ദൈവത്തിന്റെ പോരാളികൾക്ക് വീണ്ടും ജയം!! 5 വിക്കെറ്റ് സൂപ്പർ ജയവുമായി മുംബൈ ഇന്ത്യൻസ്

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ വാങ്കഡെയിൽ മുട്ടുകുത്തിച്ച് മുംബൈ ഇന്ത്യൻസിന്റെ തകർപ്പൻ തിരിച്ചുവരവ്. ആദ്യ മത്സരങ്ങളിൽ പരാജയത്തോടെ തുടങ്ങിയ മുംബൈ തങ്ങളുടെ ഫുൾ ഫ്ലോയിൽ തിരിച്ചെത്തിയതിന്റെ തെളിവാണ് വാങ്കടെയിൽ നടന്ന മത്സരം. മത്സരത്തിൽ 5 വിക്കറ്റുകളുടെ വിജയമാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. ഈ വിജയത്തോടെ 2023 ഐപിഎല്ലിൽ തങ്ങളുടെ ശക്തി വ്യക്തമാക്കാൻ മുംബൈ പടയ്ക്ക് സാധിച്ചിട്ടുണ്ട്. മുൻനിര ബാറ്റർമാരുടെ വെടിക്കെട്ട് പ്രകടനമായിരുന്നു മത്സരത്തിൽ മുംബൈയെ വിജയത്തിലെത്തിച്ചത്.

വാങ്കടയിൽ ടോസ് നേടിയ മുംബൈ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗിന് പൂർണമായും അനുകൂലമായ പിച്ചിൽ കൊൽക്കത്തക്കായി വെങ്കിടേഷ് അയ്യർ അടിച്ചു തകർത്തു. മറ്റു ബാറ്റർമാരൊക്കെയും റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയ മൈതാനത്ത് വെങ്കിടേഷ് അയ്യരുടെ തേരോട്ടം തന്നെയായിരുന്നു കാണാൻ സാധിച്ചത്. 2023 ഐപിഎല്ലിലെ ഒരു ഇന്ത്യക്കാരന്റെ ആദ്യ സെഞ്ചുറി വെങ്കിടേഷ് മത്സരത്തിൽ നേടി. 49 പന്തുകളിൽ നിന്നായിരുന്നു അയ്യർ തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. മത്സരത്തിൽ 51 പന്തുകളില്‍ 6 ബൗണ്ടറികളും 9 സിക്സറുകളുമടക്കം 104 റൺസ് അയ്യർ നേടുകയുണ്ടായി. ശേഷം അവസാന ഓവറുകളിൽ 11 പന്തുകളിൽ 21 റൺസ് നേടിയ ആൻഡ്രേ റസ്സൽ കൂടി നിറഞ്ഞാടിയതോടെ കൊൽക്കത്ത 185ന് 6 എന്ന സ്കോറിൽ എത്തുകയായിരുന്നു.

മറുപടി ബാറ്റിംഗിൽ തുടക്കം മുതൽ അടിച്ചു തകർക്കുന്ന മുംബൈ ബാറ്റർമാരെയാണ് കാണാൻ സാധിച്ചത്. ആദ്യ ഓവറുകൾ മുതൽ ഇഷാൻ കിഷനും രോഹിത് ശർമയും കൊൽക്കത്തൻ ബോളന്മാർക്ക് മേൽ താണ്ഡവമാടി. ഇഷാൻ മത്സരത്തിൽ 25 പന്തുകളിൽ 5 ബൗണ്ടറികളും 5 സിക്സറുകളും ഉൾപ്പെടെ 58 റൺസാണ് നേടിയത്. 13 പന്തുകളിൽ 20 നേടിയ രോഹിത് ശർമയും ഇഷാന് പിന്തുണ നൽകി. മൂന്നാമനായി ക്രീസിലേത്തിയ സൂര്യകുമാർ യാദവും അടിച്ചു തുടങ്ങിയതോടെ മുംബൈ അനായാസമായി ലക്ഷ്യത്തിലേക്ക് നീങ്ങുകയായിരുന്നു. സൂര്യകുമാർ യാദവ് മത്സരത്തിൽ 25 പന്തുകളിൽ 43 റൺസാണ് നേടിയത്. ഒപ്പം തിലക് വർമ്മ 25 പന്തുകളിൽ 30 റൺസ് നേടി. അവസാന ഓവറുകളിൽ ടീം ഡേവിഡും(24*) നിറഞ്ഞാടിയതോടെ മുംബൈ മത്സരത്തിൽ വിജയത്തിലെത്തുകയായിരുന്നു.

മത്സരത്തിൽ 5 വിക്കറ്റുകളുടെ വിജയമാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയിരിക്കുന്നത്. മുംബൈയുടെ 2023 ഐപിഎല്ലിലെ രണ്ടാം വിജയമാണിത്. ആദ്യ രണ്ടു മത്സരങ്ങളും പരാജയത്തോടെ തുടങ്ങിയ മുംബൈയെ സംബന്ധിച്ച് ഇത് വലിയൊരു തിരിച്ചുവരവ് തന്നെയാണ്. കഴിഞ്ഞ സീസണുകളിലൊക്കെയും ഇത്തരത്തിൽ ആദ്യ മത്സരങ്ങളിൽ പരാജയമറിഞ്ഞശേഷം മുംബൈ അതിവിദഗ്ധമായി തിരിച്ചു വന്നിരുന്നു. മറുവശത്ത് കൊൽക്കത്തയെ സംബന്ധിച്ച് കഴിഞ്ഞ മത്സരങ്ങളിലെ പരാജയം വമ്പൻ പ്രശ്നങ്ങളാണ് ടീമിൽ ഉണ്ടാക്കിയിരിക്കുന്നത്.

Rate this post