് നിരക്ക് കുറക്കാൻ തയ്യാറായില്ലെങ്കിലും, സർക്കാരും കോർപ്പറേഷനും സാധ്യമായ നിലയിൽ ടാക്സ് വെട്ടിച്ചുരുക്കി എന്നും കായിക മന്ത്രി പറഞ്ഞു. കൂടുതൽ ആളുകളെ തിരുവനന്തപുരം സ്റ്റേഡിയത്തിൽ എത്തിക്കാൻ ആണ് താനും സർക്കാരും ശ്രമിച്ചത് എന്നും, എന്നാൽ ചില എതിരാളികൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ തന്റെ ചില പ്രസ്താവനകൾ വികലമായി അവതരിപ്പിക്കുകയായിരുന്നു എന്നും സംസ്ഥാന കായിക മന്ത്രി അബ്ദുറഹ്മാൻ പറഞ്ഞു.

Rate this post