ഹാട്രിക്ക് സിക്സ്!!!മില്ലർ വെടിക്കെട്ട് : ഫൈനലിലേക്ക് കുതിച്ചു ഹാർദിക്കും ടീമും

ഐപിൽ പതിനഞ്ചാം സീസണിൽ ഒരിക്കൽ കൂടി തന്റെ ബാറ്റിംഗ് ഫോം തുടർന്ന് ഡേവിഡ് മില്ലർ. മില്ലർ ഒരുക്കിയ അവസാന ഓവർ വെടിക്കെട്ട് ബാറ്റിങ് മികവിൽ മിന്നും ജയം സ്വന്തമാക്കി ഗുജറാത്തിന്റെ തേരോട്ടം. അത്യന്തം നാടകീയത നിറഞ്ഞ് നിന്ന ഒന്നാം ക്വാളിഫൈറിൽ 7 വിക്കെറ്റ് ജയം നേടിയാണ് ഹാർദിക്ക് പാണ്ട്യയും സംഘവും ജയവും ഫൈനൽ പ്രവേശനവും ഉറപ്പാക്കിയത്.പ്രഥമ സീസണിൽ തന്നെ ഫൈനലിലേക്ക് ഇടം നേടാൻ ഗുജറാത്തിന് സാധിച്ചു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് ടീം 6 വിക്കറ്റുകൾ നഷ്ടത്തിൽ 188 റൺസ്‌ അടിച്ചെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിൽ ബാറ്റ്‌സ്മാന്മാർ എല്ലാം തന്നെ താളം കണ്ടെത്തിയതോടെ ഗുജറാത്തിന്റെ വിജയം എളുപ്പമായി.189 റൺസ്‌ ടാർജറ്റ്‌ പിന്തുടർന്ന് കളിക്കാനായി ഇറങ്ങിയ ഗുജറാത്തിന് വേണ്ടി ഗിൽ (35 റൺസ്‌ ), വേഡ് (35 റൺസ്‌ ) ഹാർദിക്ക് പാണ്ട്യ (40 റൺസ്‌ )എന്നിവർ തിളങ്ങിയപ്പോൾ വളരെ അധികം ശ്രദ്ധേയമായി മാറിയത് ഡേവിഡ് മില്ലറുടെ വെടികെട്ട് ബാറ്റിങ് തന്നെ.

അവസാന ഓവറുകളിൽ രാജസ്ഥാൻ റോയൽസ് ടീം പ്ലാനുകൾ എല്ലാം തന്നെ തകർത്ത മില്ലർ വെറും 38 ബോളിൽ മൂന്ന് ഫോറും 5 സിക്സും അടക്കം 68 റൺസ്‌ നേടി.അവസാന ഓവറിൽ 17 റൺസ്‌ വേണമെന്നിരിക്കെ ക്രീസിൽ നിന്ന ഡേവിഡ് മില്ലർ തുടർച്ചയായ മൂന്ന് സിക്സ് നേടി ടീമിന് ഫൈനൽ പ്രവേശനം എളുപ്പമാക്കി.

എന്നാൽ ഒന്നാം ക്വാളിഫൈറിൽ തോൽവി വഴങ്ങി എങ്കിലും നാളത്തെ എലിമിനേറ്റർ മത്സരത്തിലെ വിജയിയെ രണ്ടാമത്തെ ക്വാളിഫൈറിൽ രാജസ്ഥാൻ നേരിടും. മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ടീമിന്റെ ടോപ് സ്കോററായത് ജോസ് ബട്ട്ലർ തന്നെ. താരം 56 ബോളിൽ 12 ഫോറും രണ്ടും സിക്സ് അടക്കം 89 റൺസ്‌ നേടിയപ്പോൾ ക്യാപ്റ്റൻ സഞ്ജു സാംസൺ 47 റൺസ്‌ അടിച്ചെടുത്തു.