കുതിച്ചു ഉയർന്നു പാന്ധ്യ പട.. തോൽവിയിൽ മുങ്ങി രോഹിത് മുംബൈ ഇന്ത്യൻസ്

മുംബൈയെ ഞെട്ടിച്ച് ഗുജറാത്തിന്റെ പടയോട്ടം. അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ 55 റൺസിന്റെ വിജയമാണ് ഗുജറാത്ത് സ്വന്തമാക്കിയത്. വളരെ പ്രതീക്ഷയോടെയെത്തിയ മുംബൈയെ മത്സരത്തിലുടനീളം സമ്മർദ്ദത്തിലാക്കുന്ന പ്രകടനമാണ് ഗുജറാത്ത് കാഴ്ചവച്ചത്. ബാറ്റിംഗിൽ ഗുജറാത്തിനായി ശുഭമാൻ ഗില്ലും ഡേവിഡ് മില്ലറും അഭിനവ് മനോഹറും തിളങ്ങിയപ്പോൾ, ബോളിംഗിൽ സ്പിന്നർമാരുടെ നിറഞ്ഞാട്ടം തന്നെയാണ് കാണാൻ സാധിച്ചത്. എല്ലാത്തരത്തിലും പോസിറ്റീവുകൾ മാത്രം എടുത്തു പറയാൻ സാധിക്കുന്ന മത്സരമാണ് ഗുജറാത്തിനെ സംബന്ധിച്ച് അഹമ്മദാബാദിൽ നടന്നത്.

അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബോളിംഗ് തിരഞ്ഞെടുത്തു. ബാറ്റിംഗിന് ഇറങ്ങിയ ഗുജറാത്തിന് ഓപ്പണർ സാഹയെ (4) തുടക്കത്തിൽ തന്നെ നഷ്ടമായി. എന്നാൽ ഒരുവശത്ത് ശുഭ്മാൻ ഗിൽ ഉറച്ചു നിൽക്കുന്നതാണ് കാണാൻ സാധിച്ചത്. ഗിൽ മത്സരത്തിൽ 34 പന്തുകളിൽ 56 റൺസ് നേടി. 7 ബൗണ്ടറികളും ഒരു സിക്സറും ഗില്ലിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു. ഒപ്പം അവസാന ഓവറുകളിൽ മില്ലറും അഭിനവ് മനോഹറും രാഹുൽ തിവാട്ടിയയും നിറഞ്ഞാടിയപ്പോൾ ഗുജറാത്തിന്റെ സ്കോർ കുതിക്കുകയായിരുന്നു. മില്ലർ മത്സരത്തിൽ 22 പന്തുകളിൽ 2 ബൗണ്ടറികളും 4 സിക്സറുകളുമടക്കം 46 റൺസാണ് നേടിയത്. അഭിനവ് മനോഹർ മത്സരത്തിൽ 21 പന്തുകളിൽ 3 ബൗണ്ടറികളും 3 സിക്സറുകളുമടക്കം 42 റൺസ് നേടി. തീവാട്ടിയ 5 പന്തുകളിൽ നിന്ന് 20 റൺസ് നേടി ഫിനിഷിംഗ് നടത്തി. ഇതോടെ ഗുജറാത്തിന്റെ സ്കോർ 207 ൽ എത്തുകയായിരുന്നു.

മറുപടി ബാറ്റിംഗിൽ വളരെ മോശം തുടക്കം തന്നെയായിരുന്നു മുംബൈക്ക് ലഭിച്ചത്. ആദ്യ ഓവറുകളിൽ സ്കോറിങ് റേറ്റ് വേണ്ട രീതിയിൽ ഉയർത്താൻ മുംബൈയ്ക്ക് സാധിച്ചില്ല. മാത്രമല്ല നായകൻ രോഹിത് ശർമ കേവലം 2 റൺസെടുത്ത് കൂടാരം കയറുകയും ചെയ്തു. പിന്നീട് ഗുജറാത്തിന്റെ സ്പിൻ അറ്റാക്ക് എത്തിയതോടെ മുംബൈ മുൻനിര തകർന്നടിയുകയായിരുന്നു. 26 പന്തുകളിൽ 33 റൺസ് നേടിയ ക്യാമറോൺ ഗ്രീൻ മാത്രമാണ് മുംബൈ മുൻനിരയിൽ അല്പമെങ്കിലും പിടിച്ചുനിന്നത്. ബാക്കിയുള്ള ബാറ്റർമാർ റാഷിദിന്റെയും നൂർ അഹമ്മദിനെയും സ്പിൻ ബോളിങ്ങിന് മുൻപിൽ അടിയറവ് പറയുകയായിരുന്നു. ഇങ്ങനെ മുംബൈ 59ന് 5 എന്നാ നിലയിൽ തകർന്നു.

ശേഷം മുംബൈയെ തിരികെ മത്സരത്തിലേക്ക് കൊണ്ടുവരാൻ സൂര്യകുമാർ ശ്രമിക്കുകയുണ്ടായി. മത്സരത്തിൽ 12 പന്തുകളിൽ 23 റൺസ് സൂര്യ നേടി. എന്നാൽ കൃത്യമായ ഇടവേളയിൽ സൂര്യയെ വീഴ്ത്താൻ ഗുജറാത്ത് ബോളർമാർക്ക് സാധിച്ചു. ഒപ്പം അവസാന ഓവറിൽ നേഹൽ വദേര മുംബൈയ്ക്കായി പൊരുതുകയുണ്ടായി. വദേര മത്സരത്തിൽ 21 പന്തുകളിൽ 40 റൺസ് ആണ് നേടിയത്. എന്നാൽ വിജയലക്ഷ്യം ഒരുപാട് അകലെയായിരുന്നതിനാൽ ഈ ശ്രമങ്ങൾ വിഫലമാവുകയായിരുന്നു.

Rate this post