റബാഡ മുതൽ റാഷിദ്‌ ഖാൻ വരെ!! യ മണ്ടൻ ടീമിനെ സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്

ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുടെ നേതൃത്വത്തിൽ ആരംഭിക്കാനിരിക്കുന്ന ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗിലെ മുഴുവൻ ടീമുകളെയും ഐപിഎൽ ഫ്രാഞ്ചൈസി ഉടമകളാണ് സ്വന്തമാക്കിയത് എന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ലീഗിൽ പങ്കെടുക്കുന്ന 6 ഫ്രാഞ്ചൈസികളുടെയും പേരുകൾ, ക്രിക്ബസ് പുറത്തുവിട്ടിരുന്നു. ഇപ്പോൾ ഓരോ ഫ്രാഞ്ചൈസികളോടും, ഒരു അൺ ക്യാപ്പ്ഡ് താരത്തെ ഉൾപ്പെടെ അഞ്ച് താരങ്ങളുടെ ലിസ്റ്റ് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ഒരു രാജ്യത്തുനിന്ന് രണ്ടിൽ കൂടുതൽ കളിക്കാർ പാടില്ല എന്ന മാനദണ്ഡവും ബോർഡ് മുന്നോട്ടു വച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ എല്ലാ ഫ്രാഞ്ചൈസികളും, മികച്ച താരങ്ങളെ തന്നെ സ്വന്തമാക്കാൻ പരിശ്രമം നടത്തിവരികയാണ് എന്നാണ് റിപ്പോർട്ടുകൾ. ചില കളിക്കാരെ ഇതിനോടകം തന്നെ ഫ്രാഞ്ചൈസികൾ സ്വന്തമാക്കിയതായും റിപ്പോർട്ടുകൾ പുറത്തുവരുന്നു. പുറത്തുവരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ, മുംബൈ ഇന്ത്യൻസ് ഉടമസ്ഥതയിലുള്ള ഫ്രാഞ്ചൈസി ഇതിനോടകം തന്നെ നാല് കളിക്കാരെ സ്വന്തമാക്കിക്കഴിഞ്ഞു.

ചെന്നൈ സൂപ്പർ കിംഗ്സ് ഉടമകളുടെ ഉടമസ്ഥതയിലുള്ള ഫ്രാഞ്ചൈസി, ചെന്നൈ സൂപ്പർ കിംഗ്സിന്റെ മുൻ താരവും മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റനുമായ ഫാഫ് ഡ്യൂപ്ലസിസ്, ചെന്നൈ സൂപ്പർ കിംഗ്സിന്റെ നിലവിലെ താരമായ ഇംഗ്ലീഷ് ഓൾറൗണ്ടർ മൊയിൻ അലി എന്നിവരെയാണ് സ്വന്തമാക്കിയിരിക്കുന്നത്. അതേസമയം രാജസ്ഥാൻ റോയൽസിന്റെ ഉടമസ്ഥതയിലുള്ള ഫ്രാഞ്ചൈസി നിലവിലെ രാജസ്ഥാൻ റോയൽസ്‌ താരവും ഇംഗ്ലണ്ട് ലിമിറ്റഡ് ഓവർ ക്യാപ്റ്റനുമായ ജോസ് ബട്ട്ലറെ സ്വന്തമാക്കി. ലഖ്നൗ സൂപ്പർ ജിയന്റ്സ് ഉടമകളുടെ ഫ്രാഞ്ചൈസി ക്വിന്റൺ ഡിക്കോക്കിനെ സ്വന്തകമാക്കി.

ഡൽഹി ക്യാപ്പിറ്റൽസിന്റെയും സൺറൈസേഴ്സ് ഹൈദരാബാദിന്റെയും ഉടമസ്ഥതയിലുള്ള ഫ്രാഞ്ചൈസികൾ, യഥാക്രമം അവരുടെ ഐപിഎൽ ടീമിന്റെ ഭാഗമായ ദക്ഷിണാഫ്രിക്കൻ താരങ്ങളായ ആൻറിച്ച് നോട്ജെ, ഐഡൻ മാർക്രം എന്നിവരെ സ്വന്തമാക്കി. മുംബൈ ഇന്ത്യൻസ്‌ ഉടമകളുടെ ഉടമസ്ഥതയിലുള്ള ഫ്രാഞ്ചൈസി ഇതിനോടകം റാഷിദ്‌ ഖാൻ, കാഗിസോ റബാഡ, സാം കറൻ, ലിയാം ലിവിങ്സ്റ്റൺ എന്നിവരെ സ്വന്തമാക്കിയതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു.