സഞ്ജുവിനായി സച്ചിനോട് തർക്കിച്ച് മന്ത്രി!! സച്ചിന്റെ വാക്കുകൾ ശരിയായില്ലെന്ന് മന്ത്രി

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ഫൈനൽ മത്സരത്തിന് തയ്യാറെടുക്കുകയാണ് രാജസ്ഥാൻ റോയൽസും ഗുജറാത്ത്‌ ടൈറ്റൻസും. ഒരു മലയാളി നായകന്റെ കീഴിൽ ഒരു ഐപിഎൽ ഫ്രാഞ്ചൈസി ഫൈനലിലെത്തിയ സന്തോഷത്തിലാണ് മലയാളികൾ എല്ലാവരും. സോഷ്യൽ മീഡിയയിൽ കായിക – സിനിമ സാംസ്കാരിക – രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ എല്ലാവരും സഞ്ജുവിനും രാജസ്ഥാൻ റോയൽസിനും ആശംസകൾ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

ഇതിനിടെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ സഞ്ജു സാംസണെതിരെ നടത്തിയ പരാമർശത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുകയാണ് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഐപിഎൽ രണ്ടാം ക്വാളിഫയർ മത്സരത്തിൽ സഞ്ജു സാംസൺ വാനിന്ദു ഹസരംഗക്കെതിരെ മോശം ഷോട്ട് കളിച്ചത് കൊണ്ടാണ് പുറത്തായതെന്നും, യഥാർത്ഥത്തിൽ ആ സ്ട്രോക് ഷോട്ട് കളിക്കാതെ, ടീമിനെ നേരത്തെ തന്നെ ജയത്തിലേക്ക് നയിക്കാൻ സഞ്ജുവിന് ആകുമായിരുന്നു എന്നുമാണ് സച്ചിൻ അഭിപ്രായപ്പെട്ടത്.

എന്നാൽ, ഐപിഎൽ ഫൈനൽ നടക്കാനിരിക്കെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ നടത്തിയ സഞ്ജുവിനെതിരായ വിമർശനം അനുചിതമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ചാരത്തിൽ നിന്ന് ഉയിർത്തെഴുന്നേറ്റ് ഫൈനലിൽ എത്തിയിരിക്കുകയാണ്സ.ഞ്ജു സാംസൺ നേതൃത്വം നൽകുന്ന രാജസ്ഥാൻ റോയൽസെന്നും, ഒരു മലയാളി ഇത്തരമൊരു ഉന്നതിയിലേക്ക് ഒരു ക്രിക്കറ്റ് ടീമിനെ നയിക്കുന്നത് ചരിത്രമാണെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

“ഐപിഎൽ ഫൈനൽ നടക്കാനിരിക്കെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ നടത്തിയ സഞ്ജു വിമർശനം അനുചിതമാണെന്ന് സൂചിപ്പിക്കാൻ ആഗ്രഹിക്കുകയാണ്. ചാരത്തിൽ നിന്ന് ഉയിർത്തെഴുന്നേറ്റ് ഫൈനലിൽ എത്തിയിരിക്കുകയാണ് സഞ്ജു സാംസൺ നേതൃത്വം നൽകുന്ന രാജസ്ഥാൻ റോയൽസ്. ഒരു മലയാളി ഇത്തരമൊരു ഉന്നതിയിലേക്ക് ഒരു ക്രിക്കറ്റ് ടീമിനെ നയിക്കുന്നത് ചരിത്രമാണ്. ഇതുവരെയുള്ള ഫോം തുടർന്നാൽ കപ്പ് ഉയർത്താനുള്ള ശേഷി ആ ടീമിനും സഞ്ജുവിന്റെ നായക സ്ഥാനത്തിനുമുണ്ട്. ഈ അവസരത്തിൽ ആത്മവിശ്വാസം കെടുത്തുന്ന പരാമർശം സച്ചിനെപ്പോലുള്ള ഉന്നത കളിക്കാരനിൽ നിന്ന് ഉണ്ടാകരുതായിരുന്നു,” മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.