9 വർഷങ്ങൾക്കുശേഷം വീട്ടിൽ മടങ്ങിയെത്തി ഈ താരം ;Mumbai Indians Player

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ താരമായ കുമാർ കാർത്തികേയ സ്വന്തം വീട്ടിൽ തന്റെ അമ്മയോടോത്ത് നിൽക്കുന്ന ഒരു ചിത്രമാണ് ഇപ്പൊൾ സമൂഹ മാധ്യമങ്ങളിൽ ലൈക്കുകളും കമന്റുകളും ഷയറുകളുമായി നിറഞ്ഞുനിൽക്കുന്നത്. എന്താണ് ഈ ചിത്രത്തിനുള്ള പ്രത്യേകത എന്ന് പലരും അതിശയിച്ചേക്കാം. ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് ഈ കണ്ടുമുട്ടൽ.

കൃത്യമായി പറഞ്ഞാൽ 9 വർഷവും 3 മാസവും മുൻപാണ് താരം അവസാനമായി വീട്ടിലേക്ക് വന്നതും കുടുംബത്തെ കണ്ടതും. ഇത്രയും നാൾ വീട്ടിൽ നിന്ന് മാറി നിന്നത് എന്തുകൊണ്ടാണ് എന്നുള്ളത് അറിയാനുള്ള കൗതുകം എല്ലാവർക്കും കാണും. ജീവിതത്തിൽ എന്തെങ്കിലും നേടിയതിന് ശേഷം മാത്രമേ താൻ ഇനി വീട്ടിലേക്ക് കാലെടുത്തു വയ്ക്കുകയുള്ളു എന്ന ദൃഢനിശ്ചയം എടുത്താണ് കുമാർ വീട്ടിൽ നിന്ന് ഒൻപത് വർഷങ്ങൾക്ക് മുമ്പ് ഇറങ്ങിയത്.

“ഒമ്പത് വർഷങ്ങൾക്ക് ശേഷം കുടുംബത്തെയും അമ്മയെയും കണ്ടു. ഈ നിമിഷം വിവരിക്കാൻ വാക്കുകളില്ല” എന്ന അടിക്കുറിപ്പോടെയാണ് താരം ഈ ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. മുൻപ് ഒരു അഭിമുഖത്തിൽ താരം പറഞ്ഞത്, ഈ നീണ്ട കാലയളവിൽ ഒരുപാട് തവണ അമ്മയും അച്ഛനും തന്നെ വീട്ടിലേക്ക് വരാൻ പറഞ്ഞ് ബന്ധപ്പെട്ടിട്ടുണ്ട്, പക്ഷേ ഞാൻ എന്റെ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനായുള്ള കഠിന പരിശ്രമം നടത്തിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. ഇപ്പൊൾ ഞാൻ ഐപിഎലിൽ കളിച്ചിരിക്കുന്നു, ഇനി ഞാൻ വീട്ടിലേക്ക് മടങ്ങുന്നു എന്നാണ്. ഒരുപാട് നാളത്തെ കഠിനാധ്വാനത്തിന് ശേഷമാണ് അദ്ദേഹത്തിന് മധ്യപ്രദേശ് ടീമിൽ ഇടം ലഭിച്ചത്.

2018 സെപ്റ്റംബറിലാണ് വിജയ് ഹസാരെ ട്രോഫി മത്സരത്തിലൂടെ താരം ലിസ്റ്റ് എ അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം നവംബറിൽ രഞ്ജി ട്രോഫി മത്സരത്തിലൂടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും അരങ്ങേറി. മികച്ച രീതിയിൽ പന്തെറിഞ്ഞു കയ്യടി വാങ്ങിയ പ്രതിഭയെ ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസ് ലേലത്തിൽ എടുക്കുകയായിരുന്നു. കഴിഞ്ഞ സീസണിലെ ആദ്യ മത്സരങ്ങളിൽ പരാജയപ്പെട്ടു ലീഗിൽ നിന്ന് ഏറെക്കുറെ പുറത്താകും എന്ന് ഉറപ്പിച്ച ഘട്ടത്തിൽ തങ്ങളുടെ യുവതാരങ്ങൾക്ക് അവസരം കൊടുക്കാൻ മുംബൈ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് കുമാറിന് ഐപിഎൽ അരങ്ങേറ്റം സാധ്യമായത്. മികച്ച ഇക്കോണമി നിരക്കിൽ പന്തെറിഞ്ഞു നാല് മത്സരങ്ങളിൽ നിന്ന് 5 വിക്കറ്റാണ് സ്വന്തമാക്കിയത്. ഇക്കഴിഞ്ഞ ജൂൺ മാസം മുംബൈയെ കീഴടക്കി രഞ്ജി ട്രോഫി ചാമ്പ്യൻമാരായ മധ്യപ്രദേശ് ടീമിലും അംഗമായിരുന്നു കുമാർ കാർത്തികേയ.