കില്ലർ മില്ലർ ഫിനിഷിങ് ചെന്നൈ ചാരം 😱😱അവസാന ഓവറിൽ ത്രില്ലിംഗ് ജയം

പൂനെയിലെ എംസിഎ സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ 15-ാം പതിപ്പിലെ 29-ാം മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സിനെ ഗുജറാത്ത് ടൈറ്റൻസ് 3 വിക്കറ്റിന് തോൽപ്പിച്ചു. സിഎസ്കെ സീസണിലെ അവരുടെ രണ്ടാം ജയം സ്വന്തമാക്കും എന്ന് തോന്നിപ്പിച്ചെങ്കിലും, ഗുജറാത്ത്‌ ടൈറ്റൻസിന്റെ ദക്ഷിണാഫ്രിക്കൻ സ്റ്റാർ ബാറ്റർ ഡേവിഡ് മില്ലർ, സിഎസ്കെയുടെ പ്രതീക്ഷകളെ തകർത്തെറിയുകയായിരുന്നു.

മത്സരത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ സിഎസ്കെ, ഓപ്പണർ രതുരാജ് ഗെയ്ക്വാദ് (73), അമ്പാട്ടി റായിഡു (46) എന്നിവരുടെ ബാറ്റിംഗ് കരുത്തിൽ നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് കണ്ടെത്തിയിരുന്നു. ഗുജറാത്ത്‌ ടൈറ്റൻസിനായി ആദ്യ മത്സരം കളിക്കുന്ന അൽസാരി ജോസഫ് 2 വിക്കറ്റ് വീഴ്ത്തി.

170 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഗുജറാത്ത്‌ ടൈറ്റൻസിന് ഇന്നിംഗ്സിന്റെ തുടക്കത്തിൽ തന്നെ വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. പ്രധാന ബാറ്റർമാരായ വ്രിദ്ധിമാൻ സാഹ (11), ശുഭ്മാൻ ഗിൽ (0), വിജയ് ശങ്കർ (0), അഭിനവ് മനോഹർ (12), രാഹുൽ തിവാതിയ (6) എന്നിവർ അതിവേഗം കൂടാരം കയറിയപ്പോൾ, ഒരറ്റത്ത് ഉറച്ച് നിന്ന് ടീമിനെ മുന്നോട്ട് നയിച്ചത് ഡേവിഡ് മില്ലറാണ്.

51 പന്തിൽ 8 ഫോറും 6 സിക്സും ഉൾപ്പടെ 94 റൺസെടുത്ത് പുറത്താകാതെ നിന്ന ആരാധകർ ‘കില്ലർ മില്ലർ’ എന്ന് വിളിക്കുന്ന ഡേവിഡ് മില്ലറുടെ വെടിക്കെട്ട് ബാറ്റിംഗാണ് സിഎസ്കെയുടെ കയ്യിൽ നിന്ന് ജയം തട്ടിയെടുത്ത് ഗുജറാത്തിന് ജയം സമ്മാനിച്ചത്. അവസാന ഓവറിന് മുമ്പ് വാലറ്റത്ത് പിടിച്ചുനിന്ന് 40 റൺസെടുത്ത റാഷിദ്‌ ഖാനെക്കൂടി നഷ്ടമായെങ്കിലും മനോധൈര്യം ചോരാതെ പോരാടിയ മില്ലർ അവസാന ഓവറിൽ ക്രിസ് ജോർദാനെതിരെ 12 റൺസ് നേടി ടീമിനെ ജയത്തിലേക്ക് നയിച്ചു.