തീതുപ്പി ദൈവ പുത്രൻ😵‍💫 മാസ്സ് ജയവുമായി മുബൈ ഇന്ത്യൻസ്

ഹൈദരാബാദിനെ പിടിച്ചുകെട്ടി മുംബൈ ഇന്ത്യൻസിന് തകർപ്പൻ വിജയം. ടൂർണമെന്റിലെ തങ്ങളുടെ മൂന്നാം വിജയമാണ് മുംബൈ ഇന്ത്യൻസ് സൺറൈസേഴ്സിനെതിരെ നേടിയത്. മത്സരത്തിൽ 14 റൺസിനായിരുന്നു മുംബൈയുടെ വിജയം. ക്യാമറോൺ ഗ്രീനിന്റെ ബാറ്റിംഗ് മികവും അവസാന ഓവറിൽ അർജുൻ ടെണ്ടുൽക്കറുടെ കൃത്യതയുമാണ് മുംബൈയെ വിജയത്തിൽ എത്തിച്ചത്. ആദ്യ 2 മത്സരങ്ങളിൽ പരാജയപ്പെട്ട് തുടങ്ങിയ മുംബൈയ്ക്ക് ഒരുപാട് ആത്മവിശ്വാസം നൽകുന്നതാണ് ഈ വിജയം.

ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ ടോസ് നേടിയത് സൺറൈസേഴ്സ് ഹൈദരാബാദ് ആയിരുന്നു. തെല്ലും മടിക്കാതെ തന്നെ ഹൈദരാബാദ് ബോളിംഗ് തെരഞ്ഞെടുത്തു. അടിച്ചു തൂക്കുക എന്ന ലക്ഷ്യം മാത്രം മുന്നിൽ കണ്ടുകൊണ്ടാണ് മുംബൈ ഓപ്പണർമാർ ആരംഭിച്ചത്. രോഹിത് ശർമയും ഇഷാൻ കിഷനും ആദ്യ ഓവറുകളിൽ തീ ഗോളങ്ങളായി മാറി. രോഹിത് ശർമ 18 പന്തുകളിൽ 28 റൺസ് ആയിരുന്നു നേടിയത്. കിഷൻ 31 പന്തുകളിൽ 38 റൺസ് നേടി. എന്നാൽ പിന്നീടെത്തിയ ക്യാമറോൺ ഗ്രീനായിരുന്നു മുംബൈ ഇന്നിങ്സിന്റെ നെടുംതൂണായത്. ഇന്നിങ്സിലെ അവസാന ഓവർ വരെ മുംബൈയുടെ കാവലാളായി ഗ്രീൻ തുടർന്നു. മത്സരത്തിൽ 40 പന്തുകൾ നേരിട്ട ഗ്രീൻ 64 റൺസാണ് നേടിയത്. ഇന്നിംഗ്സിൽ 6 ബൗണ്ടറികളും രണ്ട് സിക്സറുകളും ഉൾപ്പെട്ടു. ഒപ്പം അവസാന ഓവറുകളിൽ 17 പന്തുകളിൽ 37 റൺസ് നേടിയ തിലക് വർമയും, 11 പന്തുകളിൽ 16 റൺസ് നേടിയ ടീം ഡേവിഡും നിറഞ്ഞാടിയതോടെ മുംബൈ 192 എന്ന വമ്പൻ സ്കോറിൽ എത്തുകയായിരുന്നു.

മറുപടി ബാറ്റിംഗിന് ക്രീസിലെത്തിയ ഹൈദരാബാദിന് മികച്ച തുടക്കം ലഭിച്ചില്ല. വളരെ പ്രതീക്ഷയായിരുന്ന ഹാരി ബ്രുക്കും(9) ത്രിപാതിയും(7) തുടക്കത്തിൽ തന്നെ കൂടാരം കയറി. ശേഷം മായങ്ക് അഗർവാളും ക്യാപ്റ്റൻ മാക്രവും ചേർന്ന് ഹൈദരാബാദിന്റെ സ്കോർ ഉയർത്തുകയായിരുന്നു. മാക്രം 17 പന്തുകളിൽ 22 റൺസ് നേടി. മാക്രത്തിന് പിന്നാലെയേത്തിയ അഭിഷേക് ശർമ(1) സ്കോർബോർഡ് ചലിപ്പിച്ചില്ല. എന്നാൽ പിന്നീടെത്തിയ ക്ലാസൻ മയങ്ക് അഗർവാളിനൊപ്പം തുടർന്നു.മുംബൈ ബോളർമാരെ പഞ്ഞിക്കിട്ട ക്ലാസൻ 16 പന്തുകളിൽ 36 റൺസ് ആയിരുന്നു നേടിയത്. മായങ്ക് അഗർവാൾ 41 പന്തുകളിൽ 48 റൺസ് നേടി.

എന്നാൽ ഇരുവരും പുറത്തായതോടെ ഹൈദരാബാദ് പതറാൻ തുടങ്ങി. അവസാന ഓവറുകളിൽ മുംബൈ ഇന്ത്യൻസ് ബോളർമാർ പിടിമുറുക്കിയതോടെ ഹൈദരാബാദ് പതറി. അവസാന രണ്ട് ഓവറുകളിൽ 24 റൺസായിരുന്നു ഹൈദരാബാദിന് വിജയിക്കാൻ വേണ്ടത്. എന്നാൽ 19ആം ഓവറിൽ കേവലം 4 റൺസ് മാത്രമാണ് ക്യാമറോൺ ഗ്രീൻ വഴങ്ങിയത്. ഒപ്പം അവസാന ഓവറിൽ ദൈവപുത്രൻ അർജുൻ ടെണ്ടുൽക്കർ കൃത്യത കാട്ടിയതോടെ മത്സരത്തിൽ മുംബൈ വിജയം നേടുകയായിരുന്നു. തന്റെ ഐപിഎൽ കരിയറിലെ ആദ്യ വിക്കറ്റും അർജുൻ അവസാന ഓവറിൽ നേടുകയുണ്ടായി.

Rate this post